'ഉറക്കം കെടുത്തിയത് ആ മത്സരമാണ്, വളരെയധികം വേദനിപ്പിച്ചു', തുറന്ന് പറഞ്ഞ് വിരാട് കോലി

അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നും ഏറ്റവും നിര്‍ഭാഗ്യാവാനായ താരമെന്നും വിളിക്കാവുന്നത് വിരാട് കോലിയെയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ താരമായിട്ടും ഇതുവരെ കിരീട ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ആര്‍സിബിയുടെ നായകനായി ഇരുന്നപ്പോഴും തനിക്ക് ചെയ്യാനാവുന്നതെല്ലാം കോലി ചെയ്തിരുന്നു. എന്നിട്ടും കിരീട ഭാഗ്യം ഉണ്ടായില്ല. അവസാന സീസണിലും കിരീടത്തിലേക്കെത്താന്‍ സാധിക്കാതെ പോയതോടെയാണ് നായകസ്ഥാനം ഒഴിയാന്‍ കോലി തീരുമാനിച്ചത്.

ഇത്തവണ അടിമുടി മാറ്റത്തോടെ എത്തുന്ന ആര്‍സിബിയില്‍ നായകനായിട്ടല്ലെങ്കിലും താരമെന്ന നിലയില്‍ ശക്തനായി അദ്ദേഹമുണ്ടാവും. ആര്‍സിബിയുടെയും കോലിയുടെയും ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കിരീട പ്രതീക്ഷ നല്‍കിയത് 2016ലെ ഐപിഎല്‍ സീസണാണ്. ഒരു ബാറ്റ്‌സ്മാന് സാധ്യമാകുന്നതെല്ലാം കോലി ചെയ്തിട്ടും ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. ക്രിസ് ഗെയ്ല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, കെ എല്‍ രാഹുല്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരെല്ലാം ഉണ്ടായിരുന്നിട്ടും ഫൈനലില്‍ എട്ട് റണ്‍സകലെ ആര്‍സിബി വീണു.

ഇപ്പോഴിതാ തന്നെ ഏറെ വേദനിപ്പിച്ച മത്സരമാണ് 2016ലെ ഐപിഎല്‍ ഫൈനലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കോലി. നാല് സെഞ്ച്വറി ഉള്‍പ്പെടെ 973 റണ്‍സ് കോലി അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് നേടിയെങ്കിലും കിരീടത്തിലേക്കെത്താനാവാത്തതിന്റെ നിരാശയാണ് കോലി തുറന്ന് പറഞ്ഞത്. ' ആ ഫൈനല്‍, അത് അങ്ങനെ സംഭവിക്കണമെന്ന് എഴുതിവെച്ചിരുന്നുവെന്നാണ് തോന്നുന്നത്. ഏറ്റവും മികച്ച പ്രകടനം നടത്തിയ സീസണ്‍, എല്ലാവരും മികച്ച പ്രകടനം നടത്തിയിട്ടുണ്ടും കിരീടത്തിലേക്കെത്താനായില്ല. ഫൈനലില്‍ 9 ഓവറില്‍ 100 റണ്‍സ് നേടിയിട്ടും കിരീടം നേടാനായില്ല. വേദനിപ്പിക്കാവുന്നതിന്റെ പരമാവധിയായിരുന്നു ആ ഫൈനല്‍. ആ ദിവസം ഞങ്ങള്‍ക്ക് ഭാഗ്യം ഉണ്ടായില്ല. ഏറെ വേദനിപ്പിച്ച മത്സരങ്ങളിലൊന്നാണത്. എല്ലാ ഐപിഎല്‍ സീസണ്‍ കളിച്ചെങ്കിലും ഇപ്പോഴും ആ ഫൈനല്‍ മനസിലുണ്ട്'- കോലി പറഞ്ഞു.

ബംഗളൂരുവിലെ ബാറ്റിങ് പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തപ്പോള്‍ ആര്‍സിബിക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 10.3 ഓവറില്‍ 114 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടും അതിനെ മുതലാക്കാന്‍ ആര്‍സിബിയുടെ മറ്റ് താരങ്ങള്‍ക്കായില്ല. ക്രിസ് ഗെയ്ല്‍ (36 പന്തില്‍ 76), വിരാട് കോലി (35 പന്തില്‍ 54) എന്നിവര്‍ ചേര്‍ന്ന് അത്രയും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചിട്ടും സഹതാരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ടീം കപ്പ് കൈവിട്ടു.

എബി ഡിവില്ലിയേഴ്സ് (5), കെ എല്‍ രാഹുല്‍ (11), ഷെയ്ന്‍ വാട്സന്‍ (11) എന്നിവര്‍ക്ക് തിളങ്ങാനാവാതെ പോയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. സച്ചിന്‍ ബേബി (10 പന്തില്‍ 18*) പൊരുതിയെങ്കിലും അവസാന ഓവറുകളില്‍ പ്രതീക്ഷിച്ച റണ്‍സ് നേടാനാവാതെ വന്നതോടെ എട്ട് റണ്‍സകലെ ആര്‍സിബി പരാജയം സമ്മതിക്കുകയായിരുന്നു. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം സീസണില്‍ കണ്ടിട്ടും കപ്പ് അകന്നുനിന്നെന്നതിനെ ദൗര്‍ഭാഗ്യമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു.

' നായകനെന്ന നിലയില്‍ കിരീടം നേടാനാവാത്തത് എന്നെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് കിരീടം നേടാനായില്ലെന്നത് അംഗീകരിക്കുന്ന വസ്തുതയാണ്. 2016ല്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ചിലപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറം ചില കാര്യങ്ങള്‍ സംഭവിക്കും' കോലി കൂട്ടിച്ചേര്‍ത്തു. ഇത്തവണ പുതിയ നായകന് കീഴിലാവും ആര്‍സിബി ഇറങ്ങുക. എബി ഡിവില്ലിയേഴ്സുമില്ലാതെ ഇറങ്ങുന്ന ആര്‍സിബി 15ാം സീസണില്‍ കന്നിക്കിരീടം നേടുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം. വിരാട് കോലി, ഗ്ലെന്‍ മാക്സ് വെല്‍, മുഹമ്മദ് സിറാജ് എന്നിവരെയാണ് മെഗാ ലേലത്തിന് മുമ്പായി ആര്‍സിബി നിലനിര്‍ത്തിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications