
ക്യാപ്റ്റന്‍സിയിലെ അനുഭവസമ്പത്ത്
ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ ദിനേശ് കാര്‍ത്തികിന്റെ അനുഭവസമ്പത്താണ് ആദ്യത്തെ കാരണം. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നീ ടീമുകളുടെ നായകനായിട്ടുണ്ട്. കെകെആറിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനം കാര്‍ത്തിക് കാഴ്ചവയ്ക്കുകയും ചെയ്തു. 2018ല്‍ കെകെആര്‍ ഐപിഎല്ലിന്റെ പ്ലേഓഫ് കളിച്ചത് അദ്ദേഹത്തിനു കീഴിലായിരുന്നു.

2020 സീസണിന്റെ ആദ്യ പകുതിയിലും കാത്തികായിരുന്നു കെകെആര്‍ നായകന്‍. സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ അദ്ദേഹം ടീമിനു വിജയം നേടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു വ്യക്കമാക്കിയ കാര്‍ത്തിക് നായകസ്ഥാനം ഒയ്ന്‍ മോര്‍ഗനു കൈമാറുകയായിരുന്നു.
ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും പയറ്റിത്തെളിഞ്ഞ ക്യാപ്റ്റനാണ് കാര്‍ത്തിക്. തമിഴ്‌നാട് ടീമിന്റെ നായകനെന്ന നിലയില്‍ പല നേട്ടങ്ങളും കൈവരിക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടു തന്നെ തീര്‍ച്ചയായും ആര്‍സിബിക്കു ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കാര്‍ത്തിക്കിനെ പരിഗണിക്കാവുന്നതാണ്.

സീസണ്‍ മുഴുവന്‍ കളിക്കാനാവും
ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുഴുവനും ലഭ്യമായ താരം കൂടിയാണ് ദിനേശ് കാര്‍ത്തികെന്നത് മറ്റൊരു പ്ലസ് പോയിന്റാണ്. ഗ്ലെന്‍ മാക്‌സ്വെല്ലിനെപ്പോലെയുള്ള വിദേശ താരങ്ങളെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുകയാണെങ്കില്‍ സീസണ്‍ മുഴുവന്‍ അവര്‍ ലഭ്യമാണോയെന്നു കൂടി ഉറപ്പ് വരുത്തണം. കാരണം ദേശീയ ടീമിനൊപ്പം മല്‍സരങ്ങളുണ്ടെങ്കില്‍ പകുതിയില്‍ വച്ച് ഇവര്‍ക്കു പിന്‍മാറേണ്ടി വരും. ചിലരാവട്ടെ സീസണിലെ ആദ്യത്തെ ചില മല്‍സരങ്ങളില്‍ കളിക്കാനുമിടയില്ല.

ഓസ്‌ട്രേലിയന്‍ ടീമിന്റെ പാകിസ്താന്‍ പര്യടനത്തില്‍ നിന്നും മാക്‌സ്വെല്ലിനു വിശ്രമം നല്‍കിയിരിക്കുകയാണ്. എങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പോളിസിയനുസരിച്ച് കരാറുള്ള താരങ്ങള്‍ക്കു അന്താരാഷ്ട്ര പരമ്പര നടക്കുന്ന സമയത്തു ഒരു ഫ്രാഞ്ചൈസി ലീഗിലും പങ്കെടുക്കാന്‍ അനുമതിയില്ല. ഇതു കണക്കിലെടുത്താല്‍ ഏപ്രില്‍ ആറുവരെ മാക്‌സ്വെല്ലിനു ഐപിഎല്ലില്‍ കളിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ അദ്ദേഹത്തെ ആര്‍സിബി നായകനാക്കിയാല്‍ ചുരുങ്ങിയത് സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും കളിക്കില്ലെന്നുറപ്പാണ്.
എന്നാല്‍ കാര്‍ത്തിക്കിന്റെ കാര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. സീസണിന്റെ തുടക്കം മുതല്‍ അവസാനിക്കുന്നതു വരെ അദ്ദേഹം ടീമിനൊപ്പം കാണും. മാത്രമല്ല കാര്‍ത്തിക് നായകനായാല്‍ അതു മാക്‌സ്വെല്ലടക്കമുള്ള താരങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇന്ത്യന്‍ ക്യാപ്റ്റന്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍സി ഓപ്ഷനെന്നതാണ് ദിനേശ് കാര്‍ത്തികിനു മുന്‍തൂക്കം നല്‍കുന്ന മറ്റൊരു ഘടകം. ഏതൊു ഫ്രാഞ്ചൈസിയെ സംബന്ധിച്ചും ഒരു ഇന്ത്യന്‍ താരം നായകസ്ഥാനത്തേക്കു വരുന്നതാണ് ഏറ്റവും നല്ലതെന്നു കാണാം. കാരണം പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെന്ന നിബന്ധനയുള്ളതിനാല്‍ ഇതു നന്നായി പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. കഴിഞ്ഞ സീസണില്‍ ബാറ്റിങില്‍ ദുരന്തമായി മാറിയിട്ടും ക്യാപ്റ്റനായതിനാല്‍ അദ്ദേഹത്തെ കെകെആറിന് ഒഴിവാക്കാനായില്ല. മാത്രമല്ല മോര്‍ഗന്‍ ടീമിലുള്ളതിനാല്‍ മറ്റൊരു വിദേശ താരത്തിനു അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. ഒരു വിദേശ താരമാണ് ക്യാപ്റ്റനെങ്കില്‍ അയാള്‍ ഫോമിലല്ലെങ്കില്‍ അതു ഫ്രാഞ്ചൈസിയുടെ പ്ലെയിങ് കോമ്പിനേഷനെയും ബാധിക്കും.
കാര്‍ത്തികാണ് നായകനെങ്കില്‍ ആര്‍സിബിക്കു ഇത്തരം വെല്ലുവിളികളൊന്നുമില്ല. ഏറ്റവും മികച്ച നാലു വിദേശ താരങ്ങളെ അവര്‍ക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും. ഈ നാലു പേരില്‍ ചിലര്‍ ഫ്‌ളോപ്പായാല്‍ പകരം മറ്റുള്ളവരെ പരീക്ഷിച്ചു നോക്കാനും സാധിക്കും.


Click it and Unblock the Notifications











