IPL 2022: പ്രതിഫലത്തില്‍ മുന്നിലാര്? രോഹിത്തും ധോണിയും കോലിയും പിന്നില്‍, കണക്കുകളിതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയവരുടെ പേരുകള്‍ പുറത്തുവിട്ടു കഴിഞ്ഞു. പുതിയതായി എത്തിയ അഹമ്മദാബാദും ലഖ്‌നൗവും മൂന്ന് താരങ്ങളെ വീതം ലേലത്തിന് മുമ്പായി സ്വന്തമാക്കിക്കഴിഞ്ഞു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്ന പേരിലെത്തുന്ന ലഖ്‌നൗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരാണ് ഒപ്പമുള്ളത്.
അഹമ്മദാബാദിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരാണ് ഒപ്പമുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ടീമുകളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. മത്സരത്തിന്റെ എണ്ണവും ഉയര്‍ന്നിട്ടുള്ളതിനാല്‍ ആരാധകര്‍ക്ക് കൂടുതല്‍ ദിവസം ക്രിക്കറ്റ് ആവേശത്തോടൊപ്പം സഞ്ചരിക്കാനാവും. നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ വീതം ലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരുന്നെങ്കിലും മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ മാത്രമാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്.
രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. മെഗാ ലേലത്തിലേക്ക് എത്തുന്നവരില്‍ പ്രമുഖരായ പല താരങ്ങളും ഉണ്ടെന്നതാണ് ഇത്തവണത്തെ ലേലത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്. ശ്രേയസ് അയ്യര്‍, ഡേവിഡ് വാര്‍ണര്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍ എന്നിവരെല്ലാം ഇത്തവണത്തെ ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ സാധ്യതയുള്ളവരാണ്. മെഗാ ലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ കൂടുതല്‍ പ്രതിഫലം ആര്‍ക്കാണെന്ന് പരിശോധിക്കാം.

കെ എല്‍ രാഹുല്‍
നിലവിലെ താരങ്ങളില്‍ ഏറ്റവും പ്രതിഫലം ലഭിക്കുക കെ എല്‍ രാഹുലിനാണ്. പഞ്ചാബ് കിങ്‌സ് വിട്ട് പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനസ്ഥാനത്തേക്കെത്തിയ കെ എല്‍ രാഹുലിന് 17 കോടിയാണ് പ്രതിഫലം ലഭിക്കുന്നത്. അവസാന സീസണ്‍വരെ 11 കോടി രൂപയായിരുന്നു രാഹുലിന് ലഭിച്ചിരുന്നത്. മെഗാ ലേലത്തിന് മുമ്പ് 15 കോടി രൂപ രാഹുലിന് പഞ്ചാബ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നിരസിച്ചാണ് 17 കോടിക്ക് രാഹുല്‍ ലഖ്‌നൗവിലെത്തിയത്.
ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് ടീമുകളിലെല്ലാം കളിച്ചാണ് രാഹുല്‍ ലഖ്‌നൗവിലേക്കെത്തുന്നത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുലിന്റെ മികവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടന മികവ് അത്ര പോരെന്ന് തന്നെ പറയാം. 2018ന് ശേഷം കളിച്ച എല്ലാ സീസണിലും 550ന് മുകളില്‍ സ്‌കോര്‍ നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ടത്.

റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ
നിലനിര്‍ത്തപ്പെട്ട താരങ്ങളില്‍ കൂടുതല്‍ പ്രതിഫലം നേടിയവരില്‍ രണ്ടാം സ്ഥാനത്താണ് റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവര്‍. മൂന്ന് പേര്‍ക്കും 16 കോടി രൂപയാണ് പ്രതിഫലം. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസ് അയ്യരെ കൈവിട്ടപ്പോള്‍ 16 കോടിക്ക് നായകനായി റിഷഭ് പന്തിനെ നിലനിര്‍ത്തുകയായിരുന്നു. റിഷഭിന്റെ പ്രതിഫലത്തില്‍ വന്‍ കുതിച്ച് ചാട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെ നിലനിര്‍ത്തിയത് 16 കോടിക്കാണ്. ടീമിനെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. കിരീടത്തിന്റെ എണ്ണം വിലയിരുത്തുമ്പോള്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്‍ രോഹിത് ശര്‍മയാണ്. ഇത്തവണത്തെ സിഎസ്‌കെ ധോണിയെക്കാളും കൂടുതല്‍ പ്രതിഫലം നല്‍കിയാണ് രവീന്ദ്ര ജഡേജയെ നിലനിര്‍ത്തിയത്. ജഡേജയെ ഭാവി നായകനായി സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതകളേറെയാണ്.

റാഷിദ് ഖാന്‍, വിരാട് കോലി, ഹര്‍ദിക് പാണ്ഡ്യ
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട് അഹമ്മദാബാദിലെത്തിയ റാഷിദ് ഖാനും ആര്‍സിബി നിലനിര്‍ത്തിയ വിരാട് കോലിക്കും മുംബൈ ഇന്ത്യന്‍സ് വിട്ട് അഹമ്മദാബാദിന്റെ നായകസ്ഥാനത്തേക്കെത്തിയ ഹര്‍ദിക് പാണ്ഡ്യക്കും ലഭിക്കുന്നത് 15 കോടി രൂപയാണ്. അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നറായ റാഷിദ് ഖാന് 12 കോടി രൂപവരെ ഹൈദരാബാദ് ഓഫര്‍ ചെയ്‌തെങ്കിലും ടീം വിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ആധുനിക ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് റാഷിദ് ഖാന്‍. റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ മടികാട്ടുന്ന താരം വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. എല്ലാ ടീമുകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് റാഷിദ് ഖാന്‍.
വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് പ്രതിഫലത്തില്‍ കുറവ് വന്നത്. 17 കോടിയില്‍ നിന്ന് 15 കോടിയിലേക്കെത്തുകയായിരുന്നു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും അദ്ദേഹം ആര്‍സിബിയില്‍ത്തന്നെ തുടരും. മുംബൈ ഇന്ത്യന്‍സ് വിട്ടത് ഹര്‍ദിക്കിനെ സംബന്ധിച്ച് വലിയ നേട്ടമായി മാറിയിരിക്കുകയാണ്. 15 കോടി രൂപയും നായകസ്ഥാനവും ഹര്‍ദിക്കിന് ലഭിച്ചുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. മുംബൈയില്‍ 11 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

കെയ്ന്‍ വില്യംസന്‍, സഞ്ജു സാംസണ്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയപ്പോള്‍ കെയ്ന്‍ വില്യംസണെ നായകനായി നിലനിര്‍ത്തി. 14 കോടി രൂപക്കാണ് വില്യംസണെ നിലനിര്‍ത്തിയത്. നിലവില്‍ നിലനിര്‍ത്തപ്പെട്ട വിദേശ താരങ്ങളില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചിരിക്കുന്നത് വില്യംസനാണ്. ഇതേ പ്രതിഫലമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണും ലഭിക്കുന്നത്. അവസാന സീസണില്‍ ലഭിച്ച അതേ പ്രതിഫലത്തിലാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. അവസാന സീസണില്‍ ലഭിച്ച പ്രതിഫലത്തോട് നീതികാട്ടാന്‍ രണ്ട് കൂട്ടര്‍ക്കും സാധിച്ചിരുന്നില്ല.

ധോണി, ബുംറ, മായങ്ക്, റസല്‍
സിഎസ്‌കെ എംഎസ് ധോണിയെ നിലനിര്‍ത്തിയത് വലിയ അത്ഭുതമായിരുന്നു. 41കാരനായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 12 കോടിക്കാണ് ധോണിയെ നിലനിര്‍ത്തിയിരിക്കുന്നത്. ധോണിയുടെ അവസാന സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് 12 കോടി രൂപയാണ് ലഭിക്കുന്നത്. പഞ്ചാബ് രണ്ട് താരങ്ങളെയാണ് ആകെ നിലനിര്‍ത്തിയത്. അതില്‍ മായങ്ക് അഗര്‍വാളിനെ നിലനിര്‍ത്തിയത് 12 കോടിക്കാണ്. കെകെആര്‍ നാല് താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കിയത് ആന്‍ഡ്രേ റസലിനാണ്. 12 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications