Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവന്‍ 'മഹാ പ്രതിഭ', ഇന്ത്യക്കായി 100 ടെസ്റ്റെങ്കിലും കളിക്കും, പ്രവചനവുമായി പോണ്ടിങ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുവതാരങ്ങളെ സംബന്ധിച്ച് ദേശീയ ടീമിലേക്ക് വളരാനുള്ള വലിയ അവസരമാണ് തുറന്ന് നല്‍കുന്നത്. ഇന്ത്യയുടെ ഇന്നത്തെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നുവന്നവരാണെന്ന് പറയാം. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ നീളുന്ന വലിയൊരു പട്ടിക തന്നെ പറയാനാവും. ഓരോ സീസണിന് ശേഷവും ഒന്നിലധികം യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനം നടത്തി ഉയര്‍ന്നുവരുന്നുണ്ടെന്നതാണ് കാണാന്‍ സാധിക്കുന്നത്.

തിലക് വര്‍മ, ആയുഷ് ബധോനി തുടങ്ങി ആദ്യ മത്സരങ്ങളിലൂടെത്തന്നെ ഇത്തവണ ചില യുവതാരങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സീസണ്‍ ആവേശകരമായി മുന്നോട്ട് പോകവെ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഡല്‍ഹി മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങാണ് ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍. ഇപ്പോഴിതാ ഡല്‍ഹിയുടെ യുവതാരത്തെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് പോണ്ടിങ്.

1

ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ വരെ കളിക്കുമെന്ന് പോണ്ടിങ് പ്രവചിച്ചിരിക്കുന്നത് പൃഥ്വി ഷായെക്കുറിച്ചാണ്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചത്തെത്തിയ പൃഥ്വി വെടിക്കെട്ട് ബാറ്റിങ് ശൈലിക്കുടമയാണ്. ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച പൃഥ്വി സെഞ്ച്വറിയോടെയാണ് വരവറിയിച്ചത്. ആരെയും ഭയമില്ലാതെ കളിക്കുന്ന താരം ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ വലിയ പ്രതിഭാശാലിയാണെന്നും ഇന്ത്യക്കായി 100 ടെസ്റ്റെങ്കിലും കളിക്കാന്‍ അവന് സാധിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് റിക്കി പോണ്ടിങ്.

'പൃഥ്വിയുടെ പ്രകടനം നോക്കുക. എത്രത്തോളം പ്രതിഭയാണ് അവനെന്ന് മനസിലാവും. ഇന്ത്യക്കായി 100 ടെസ്റ്റെങ്കിലും കളിക്കാന്‍ സാധിക്കുന്ന താരമായാണ് അവനെ ഞാന്‍ കാണുന്നത്. ഞാന്‍ മുംബൈ ഇന്ത്യന്‍സിലുള്ളപ്പോള്‍ രോഹിത് ശര്‍മ വളരെ ചെറുപ്പമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയുമൊന്നും അന്ന് ടീമിലേക്കെത്തിയിട്ടില്ല. അന്ന് ഞാന്‍ പരിശീലിപ്പിച്ച പല താരങ്ങളും പിന്നീട് ഇന്ത്യന്‍ ടീമിലെ സജീവ താരങ്ങളായി മാറി. അത് തന്നെയാണ് ഡല്‍ഹിയിലും ഞാന്‍ ചെയ്യുന്നത്'- പോണ്ടിങ് പറഞ്ഞു.

2

ഇന്ത്യയുടെ അടുത്ത വീരേന്ദര്‍ സെവാഗായി മാറാന്‍ കെല്‍പ്പുള്ള താരമാണ് പൃഥ്വി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇതുവരെ സജീവമാകാന്‍ പൃഥ്വിക്കായിട്ടില്ല. പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. ഐപിഎല്ലിന് തൊട്ടുമുമ്പ് നടന്ന യോയോ ടെസ്റ്റിലും പൃഥ്വി പരാജയപ്പെട്ടിരുന്നു. വണ്ണക്കൂടുതലുള്ള പൃഥ്വി ഫിറ്റനസ് ശ്രദ്ധിക്കാത്ത പക്ഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തില്ല. ടെസ്റ്റിനെക്കാള്‍ ഉപരിയായി ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ പൃഥ്വിക്ക് സാധിക്കും.

3

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഈ സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് പൃഥ്വി കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ ശേഷം തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടി പൃഥ്വി ഗംഭീര തിരിച്ചുവരവ് നടത്തി. എതിര്‍ ടീം നായകന് എങ്ങനെ ഫീല്‍ഡ് സെറ്റ് ചെയ്യണമെന്ന് പോലും അറിയാത്ത വിധം പൃഥ്വി ആക്രമിക്കുന്നു. എന്നാല്‍ അര്‍ധ സെഞ്ച്വറികളെ സെഞ്ച്വറികളാക്കി മാറ്റാന്‍ പൃഥ്വിക്ക് സാധിക്കാറില്ല. എന്നാല്‍ കടന്നാക്രമിച്ച് മികച്ച തുടക്കം നല്‍കാന്‍ താരം മിടുക്കനാണ്.

4

22കാരനായ താരം ഇന്ത്യക്കായി അഞ്ച് ടെസ്റ്റില്‍ നിന്ന് 339 റണ്‍സാണ് നേടിയത്. 42.38 എന്ന മികച്ച ശരാശരിയുള്ള പൃഥ്വി ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടി. ആറ് ഏകദിനത്തില്‍ നിന്ന് 189 റണ്‍സ് നേടിയ പൃഥ്വി അരങ്ങേറ്റ ടി20യില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. 57 ഐപിഎല്ലില്‍ നിന്നായി 1465 റണ്‍സാണ് പൃഥ്വിയുടെ പേരിലുള്ളത്. ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ പൃഥ്വിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Monday, April 11, 2022, 15:46 [IST]
Other articles published on Apr 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+