IPL 2022: 2021ലെ ഹീറോകള്‍, പക്ഷെ ഇത്തവണ ഫ്‌ളോപ്പ്, ദുരന്തമായ അഞ്ച് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. ഇന്നത്തെ മത്സരത്തോടെ ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാവും. ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ആര്‍സിബി എന്നീ ടീമുകള്‍ പ്ലേ ഓഫ് ടിക്കറ്റെടുത്തപ്പോള്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, പഞ്ചാബ്, ഹൈദരാബാദ് ടീമുകളെല്ലാം പ്ലേ ഓഫ് കാണാതെ മടങ്ങി. വലിയ പ്രതീക്ഷ നല്‍കിയ പല സൂപ്പര്‍ താരങ്ങളും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാം.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ പല പ്രമുഖരും മറക്കാനാഗ്രഹിക്കുന്ന സീസണുകളിലൊന്നാണ് ഇത്തവണത്തേത്. തൊട്ടതെല്ലാം വമ്പന്മാര്‍ക്ക് പിഴച്ചത് വലിയ ടീമുകളേയും പ്രതികൂലമായി ബാധിച്ചു. 2021ലെ സീസണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഹീറോയായി മാറിയ പല താരങ്ങളും 2022 സീസണില്‍ ദുരന്തമായി. ഇത്തരത്തില്‍ ഏറ്റവും നിരാശപ്പെടുത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍
പഞ്ചാബ് കിങ്‌സ് നായകനെന്ന നിലയില്‍ മായങ്ക് അഗര്‍വാള്‍ ഇത്തവണ വലിയ പരാജയമായിരുന്നു. ഓപ്പണറായി തിളങ്ങാതെ വന്നതോടെ മധ്യനിരയിലേക്ക് മാറിയിട്ടും മായങ്കിന് തിളങ്ങാനായില്ല. 12 മത്സരത്തില്‍ നിന്ന് 17.73 ശരാശരിയില്‍ 195 റണ്‍സാണ് മായങ്കിന് നേടാനായത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ 2021ല്‍ 40.9 ശരാശരിയില്‍ 441 റണ്‍സാണ് മായങ്ക് നേടിയത്. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് 2021ല്‍ മായങ്ക് കളിച്ചത്. എന്നാല്‍ ഇത്തവണ നായകനായപ്പോള്‍ മായങ്ക് സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുകയുമായിരുന്നു.

വെങ്കടേഷ് അയ്യര്‍
2021ലെ ഐപിഎല്ലിലെ ഹീറോയായിരുന്നു വെങ്കടേഷ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനല്‍ കളിച്ചപ്പോള്‍ നിര്‍ണ്ണായകമായത് വെങ്കടേഷായിരുന്നു. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന വെങ്കടേഷ് 10 ഇന്നിങ്‌സില്‍ നിന്ന് 41.11 ശരാശരിയില്‍ 370 റണ്‍സാണ് നേടിയത്. ഇതോടെ വെങ്കടേഷിനെ ഇന്ത്യന്‍ ടീമിലേക്കടക്കം വിളിയെത്തി. എന്നാല്‍ വണ്‍ സീസണ്‍ വണ്ടറായി വെങ്കടേഷ് മാറി. ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഓപ്പണറായും ഫിനിഷറുമായെല്ലാം കളിച്ചിട്ടും തിളങ്ങാനായില്ല. 12 മത്സരത്തില്‍ നിന്ന് 16.55 ശരാശരിയില്‍ നേടിയത് 182 റണ്‍സ്. ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വെങ്കടേഷിന്റെ മോശം പ്രകടനമാണ് ഇത്തവണ കെകെആറിനെ പിന്നോട്ടടിച്ച പ്രധാന കാരണങ്ങളിലൊന്ന്.

കറെന്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനും വെസ്റ്റ് ഇന്‍ഡീസ് കരുത്തുമായ കറെന്‍ പൊള്ളാര്‍ഡും 2022 സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയവരില്‍ ഒരാളാണ്. 11 മത്സരത്തില്‍ നിന്ന് 144 റണ്‍സാണ് പൊള്ളാര്‍ഡിന് നേടാനായത്. 14.40 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ടീമിന് ബാധ്യതയാകുന്ന പ്രകടനമാണ് പൊള്ളാര്‍ഡ് കാഴ്ചവെച്ചത്. എന്നാല്‍ 2021 സീസണില്‍ 30.62 ശരാശരിയില്‍ 245 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 148.48 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ പൊള്ളാര്‍ഡ് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.

ഹര്‍ഷല്‍ പട്ടേല്‍
2021 സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായിരുന്നു ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍. 15 മത്സരത്തില്‍ നിന്ന് 32 വിക്കറ്റാണ് 2021 സീസണില്‍ അദ്ദേഹം വീഴ്ത്തിയത്. 8.14 ആയിരുന്നു ഇക്കോണമി. എന്നാല്‍ ഇത്തവണ തീരെ മോശമാക്കിയില്ലെങ്കിലും അവസാന സീസണിലെ മികവ് ആവര്‍ത്തിക്കാനായില്ല. 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ആര്‍സിബി പ്ലേ ഓഫില്‍ കടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗംഭീര പ്രകടനത്തോടെ ആര്‍സിബിയുടെ വിജയ ശില്‍പ്പിയാവാന്‍ ഹര്‍ഷലിനാവുമോയെന്ന് കണ്ടറിയാം.

വരുണ്‍ ചക്രവര്‍ത്തി
ഇത്തവണ ദുരന്തമായി മാറിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. 2021 സീസണില്‍ 17 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഇതോടെ അദ്ദേഹത്തെ മെഗാ ലേലത്തിന് മുമ്പ് കെകെആര്‍ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പ്ലേയിങ് 11ല്‍ നിന്നടക്കം മാറ്റിനിര്‍ത്തപ്പെട്ട അദ്ദേഹം 11 മത്സരങ്ങളില്‍ നിന്ന് ആറ് വിക്കറ്റാണ് ആകെ വീഴ്ത്തിയത്. ഇക്കോണമി 8.51.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications