IPL 2022: സീസണിലെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ജാഫര്‍, സഞ്ജു ടീമില്‍, മറ്റുള്ളവരെ അറിയാം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും കൊമ്പുകോര്‍ത്ത കലാശപ്പോരാട്ടത്തില്‍ കിരീടം ഗുജറാത്തിനൊപ്പം നിന്നു. ഏഴ് വിക്കറ്റിനാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും കിരീടം നേടിയെടുത്തത്. ഇത്തവണ വാശിയേറിയ പോരാട്ടം ഫൈനലില്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഗുജറാത്ത് ഏകപക്ഷീയമായ ജയമാണ് നേടിയെടുത്തത്.
ഇത്തവണത്തെ സീസണ്‍ പല വമ്പന്മാര്‍ക്കും വലിയ നിരാശയുണ്ടാക്കുന്ന സീസണായിരുന്നു. പ്രതീക്ഷക്കൊത്ത പ്രകടനം പ്രമുഖരായ പല താരങ്ങള്‍ക്കും കാഴ്ചവെക്കാനായില്ല. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ഐപിഎല്ലില്‍ ഒന്നിലധികം കിരീടം നേടിയിട്ടുള്ള പല സൂപ്പര്‍ ടീമുകള്‍ക്കും ഇത്തവണ പ്ലേ ഓഫ് കാണാനായില്ല.

രോഹിത് ശര്‍മ, റിഷഭ് പന്ത്, വിരാട് കോലി തുടങ്ങിയവരെല്ലാം ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഇത്തവണ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. എല്ലാ സീസണിലേതുപോലെ തന്നെ ഇത്തവണയും നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി കൈയടി നേടി. തിലക് വര്‍മ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയ യുവതാരങ്ങളെല്ലാം ഐപിഎല്ലില്‍ വരുന്ന സീസണിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്.
15ാം സീസണിലെ ബെസ്റ്റ് പ്ലേയിങ് 11നെ പരിശോധിച്ചാല്‍ പ്രമുഖരായ പല താരങ്ങള്‍ക്കും ഇത്തവണ പുറത്തിരിക്കേണ്ടി വരും. ഇപ്പോഴിതാ 15ാം ഈ സീസണിലെ ബെസ്റ്റ് പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയുള്ള ടീമില്‍ വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി, റിഷഭ് പന്ത് എന്നിവര്‍ക്കൊന്നും ഇടമില്ല. ജാഫറിന്റെ ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കാം.

ജോസ് ബട്‌ലര്‍ - കെ എല്‍ രാഹുല്‍
ജോസ് ബട്‌ലറും കെ എല്‍ രാഹുലുമാണ് ജാഫറിന്റെ പ്ലേയിങ് 11ലെ ഓപ്പണര്‍മാര്‍. രണ്ട് പേരും ഇത്തവണ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചവരാണ്. 17 മത്സരത്തില്‍ നിന്ന് 863 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 57.53 ശരാശരിയില്‍ കളിച്ച അദ്ദേഹത്തിന്റെ സ്്‌ട്രൈക്കറേറ്റ് 149.05 ആയിരുന്നു. നാല് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും നേടിയ ബട്‌ലര്‍ 83 ഫോറും 45 സിക്‌സും പറത്തി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും ബട്‌ലര്‍ സ്വന്തം പേരിലാക്കി. ഇത്തവണ രാജസ്ഥാനെ ഫൈനലിലേക്കെത്തിച്ചത് ബട്‌ലറുടെ ബാറ്റിങ്ങാണ്.
കെ എല്‍ രാഹുലും മോശമാക്കിയില്ല. റണ്‍വേട്ടക്കാരില്‍ രണ്ടാമനായ രാഹുല്‍ 15 മത്സരത്തില്‍ നിന്ന് 616 റണ്‍സാണ് ഇത്തവണ നേടിയത്. 51.33 ശരാശരിയും 135.38 സ്‌ട്രൈക്കറേറ്റും രാഹുലിനുണ്ടായിരുന്നു. 45 ഫോറും 30 സിക്‌സുമാണ് രാഹുലിന്റെ പേരിലുണ്ടായിരുന്നത്. രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും അദ്ദേഹം ഈ സീസണില്‍ നേടി. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എലിമിനേറ്ററില്‍ തോറ്റ് പുറത്തായെങ്കിലും രാഹുലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ലിയാം ലിവിങ്സ്റ്റന്‍
മൂന്നാം നമ്പറില്‍ സഞ്ജു സാംസണെയാണ് ജാഫര്‍ പരിഗണിച്ചത്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ടീമിനെ ഫൈനലിലേക്കെത്തിച്ചെങ്കിലും ഗുജറാത്തിനോട് കലാശപ്പോരാട്ടത്തില്‍ മുട്ടുമടക്കി. 17 മത്സരത്തില്‍ നിന്ന് 28.63 ശരാശരിയില്‍ 458 റണ്‍സാണ് അദ്ദേഹം നേടിയത്. 146.79 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു 43 ഫോറും 26 സിക്‌സുമാണ് നേടിയത്. ഫഫ് ഡുപ്ലെസിസ്, ശുബ്മാന്‍ ഗില്‍, ക്വിന്റന്‍ ഡീകോക്ക് എന്നിവരെല്ലാം സീസണില്‍ സഞ്ജുവിനെക്കാള്‍ റണ്‍സ് നേടിയവരാണ്.

ഹര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ നായകന്‍. ഇത്തവണ ആദ്യമായി നായകസ്ഥാനത്തേക്കെത്തിയ ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ മുന്നില്‍ നയിച്ച ഹര്‍ദിക് 15 മത്സരത്തില്‍ നിന്ന് 487 റണ്‍സും എട്ട് വിക്കറ്റുമാണ് സീസണില്‍ വീഴ്ത്തിയത്. ഫൈനലില്‍ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റും വീഴ്ത്തി കളിയിലെ താരമായതും ഹര്‍ദിക്കായിരുന്നു.
പഞ്ചാബ് കിങ്‌സിന്റെ ലിയാം ലിവിങ്‌സ്റ്റനാണ് അഞ്ചാം നമ്പറില്‍. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ലിവിങ്സ്റ്റന്‍ 14 മത്സരത്തില്‍ നിന്ന് 437 റണ്‍സാണ് അദ്ദേഹം നേടിയത്. 182.08 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നാല് അര്‍ധ സെഞ്ച്വറി നേടിയ ലിവിങ്സ്റ്റന്‍ 29 ഫോറും 34 സിക്‌സും പറത്തി.

ഡേവിഡ് മില്ലര്‍, ദിനേഷ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍
ഡേവിഡ് മില്ലറാണ് ആറാം നമ്പറില്‍. 16 മത്സരത്തില്‍ നിന്ന് 481 റണ്‍സാണ് അദ്ദേഹം സീസണില്‍ നേടിയത്. ഗുജറാത്തിന്റെ ഫിനിഷര്‍ റോളില്‍ അദ്ദേഹം ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാം ക്വാളിഫയറിലും ഫൈനലിലും ഗുജറാത്തിനായി തിളങ്ങാന്‍ മില്ലര്‍ക്ക് സാധിച്ചു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ മെഗാ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ആരും വാങ്ങാനില്ലാതെ പോയ താരമാണ്.
വിക്കറ്റ് കീപ്പറും ഫിനിഷറുമായി ദിനേഷ് കാര്‍ത്തികിനാണ് അവസരം. ആര്‍സിബിയുടെ ഭാഗമായ കാര്‍ത്തിക് ഇത്തവണ 16 മത്സരത്തില്‍ നിന്ന് 330 റണ്‍സാണ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടിയതെങ്കിലും ആര്‍സിബുടെ രണ്ടാം ക്വാളിഫയര്‍ വരെയുള്ള കുതിപ്പില്‍ കാര്‍ത്തികിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.
ആര്‍സിബിയുടെ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ് എട്ടാം നമ്പറില്‍. മോശമില്ലാതെ ബാറ്റ് ചെയ്യാനും കഴിവുള്ള താരം ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ വളരെ പിശുക്കുകാട്ടുന്നവനാണ്. 15 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് അദ്ദേഹം സീസണില്‍ വീഴ്ത്തിയത്. 7.66 ആയിരുന്നു സ്‌ട്രൈക്കറേറ്റ്.

മുഹമ്മദ് ഷമി, വനിന്‍ഡു ഹസരങ്ക, യുസ്‌വേന്ദ്ര ചഹാല്‍
ഗുജറാത്ത് ടൈറ്റന്‍സ് താരമായ മുഹമ്മദ് ഷമി 16 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് സീസണില്‍ നേടിയത്. എട്ട് ആണ് ഇക്കോണമി. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ഷമി വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടി. ആര്‍സിബിയുടെ വനിന്‍ഡു ഹസരങ്കയാണ് 10ാം നമ്പറില്‍. ശ്രീലങ്കന്‍ സ്പിന്നര്‍ 26 വിക്കറ്റാണ് സീസണില്‍ നേടിയത്. 11ാമനായി രാജസ്ഥാന്റെ യുസ്‌വേന്ദ്ര ചഹാലാണ്. 27 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ചഹാലിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications