IPL 2022: 'വാഴ്ത്തപ്പെടാത്ത ഹീറോ', നെഹ്‌റയെന്ന കോച്ചിനെ മറക്കല്ലേ... പ്രശംസിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയപ്പോള്‍ ഗുജറാത്ത് 11 പന്തുകള്‍ ബാക്കിനിര്‍ത്തി ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. രാജസ്ഥാന് ബാറ്റിങ്ങിലും ബൗളിങ്ങിലും പിഴച്ചപ്പോള്‍ ആധികാരികമായിരുന്നു ഗുജറാത്തിന്റെ ജയം. ഒരു ഘട്ടത്തില്‍ പോലും രാജസ്ഥാന് ഗുജറാത്തിനെ വെല്ലുവിളിക്കാനായില്ല.
ഗുജറാത്തിന്റെ വിജയത്തില്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് എല്ലാവരും പ്രശംസിക്കുകയാണ്. അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക് എന്ന നായകന് സാധിച്ചു. ബാറ്റുകൊണ്ടും പന്തുകൊണ്ടും സീസണിലുടെനീളം തിളങ്ങിയ ഹര്‍ദിക് ഓള്‍റൗണ്ട് പ്രകടനത്തോടെ ഫൈനലിലെയും ഹീറോയായി. ഗുജറാത്തിന്റെ താരങ്ങളെല്ലാം കൈയടി നേടുമ്പോഴും അധികമാരും ഗുജറാത്തിന്റെ മുഖ്യ പരിശീലകനായ ആശിഷ് നെഹ്‌റയെ പ്രശംസിച്ചില്ല.

മെഗാ ലേലത്തിന് ശേഷം ശരാശരി ടീമെന്ന് മാത്രം വിലയിരുത്തപ്പെട്ട ഗുജറാത്ത് ഇപ്പോള്‍ കിരീടം ചൂടിയതിന് പിന്നില്‍ നെഹ്‌റയുടെയും ഗാരി കേഴ്സ്റ്റന്റെയും പങ്ക് ചെറുതല്ല. ടീമിന് ഉപദേശങ്ങള്‍ നല്‍കി ഹര്‍ദിക്കിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി മുന്നില്‍ നിന്ന് മത്സരത്തെ നിയന്ത്രിക്കുന്നതില്‍ നെഹ്‌റയുടെ പങ്ക് വളരെ വലുതാണ്. കിരീടത്തിലേക്ക് ടീം എത്തിയിട്ടും നെഹ്‌റയെന്ന പേര് എവിടെയും അധികം മുഴങ്ങിക്കേട്ടില്ല. എന്നാല്‍ ചില ആരാധകരെങ്കിലും ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ നെഹ്‌റയുടെ തന്ത്രങ്ങളുടെ പങ്ക് തിരിച്ചറിയുന്നു.
ഐപിഎല്ലില്‍ ഒരു ടീമിനെ കിരീടത്തിലേക്ക് എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന നേട്ടത്തിലേക്കെത്താന്‍ സാധിച്ചതെന്ന് നെഹ്‌റക്ക് മാത്രമാണെന്നത് ആരും വിസ്മരിക്കുന്നത്. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ് തുടങ്ങി പല പ്രമുഖ ഇന്ത്യയുടെ ഇതിഹാസങ്ങളും നോക്കിയിട്ട് സാധിക്കാതെ പോയതാണ് ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ ഗുജറാത്തിനെ കപ്പിലേക്കെത്തിച്ച് ഇപ്പോള്‍ നേടിയിരിക്കുന്നത്.

മറ്റ് പരിശീലകരുടെ ശൈലിയെപ്പോലെയേ ആയിരുന്നില്ല നെഹ്‌റയുടെ പെരുമാറ്റം. ഒട്ടുമിക്ക പരിശീലകരും ലാപ്‌ടോപും നീണ്ട ചര്‍ച്ചകളുമായി വലിയ തന്ത്രങ്ങള്‍ മെനയുമ്പോള്‍ തന്റെ താരങ്ങള്‍ക്ക് അനാവശ്യ സമ്മര്‍ദ്ദം നല്‍കാതിരിക്കാനാണ് നെഹ്‌റ ശ്രദ്ധിച്ചത്. ഓരോ ബാറ്റിങ് പൊസിഷനിലേക്കും കൃത്യമായ താരങ്ങളെ കണ്ടെത്തുന്നതില്‍ നെഹ്‌റയെന്ന പരിശീലകന്‍ വിജയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. താരങ്ങളോട് ആവിശ്യത്തിന് വിശ്രമം എടുക്കാനാണ് നെഹ്‌റ ഉപദേശിക്കുന്നത്.
കസേരയിലിരുന്ന് ലാപ്‌ടോപ്പില്‍ നോക്കി മത്സരം വീക്ഷിക്കുന്ന നിലയില്‍ ഒരു തവണ പോലും നെഹ്‌റയെ കണ്ടില്ല. ഡഗൗട്ടിലൂടെ എപ്പോഴും നടന്ന് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിക്കൊണ്ടേയിരിക്കുന്ന ഊര്‍ജ്ജ സ്വലനായ പരിശീലകനായാണ് നെഹ്‌റ ഇത്തവണ മാറിയത്. നെഹ്‌റയെ പരിശീലകനാക്കിയപ്പോഴും ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോഴും നെറ്റി ചുളുക്കിയവര്‍ നിരവധിയായിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഗുജറാത്തിന്റെ ഇത്തവണത്തെ കിരീടം.

ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കുന്ന മുഖ്യ പരിശീലകനല്ല നെഹ്‌റ. ആദ്യമായാണ് അദ്ദേഹം ഒരു ടീമിന്റെ മുഖ്യ പരിശീലകനാവുന്നത്. നേരത്തെ ആര്‍സിബിയുടെ പരിശീലക സംഘത്തില്‍ നെഹ്‌റ ഉള്‍പ്പെട്ടിരുന്നെങ്കിലും മുഖ്യ പരിശീലക സ്ഥാനം ലഭിച്ചില്ല. ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിച്ച പരിശീലകന്‍ ഗാരി കേഴ്സ്റ്റന്‍ ഗുജറാത്തിന്റെ പരിശീലക സംഘത്തില്‍ ഉണ്ടായിരുന്നിട്ടും നെഹ്‌റയെ മുഖ്യ പരിശീലകനാക്കിയത് എന്തിനാണെന്ന ചോദ്യം പലരും ചോദിച്ചിരുന്നെങ്കിലും അതിനുള്ള ഉത്തരമാണ് ഗുജറാത്തിന്റെ കിരീടം.
അധികം കൊട്ടിഘോഷങ്ങളില്ലാതെ തന്റെ ജോലി ഏറ്റവും ഗംഭിയായി ചെയ്യാന്‍ നെഹ്‌റയെന്ന പരിശീലകന് സാധിച്ചിരിക്കുന്നു. ഹര്‍ദിക്കിന്റെ ഇത്തവണത്തെ നായക മികവില്‍ നെഹ്‌റയെന്ന പരിശീലകന്റെ സ്വാധീനവും വളരെ വലുതാണ്. ഐപിഎല്ലില്‍ വളരെ പ്രതീക്ഷ നല്‍കുന്ന പരിശീലകനായി ഒറ്റ സീസണ്‍കൊണ്ട് നെഹ്‌റക്ക് മാറാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications