
ഇതു തന്നെയാണ് 2016ലെ സീസണിലും കണ്ടത്. അന്നു പക്ഷെ ബട്‌ലറുടെ സ്ഥാനത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയായിരുന്നു. അന്നു കോലിക്കും ആര്‍സിബിയെ ചാംപ്യന്‍മാരാക്കാന്‍ സാധിച്ചില്ല. ഇത്തവണത്തെ ബട്‌ലറുടെ പ്രകടനത്തിനു കോലിയുടെ പ്രകടനവുമായി പല സാമ്യതകളും കാണാന്‍ സാധിക്കും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

2016ലെ ഐപിഎല്‍ സീസണില്‍ അവിശ്വസനീയ ബാറ്റിങ് പ്രകടമായിരുന്നു വിരാട് കോലി കാഴ്ചവച്ചത്. 973 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. ടൂര്‍ണമെന്റിന്റെ ഒരു സീസണിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണിത്. ജോസ് ബട്‌ലര്‍ ഈ റെക്കോര്‍ഡ് ഇത്തവണ തിരുത്തുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കാരണം സീസണിന്റെ ആദ്യ പകുതിയില്‍ അവിശ്വസനീയ ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പക്ഷെ രണ്ടാംപകുതിയില്‍ ഇതാവര്‍ത്തിക്കാനായില്ല. 17 മല്‍സരങ്ങളില്‍ നിന്നും ബട്‌ലറിന്റെ സമ്പാദ്യം 863 റണ്‍സായിരുന്നു. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഉള്‍പ്പെടെയായിരുന്നു ഇത്.
വിരാട് കോലിയും 2016ല്‍ നാലു സെഞ്ച്വറികളോടെയായിരുന്നു 900ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഫൈനലിലെത്തിക്കുകയും ചെയ്തത്. ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡ് അന്നു കോലി തന്റെ പേരില്‍ കുറിച്ചിരുന്നു. ആര്‍ക്കും ഈ റെക്കോര്‍ഡിനൊപ്പം എത്താനാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഈ സീസണില്‍ ജോസ് ബട്‌ലര്‍ നാലു സെഞ്ച്വറികളോടെ ഈ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ്.
2016ലെ ഓറഞ്ച് ക്യാപ്പ് കോലിക്കായിരുന്നു. പക്ഷെ ആര്‍സിബിക്കു ഫൈനലില്‍ കാലിടറുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ നയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയെ വീഴ്ത്തി കപ്പുയര്‍ത്തിയത്.

ആറു വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലിയുടെ അതേ വിധി തന്നെയാണ് ജോസ് ബട്‌ലര്‍ക്കുമുണ്ടായത്. നാലു സെഞ്ച്വറികളെന്നന റെക്കോര്‍ഡും ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പുമുണ്ടായിട്ടും ബട്‌ലര്‍ക്കു രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ വിജയിപ്പിക്കാനായില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിനാണ് റോയല്‍സിനു കലാശപ്പോരില്‍ അടിതെറ്റിയത്.

2016ലെയും ഈ സീസണിലെയും സാമ്യതകള്‍ അവസാനിക്കുന്നില്ല. 2016ല്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തായിരുന്നു ഫൈനലിലേക്കു ടിക്കറ്റെടുത്തത്.
ഇത്തവണയും അങ്ങനെ തന്നെ. ജോസ് ബട്‌ലറുടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2016ല്‍ മറ്റൊരു ഗുജറാത്ത് ടീമായിരുന്നു പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ഗുജറാത്ത് ലയണ്‍സായിരുന്നു ഇത്. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാംസ്ഥാനക്കാരാവുകയും ചെയ്തു. 2016ലെയും ഇത്തവണത്തെയും ഫൈനല്‍ നടന്നത് മേയ് 29നായിരുന്നുവെന്നതാണ് മറ്റൊരു സാമ്യം.


Click it and Unblock the Notifications