IPL 2022: ആര്‍സിബിയുടെ വലിയ പിഴവ്, 'ആ തീരുമാനം വേണ്ടായിരുന്നു', ചൂണ്ടിക്കാട്ടി മുന്‍ താരം

മുംബൈ: വലിയ പ്രതീക്ഷകള്‍ നല്‍കി മറ്റൊരു സീസണ്‍ കൂടി കിരീടമില്ലാതെ ആര്‍സിബി അവസാനിപ്പിച്ചിരിക്കുകയാണ്. ഇത്തവണ എലിമിനേറ്റര്‍ കടന്ന് രണ്ടാം ക്വാളിഫയറിലേക്കെത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ് പുറത്തായി. കന്നി കിരീടത്തിനായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടിരിക്കുന്നു. ഇത്തവണ മുംബൈയുടെ കനിവില്‍ പ്ലേ ഓഫിലെത്തിയ ആര്‍സിബി ലഖ്‌നൗവിനെ എലിമിനേറ്ററില്‍ വീഴ്ത്തിയതോടെ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പതിവ് പോലെ കൊതിപ്പിച്ച് നിരാശപ്പെടുത്തി.
ഇത്തവണത്തെ ആര്‍സിബിയുടെ പുറത്താകലിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. ഫഫ് ഡുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, വിരാട് കോലി എന്നിവരുടെ മോശം ഫോമും നിറം മങ്ങിയ ബൗളിങ് നിരയുമെല്ലാം ഇത്തവണ ആര്‍സിബിയെ പിന്നോട്ടടിച്ച കാരണമാണ്. രണ്ടാം ക്വാളിഫയറില്‍ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണം.

ഇപ്പോഴിതാ ആര്‍സിബിയുടെ തോല്‍വിയുടെ കാരണമായി ഒരു നിലനിര്‍ത്തല്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ആര്‍സിബി താരവുമായിരുന്ന പാര്‍ഥിവ് പട്ടേല്‍. ഗ്ലെന്‍ മാക്‌സ് വെല്ലിനെ ആര്‍സിബി നിലനിര്‍ത്തിയതിനെയാണ് പാര്‍ഥിവ് വിമര്‍ശിച്ചത്. അഞ്ച് മോശം സീസണിന് ശേഷമാണ് അവസാന സീസണില്‍ 2021ല്‍ മാക്്‌സ് വെല്‍ ഭേദപ്പെട്ടൊരു പ്രകടനം നടത്തിയത്. എന്നിട്ടും ആര്‍സിബി നിലനിര്‍ത്തിയത് തെറ്റായ തീരുമാനമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
'ആര്‍സിബി ഇത്തവണ ഗ്ലെന്‍ മാക്‌സ് വെല്ലിനെ നിലനിര്‍ത്തിയത് ശരിക്കും എന്നെ ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. ഒരു നല്ല സീസണിന്റെ അടിസ്ഥാനത്തിലാണ് ആര്‍സിബി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. അഞ്ച് മോശം സീസണുകള്‍ക്ക് ശേഷമാണ് 2021ല്‍ കുറച്ച് റണ്‍സ് മാക്‌സ് വെല്‍ നേടിയത്. അവസാന വര്‍ഷം നേടിയതുപോലെ ഇത്തവണയും മാക്‌സ് വെല്‍ തിളങ്ങുമെന്നാണ് ആര്‍സിബി പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല' -ക്രിക് ബസില്‍ സംസാരിക്കവെ പാര്‍ഥിവ് പറഞ്ഞു.

2021 സീസണില്‍ മാക്‌സ് വെല്‍ ശരിക്കും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയത്. 14 ഇന്നിങ്‌സില്‍ നിന്ന് 513 റണ്‍സായിരുന്നു അദ്ദേഹം നേടിയത്. ഇതോടെ 11 കോടിക്ക് ആര്‍സിബി അദ്ദേഹത്തെ നിലനിര്‍ത്തി. ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന മാക്‌സ് വെല്‍ 13 മത്സരത്തില്‍ നിന്ന് 301 റണ്‍സാണ് ആകെ നേടിയത്. പാര്‍ട് ടൈം സ്പിന്നറായി തിളങ്ങിയെങ്കിലും ടീം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ മാക്‌സ് വെല്ലിന് സാധിച്ചില്ല.

അടുത്ത സീസണില്‍ ആര്‍സിബി വലിയ പൊളിച്ചെഴുത്ത് ടീമില്‍ നടത്തുമെന്നുറപ്പ്. ആരെയൊക്കെയാണ് ആര്‍സിബി അടുത്ത സീസണില്‍ പുറത്താക്കുകയെന്നത് കണ്ടറിയണം. ഇപ്പോഴിതാ ആര്‍സിബി പുറത്താക്കേണ്ട രണ്ട് പേരെയും പാര്‍ഥിവ് നിര്‍ദേശിച്ചിരിക്കുകയാണ്. 'മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ക്കാണ് ഇത്തവണ നിരാശപ്പെടുത്തുന്ന സീസണായത്. രണ്ട് പേരും നന്നായി കളിക്കുമെന്ന് വിശ്വസിച്ച് വലിയ തുക മുടക്കി നിലനിര്‍ത്തി. ഇരുവരേയും ഒഴിവാക്കിയാല്‍ നിലവില്‍ ലഭിക്കുന്ന പണത്തേക്കാള്‍ കുറവ് മാത്രമെ അടുത്ത സീസണില്‍ ലഭിക്കുകയുള്ളു. ഇവര്‍ രണ്ട് പേരയും ഒഴിവാക്കാനാണ് കൂടുതല്‍ സാധ്യതയും' - പട്ടേല്‍ പറഞ്ഞു.

അടുത്ത സീസണില്‍ ബൗളിങ് നിരയിലേക്ക് കൂടുതല്‍ ആളുകളെ ആര്‍സിബിക്ക് വേണം. സിറാജിന് പകരം അനുഭവസമ്പന്നനായ സീനിയര്‍ താരത്തെ ടീമിന് ആവിശ്യമാണ്. ബാറ്റിങ് നിരയില്‍ സ്ഥിരതയുള്ള വിശ്വസ്തരെ വേണം. മാക്‌സ് വെല്ലിനെ ഒഴിവാക്കിയാല്‍ പകരം വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള താരത്തെ ആര്‍സിബി സ്വന്തമാക്കേണ്ടതായുണ്ട്. വരുന്ന സീസണില്‍ നായകനായി ഫഫ് ഡുപ്ലെസിസ് ഉണ്ടാവുമോയെന്ന കാര്യത്തിലും ഉറപ്പില്ല. അടുത്ത സീസണില്‍ കന്നിക്കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications