
പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വിരാട് കോലിയുടെ മോശം ഫോം തുടരുന്നു. സിഎസ്‌കെയ്‌ക്കെതിരേ മികച്ച റെക്കോഡുള്ള കോലി വലിയ പ്രതീക്ഷയോടെയാണ് തുടങ്ങിയതെങ്കിലും വലിയ സ്‌കോര്‍ നേടാനാവാതെ പുറത്തായി. 33 പന്തില്‍ 30 റണ്‍സാണ് കോലിക്ക് നേടാനായത്. മൂന്ന് ഫോറും ഒരു സിക്‌സുമടക്കം കോലി നിലയുറപ്പിച്ച് വരികയായിരുന്നെങ്കിലും മോയിന്‍ അലിയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് മടക്കം. 90.90 മാത്രമായിരുന്നു കോലിയുടെ സ്‌ട്രൈക്കറേറ്റ്.

സീസണില്‍ കോലിയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ഉണ്ടാവുന്നത്. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ റണ്‍സിനെക്കാള്‍ കൂടുതല്‍ പന്ത് നേരിട്ട കോലി ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ ഇന്നിങ്‌സല്ല കാഴ്ചവെച്ചത്. കോലിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം തന്നെയാണ് ഉയരുന്നത്. കോലി വിശ്രമത്തില്‍ പോകാനാണ് കൂടുതല്‍ ആരാധകരും നിര്‍ദേശിക്കുന്നത്.

ഈ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 216 റണ്‍സാണ് കോലിക്ക് നേടാനായത്. ശരാശരി 21.60. സ്‌ട്രൈക്കറേറ്റ് 111.91 മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്. ഒരു അര്‍ധ സെഞ്ച്വറി മാത്രം നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 58 റണ്‍സാണ്. കോലിയെപ്പോലൊരു ഇതിഹാസ താരത്തില്‍ നിന്ന് ഇതിലുമേറെ ടീമും ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോലിക്ക് മുന്നില്‍ സമ്മര്‍ദ്ദവുമേറെ.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ് കോലി. അഞ്ച് സെഞ്ച്വറി നേടിയ ഇതിഹാസമാണ്. എന്നാല്‍ ഇത്തവണ വളരെ സമ്മര്‍ദ്ദത്തോടെ ബാറ്റ് ചെയ്യുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയടക്കം കോലിക്ക് വിശ്രമം വേണമെന്നാണ് നിര്‍ദേശിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാത്ത കോലിയുടെ പ്രകടന കണക്ക് താഴോട്ടാണ്. ഈ സാഹചര്യത്തില്‍ കോലിക്ക് തിരിച്ചുവരാന്‍ വിശ്രമം ആവിശ്യമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ പ്രതികരിക്കുന്നത്.

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ കോലിയുടെ പ്രകടനം ഇന്ത്യക്കും വലിയ തലവേദനയാവുന്നു. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. നിലവിലെ ഫോമില്‍ കോലിക്ക് പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്തായാലും കോലിയുടെ ഗംഭീര തിരിച്ചുവരവുതന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്.