IPL 2022: ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ താരമാര്? പൊള്ളാര്‍ഡും ഹര്‍ദിക്കുമല്ല, അഞ്ച് പേരിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 15ന് ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. പുതിയതായി രണ്ട് ടീമുകള്‍ കൂടി എത്തിയതോടെ 10 ടീമുകളുമായാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐക്ക് താല്‍പര്യമെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഇതിനോടകം ടീമുകളെല്ലാം നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞു. മെഗാ ലേലത്തിലേക്ക് നിരവധി സൂപ്പര്‍ താരങ്ങള്‍ എത്തുന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത.
ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍ ഇങ്ങനെ നീളുന്ന പ്രമുഖരുടെ വലിയ പട്ടിക തന്നെയാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. ഇതുവരെയുള്ള ലേല റെക്കോഡുകളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ ഇത്തവണ ലേലത്തിലുണ്ട്. ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിച്ച നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ടൂര്‍ണമെന്റിലെ എക്കാലത്തെയും അപകടകാരികളായ താരങ്ങളെ പരിഗണിച്ചാല്‍ ആരെയൊക്കെ പട്ടികയില്‍ ഉള്‍പ്പെടുത്താം? അഞ്ച് പേരെ പരിചയപ്പെടാം.

വിരാട് കോലി
ആര്‍സിബിയുടെ വിരാട് കോലി ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളിലൊരാളാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ അടിച്ചുകളിക്കുകയെന്നതിലുപരിയായി സ്ഥിരതയോടെ കളിക്കാനാണ് കോലി ശ്രമിക്കാറ്. അതുകൊണ്ട് തന്നെയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്ത് നില്‍ക്കുന്നതും. 199 ഐപിഎല്ലില്‍ നിന്ന് 37.98 ശരാശരിയില്‍ 6076 ആണ് കോലിയുടെ സമ്പാദ്യം. ഇതില്‍ 40 അര്‍ധ സെഞ്ച്വറിയും അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. 2016 സീസണില്‍ 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. കോലി ഒറ്റക്ക് ജയിപ്പിച്ചിരിക്കുന്ന മത്സരങ്ങളും നിരവധിയാണ്.

എബി ഡിവില്ലിയേഴ്‌സ്
മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് ആര്‍സിബിക്കൊപ്പമാണ് ഐപിഎല്ലില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അവസാന സീസണോടെ കളി മതിയാക്കി. എബിഡി ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ ശേഷിക്കുള്ള എബിഡി ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. 179 ഐപിഎല്ലില്‍ നിന്ന് 152.4 സ്‌ട്രൈക്കറേറ്റിലും 40.77 ശരാശരിയിലും 5056 റണ്‍സാണ് നേടിയിട്ടുള്ളത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് താനെന്ന് നിരവധി തവണ എബിഡി തെളിയിച്ചിട്ടുള്ളതാണ്.

ക്രിസ് ഗെയ്ല്‍
ഐപിഎല്ലിലെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാള്‍ത്തന്നെയാണ് ക്രിസ് ഗെയ്ല്‍. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗെയ്ല്‍ 140 ഐപിഎല്ലില്‍ നിന്ന് 4950 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. 149.5 ആണ് സ്‌ട്രൈക്കറേറ്റ്. ഗെയ്ല്‍ കുറിച്ച 175 റണ്‍സാണ് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 357 സിക്‌സുകള്‍ ടൂര്‍ണമെന്റില്‍ പറത്തിയിട്ടുള്ള ഗെയ്ല്‍ ആറ് തവണ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ താരങ്ങളിലൊരാള്‍ത്തന്നെയാണ് ഗെയ്ല്‍.

ഡേവിഡ് വാര്‍ണര്‍
മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ ഡേവിഡ് വാര്‍ണര്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ എല്ലാവരും ഭയക്കുന്ന താരങ്ങളിലൊരാളാണ്. വിക്കറ്റ് നേടാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹം മിടുക്കനാണ്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന വാര്‍ണര്‍ 150 ഐപിഎല്ലില്‍ 5449 റണ്‍സാണ് നേടിയിട്ടുള്ളത്. 139.97 ആണ് സ്‌ട്രൈക്കറേറ്റ്. നാല് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. അവസാന സീസണോടെ ഹൈദരാബാദ് ഒഴിവാക്കിയ താരം പുതിയ സീസണില്‍ ആര്‍ക്കൊപ്പമാണെന്നത് കണ്ടറിയാം.

എംഎസ് ധോണി
സിഎസ്‌കെ നായകന്‍ എംഎസ് ധോണി ഐപിഎല്ലിലെ ഏറ്റവും അപകടകാരികളായ താരങ്ങളിലൊരാളാണ്. ബാറ്റുകൊണ്ട് മാത്രമല്ല നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും അസാമാന്യ ബുദ്ധിമാനായ ധോണി ടൂര്‍ണമെന്റ് ചരിത്രത്തില്‍ എതിരാളികള്‍ പേടിക്കുന്ന താരങ്ങളിലൊരാള്‍ത്തന്നെയാണ്. ധോണിയുടെ ഫിനിഷിങ് മികവ് നഷ്ടപ്പെട്ട് പോയിട്ടില്ലെന്ന് അവസാന സീസണിലും അദ്ദേഹം തെളിയിച്ചതാണ്. 220 മത്സരത്തില്‍ നിന്ന് 4746 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 135. 83 സ്‌ട്രൈക്കറേറ്റുള്ള ധോണി 23 അര്‍ധ സെഞ്ച്വറിയാണ് നേടിയിട്ടുള്ളത്. ഒറ്റക്ക് ടീമിനെ ധോണി വിജയത്തിലെത്തിച്ച മത്സരങ്ങളും നിരവധിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications