IPL2022: ഡേവിഡ് വാര്‍ണര്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കണം, ഈ മൂന്ന് കാരണങ്ങള്‍ നോക്കൂ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ മെഗാ ലേലമായതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്.
ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ പല സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ട കാര്യം. കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റാഷിദ് ഖാന്‍, ആര്‍ അശ്വിന്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഡേവിഡ് വാര്‍ണര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ നീളന്‍ പട്ടികയാണുള്ളത്. ഇതില്‍ പുതിയതായി എത്തുന്ന ലഖ്‌നൗ, അഹമ്മദാബാദ് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുണ്ട്. ഇതില്‍ ലഖ്‌നൗ കെ എല്‍ രാഹുലിനെയും അഹമ്മദാബാദ് ഹര്‍ദിക് പാണ്ഡ്യയേയും നായകനാക്കുമെന്നാണ് വിവരം.
പുതിയ ടീമുകളുടെ നിലനിര്‍ത്തല്‍ കഴിഞ്ഞാലും ഒരുപാട് സൂപ്പര്‍ താരങ്ങള്‍ മെഗാ ലേലത്തിലേക്കെത്തും. ഇതിലെ പല വമ്പന്മാരും എങ്ങോട്ടാണ് കൂടുമാറുന്നതെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട ഡേവിഡ് വാര്‍ണറിന്റെ പുതിയ തട്ടകം ഏതായിരിക്കുമെന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളേറെയാണ്. എന്നാല്‍ വാര്‍ണറിന് അനുയോജ്യമായ ടീം രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ്. അതിനുള്ള മൂന്ന് കാരണങ്ങള്‍ നോക്കാം.

ഓപ്പണിങ്ങില്‍ മുംബൈക്ക് ഇടം കൈയനെ വേണം
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഓപ്പണിങ്ങില്‍ മികച്ചൊരു ഇടം കൈയന്‍ ഓപ്പണറെ ആവിശ്യമാണ്. ക്വിന്റന്‍ ഡീകോക്ക്, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് ഇടം കൈയന്‍ ഓപ്പണര്‍മാരായി മുംബൈ ഇന്ത്യന്‍സ് പരിഗണിച്ചിരുന്നത്. എന്നാല്‍ രണ്ട് പേരെയും ടീം നിലനിര്‍ത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുംബൈക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച താരം വാര്‍ണറാണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്തും മികച്ച ബാറ്റിങ് റെക്കോഡും ടീമിന് ഗുണം ചെയ്യുമെന്നുറപ്പാണ്.
വാര്‍ണറെ സംബന്ധിച്ചും മുംബൈയുടെ ഓപ്പണറാവുന്നതും ഗുണം ചെയ്യും. രോഹിത് ശര്‍മയെപ്പോലൊരു മികച്ച താരത്തിനൊപ്പം ഓപ്പണറാവുന്നത് വാര്‍ണറുടെ കരിയറിലും നേട്ടമുണ്ടാക്കും. രണ്ട് പേരും ആക്രമിച്ച് കളിക്കുന്ന ഓപ്പണര്‍മാരായതിനാല്‍ മുംബൈക്കും അത് വലിയ ഗുണം ചെയ്യും. വാര്‍ണറുടെ നിലവിലെ അവസ്ഥയില്‍ മുംബൈ ഇന്ത്യന്‍സിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് നല്ലത്.

ഡേവിഡ് വാര്‍ണറിന് മികച്ചൊരു ടീമിനെ വേണം
ഡേവിഡ് വാര്‍ണര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരിലൊരാളാണ്. അതുകൊണ്ട് തന്നെ മികച്ച ടീമുകളിലൊന്നില്‍ വാര്‍ണര്‍ സ്ഥാനം അര്‍ഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ വാര്‍ണറിന് അനുകൂലമായ ടീം മുംബൈ ഇന്ത്യന്‍സാണ്. സണ്‍റൈസേഴ്‌സ് നായകനായിരുന്ന വാര്‍ണര്‍ 2016ല്‍ ടീമിനെ കിരീടത്തിലേക്കുമെത്തിച്ചിരുന്നു. എന്നാല്‍ ഇതിനൊത്ത യാത്രയയപ്പല്ല ഹൈദരാബാദ് അദ്ദേഹത്തിന് നല്‍കിയത്. അതുകൊണ്ട് തന്നെ മികച്ചൊരു ടീമിനൊപ്പം കളിച്ച് വാര്‍ണര്‍ക്ക് കൈയടി നേടേണ്ടതായുണ്ട്. വാര്‍ണറുടെ ശൈലിയോട് കൂടുതല്‍ യോജിപ്പ് പോകാവുന്ന ടീം മുംബൈ ഇന്ത്യന്‍സ് തന്നെയാണ്.

മുംബൈയിലെ വാര്‍ണറുടെ മികച്ച ബാറ്റിങ് റെക്കോഡ്
മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഡേവിഡ് വാര്‍ണര്‍. ദേശീയ ജഴ്‌സിയിലും മുംബൈയില്‍ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സിന് വാര്‍ണറോട് താല്‍പര്യം കൂടും. നാല് തവണ ഈ വേദിയില്‍ കളിച്ചപ്പോള്‍ 120 റണ്‍സാണ് അദ്ദേഹം നേടിയത്. 150 ആയിരുന്നു സ്‌ട്രൈക്കറേറ്റെന്നതാണ് ശ്രദ്ധേയം. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. പേസ് ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള വാര്‍ണര്‍ എത്തുന്നത് മുംബൈക്കും ഊര്‍ജ്ജമാവും. നിലവിലെ മുംബൈയുടെ ടീം ഘടനയില്‍ ടോപ് ഓഡറില്‍ പരിചയസമ്പന്നനായ ഒരു താരം വേണം. അതിന് ഏറ്റവും അനുയോജ്യന്‍ വാര്‍ണര്‍ തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications