
രാജസ്ഥാനെ സംബന്ധിച്ച് ഇത്തവണ മറ്റൊരു തിരിച്ചടി കൂടിയുണ്ട്. കേള്‍ക്കുമ്പോള്‍ അത്ര വിശ്വസിനീയമായി തോന്നില്ലെങ്കിലും ചരിത്രം പരിശോധിക്കുമ്പോള്‍ അത് വസ്തുതയാണെന്ന് വ്യക്തമാവും. ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ ആര്‍സിബിയെ പരാജയപ്പെടുത്തിയ ടീമൊന്നും കപ്പടിച്ചിട്ടില്ലെന്നതാണ് ചരിത്രം. ഇത്തവണ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. എന്നാല്‍ ചരിത്രത്തിന്റെ കണക്ക് പരിശോധിക്കുമ്പോള്‍ രാജസ്ഥാന്‍ ഗുജറാത്തിനോട് തോല്‍ക്കാനാണ് സാധ്യത കൂടുതല്‍.
2010ല്‍ മുംബൈ ഇന്ത്യന്‍സ് ആര്‍സിബിയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. എന്നാല്‍ ആ ഫൈനലില്‍ മുംബൈക്ക് കിരൂടം നേടാനായില്ല. ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടാണ് 2010ല്‍ മുംബൈ തോറ്റത്. ആര്‍സിപിയുടെ ശാപമാണോ അല്ലെയോ എന്നൊന്നും അറിയില്ലെങ്കിലും പിന്നീടുള്ള സീസണുകളിലും ആര്‍സിബിയെ പ്ലേ ഓഫില്‍ തോല്‍പ്പിച്ച ടീമൊന്നും കിരീടം നേടിയിട്ടില്ല.

2015ല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ആര്‍സിബിയെ പ്ലേ ഓഫില്‍ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. എന്നാല്‍ ഫൈനലില്‍ മുംബൈയോട് സിഎസ്‌കെ തോറ്റു. ഇത്തവണയും ആര്‍സിബിയുടെ ശാപം അവരെ പ്ലേ ഓഫില്‍ തോല്‍പ്പിച്ച ടീമിനെ വേട്ടയാടി. 2020ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ആര്‍സിബിയെ തോല്‍പ്പിച്ചാണ് രണ്ടാം ക്വാളിഫയറില്‍ കടന്നത്. എന്നാല്‍ ഇതില്‍ ഹൈദരാബാദ് തോറ്റു. ആര്‍സിബിയെ പ്ലേ ഓഫില്‍ തോല്‍പ്പിച്ച് കപ്പ് നേടുന്ന ആദ്യ ടീമായി മാറാന്‍ ഹൈദരാബാദിനുമായില്ല. 2021ലും ഇത് തന്നെയാണ് സംഭവിച്ചത്. പ്ലേ ഓഫില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് കെകെആര്‍ ഫൈനലില്‍ കടന്നത്. എന്നാല്‍ ഫൈനലില്‍ സിഎസ്‌കെയോട് തോറ്റു.

ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ന് ഗുജറാത്തിനോട് രാജസ്ഥാന്‍ തോല്‍ക്കണം. കാരണം എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചെത്തിയ ആര്‍സിബിയെ രണ്ടാം ക്വാളിഫയറില്‍ പുറത്താക്കിയാണ് രാജസ്ഥാന്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ആര്‍സിബിയെ തോല്‍പ്പിച്ച അതേ പ്ലേയിങ് 11നോടെയാണ് സഞ്ജുവും സംഘവും ഗുജറാത്തിനെതിരേ കലാശപ്പോരാട്ടത്തിനിറങ്ങിയത്. ഫൈനലില്‍ തോറ്റാല്‍ രാജസ്ഥാന്‍ ഈ റെക്കോഡിന്റെ ഭാഗമായി മാറുമ്പോള്‍ ജയിച്ചാല്‍ അത് പുതു ചരിത്രമാവും.


Click it and Unblock the Notifications
