
കഴിഞ്ഞ സീസണിലെ ടീമില്‍ ഒരുപാട് മാറ്റങ്ങളുമായിട്ടാണ് മുബൈ ഇത്തവണ കളിക്കുക. പാണ്ഡ്യ ബ്രദേഴ്‌സ്, ടിം സൗത്തി, ക്വിന്റണ്‍ ഡികോക്ക് തുടങ്ങിയവരെയെല്ലാം അവര്‍ക്കു നഷ്ടമായിക്കഴിഞ്ഞു. എങ്കിലും ശക്തമായൊരു ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് രോഹിത്തും മുഖ്യ കോച്ച് മഹേല ജയവര്‍ധനെയും. ആദ്യ മല്‍സരത്തിനു മുന്നോടിയായുള്ള പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് രോഹിത്ത് ടീമിന്റെ പ്ലെയിങ് ഇലവനെക്കുറിച്ച് സംസാരിച്ചത്. ജയവര്‍ധനെയും അദ്ദേഹത്തിമനൊപ്പമുണ്ടായിരുന്നു.

നേരത്തേ ടീമിനെ കൂടുതല്‍ സന്തുലിതമാക്കുന്നതിനു വേണ്ടി തന്റെ ഓപ്പണിങ് സ്ഥാനം പല തവണ ത്യജിച്ചിട്ടുള്ളയാള്‍ കൂടിയാണ് രോഹിത് ശര്‍മ. പക്ഷെ 2019 മുതല്‍ അദ്ദേഹം ഓപ്പണറായി തന്നെയാണ് കളിച്ചിട്ടുള്ളത്. രണ്ടു ഫിഫ്റ്റികളടക്കം ആ സീസണില്‍ 405 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. 2020ല്‍ ഓപ്പണറായി കളിച്ച രോഹിത് 332 റണ്‍സാണ് നേടിയത്. രണ്ടു സീസണുകളിലും മുംബൈ ജേതാക്കളായിരുന്നു.
കഴിഞ്ഞ സീസണില്‍ 381 റണ്‍സ് അദ്ദേഹം നേടിയെങ്കിലും ഇതു ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ സഹായിച്ചില്ല. പുതിയ സീസണിലും താന്‍ ഇതേ റോളില്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രോഹിത്. ഡികോക്ക് ഇപ്പോള്‍ ടീമന്റെ ഭാഗമല്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ ഓപ്പണിങിലേക്കു വരികയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ തീര്‍ച്ചയായും മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഓപ്പണറായി തന്നെ കളിക്കും. നേരത്തേയും ഞാന്‍ അതു ചെയ്തിരുന്നതാണ്. ഇഷാന്‍ കിഷനോടൊപ്പമായിരിക്കും വരാനിരിക്കുന്ന സീസണില്‍ താന്‍ ഓപ്പണ്‍ ചെയ്യുകയെന്നും രോഹിത് ശര്‍മ വ്യക്തമാക്കി.മുഖ്യ കോച്ച് മഹേല ജയവര്‍ധനെയും ഇത് ആവര്‍ത്തിച്ചു. രോഹിത്തും ഇഷാനും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ വളരെ മികതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇഷാന്‍ വിക്കറ്റ് കീപ്പറും കൂടിയാണ്. ടോപ്പ് ത്രീയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന കുറച്ചുപേര്‍ മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
രോഹിത്തും ഇഷാനും ഓപ്പണ്‍ ചെയ്യുന്നതോടെ കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നവരില്‍ സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മാത്രമേ മധ്യനിരയിലുണ്ടാവുകയുള്ളൂ. ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ സഹോദരന്‍മാര്‍ ഇത്തവണ മുംബൈയിലില്ല. പകരം തിലക് വര്‍മ, സഞ്ജയ് യാദവ് എന്നീ യുവതാരങ്ങള്‍ക്കു ഈ റോളുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ പോരാട്ടത്തിനു മുമ്പ് മുംബൈയുടെ ഏറ്റവും വലിയ തലവേദന സൂര്യകുമാര്‍ യാദവിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ അവസാന മല്‍സരത്തിനിടെയാണ് താരത്തിന്റെ കൈവിരലിനു ചെറിയ പരിക്കേറ്റത്. തുടര്‍ന്നു ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ നിന്നു പിന്‍മാറുകയും ചെയ്തിരുന്നു.

സൂര്യ ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളതെന്നു രോഹിത് ശര്‍മ വ്യക്തമാക്കി. അവന്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവിടെയെത്തി ടീമിനൊപ്പം ചേരും. ആദ്യ മല്‍സരത്തില്‍ സൂര്യ കളിക്കുമോയെന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്‍സിഎയില്‍ നിന്നും ക്ലിയറന്‍സ് ലഭിച്ചാല്‍ അവനെ എത്രയും പെട്ടെന്നു ഇവിടേക്കു കൊണ്ടു വരാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

മങ്കാദിങ് ഇപ്പോള്‍ റണ്ണൗട്ടിന്റെ പരിധിയിലേക്കു വന്നതിനാല്‍ ബാറ്റര്‍മാര്‍ ഐപിഎല്ലിന്റെ പുതിയ സീസണില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നു രോഹിത് ശര്‍മ വ്യക്തമാക്കി. എന്നാല്‍ ഒരിന്നിങ്‌സില്‍ രണ്ട്് ഡിആര്‍എസുകള്‍ അനുവദിച്ച തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലേതു പോലെ രണ്ടു ഡിആര്‍എസുകള്‍ നല്‍കിയത് നല്ല തീരുമാനമാണ്. ഇതു തെറ്റുകള്‍ തിരുത്താന്‍ സഹായിക്കുമെന്നും രോഹിത് പറഞ്ഞു.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്കു പുതുതായെത്തിയ സൗത്താഫ്രിക്കയുടെ ബാറ്റിങ് സെന്‍സേഷനും ബേബി എബിയെന്നറിയപ്പെടുന്ന താരവുമായ ഡെവാള്‍ഡ് ബ്രെവിസ് കളിക്കുമോയെന്നതിനെക്കുറിച്ചും മഹേല ജയവര്‍ധനെ മറുപടി നല്‍കി. ആരൊക്കെയായിരിക്കും കളിക്കുകയെന്ന കാര്യത്തില്‍ ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നെറ്റ്‌സില്‍ അവന്റെ പ്രകടനം ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. അവനു പഠിക്കാന്‍ നല്ല താല്‍പ്പര്യമുണ്ട്, ഇത് നല്ലൊരു അടയാളമാണെന്നും ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications