IPL 2022: 'നല്ല വേഗമുണ്ട്, പക്ഷെ പക്വതയില്ല', ഉമ്രാന്‍ ഖാനെക്കുറിച്ച് മുഹമ്മദ് ഷമി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട യുവതാരമാരെന്ന ചോദ്യത്തിന് ഉമ്രാന്‍ മാലിക്ക് എന്ന് തന്നെയാണ് ഉത്തരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ അതിവേഗ പന്തുകളുടെ പേരിലാണ് ഇത്തവണ കൈയടി നേടിയത്. 157 കിലോ മീറ്റര്‍ വേഗം കുറിച്ച് ഐപിഎല്ലിലെ അതിവേഗക്കാരന്‍ ബൗളറെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഉമ്രാനായി. ഇത്തവണത്തെ ഉമ്രാന്റെ പേസ് മികവിനെ അഭിനന്ദിക്കാത്തവര്‍ കുറവാണെന്ന് പറയാം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരത്തില്‍ അതിവേഗ പേസര്‍മാര്‍ വളരെ കുറവായതിനാല്‍ വലിയ പരിഗണന യുവതാരത്തിന് ലഭിക്കുന്നുണ്ട്.
ടി20 ലോകകപ്പില്‍ ഇന്ത്യ പേസ് നിരയിലേക്ക് ഉമ്രാന്‍ മാലിക്കിനെക്കൂടി പരിഗണിക്കണമെന്നാണ് പൊതുവേ എല്ലാവരും അഭിപ്രായപ്പെടുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളടക്കം ഉമ്രാനായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഉമ്രാഖാന് നല്ല വേഗമുണ്ടെങ്കിലും പക്വതയിലേക്കെത്താന്‍ അല്‍പ്പം കൂടി സമയമെടുക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമി. ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് ഷമി കാഴ്ചവെക്കുന്നത്.

'ഉമ്രാന്‍ മാലിക് മികച്ച പേസുള്ള താരമാണ്. എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ അതിവേഗത്തിനെ സ്‌നേഹിക്കുന്നവരില്‍ ഒരാളല്ല. നിങ്ങള്‍ 140 വേഗത്തില്‍ പന്തെറിഞ്ഞ് രണ്ട് വശത്തേക്കും പന്തിനെ ചലിപ്പിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഏത് ബാറ്റ്‌സ്മാനെതിരേയും അത് മതി. അവന് മികച്ച പേസുണ്ട്. എന്നാല്‍ പക്വത വരാന്‍ അല്‍പ്പം കൂടി സമയം വേണ്ടിവരുമെന്നാണ് കരുതുന്നത്. കാരണം പേസ് ബൗളര്‍മാര്‍ കൃത്യത കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതായുണ്ട്'- ഷമി പറഞ്ഞു.
ഉമ്രാന്റെ പേസ് മികവില്‍ ആര്‍ക്കും സംശയമില്ല. ഭേദപ്പെട്ട ലൈനും ലെങ്തുമുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കില്ല. അവസാന രണ്ട് മത്സരത്തില്‍ 100 റണ്‍സിനോടടുത്താണ് ഉമ്രാന്‍ വിട്ടുകൊടുത്തത്. അതുകൊണ്ട് തന്നെ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹത്തെ പരിഗണിക്കാനുള്ള സമയമായിട്ടില്ലെന്ന് തന്നെ പറയാം. ടെന്നിസ് ബോളിന്റെ അനുഭവസമ്പത്തില്‍ വളര്‍ന്ന് പ്രതിഭകൊണ്ട് ഐപിഎല്ലിലേക്കെത്തിയ താരമാണ് ഉമ്രാന്‍. അതിവേഗ പേസുണ്ടെങ്കിലും പന്തില്‍ മിക്കപ്പോഴും നിയന്ത്രണം നഷ്ടമാവുന്നു.

അതിവേഗ യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുണ്ടെങ്കിലും പലപ്പോഴും ഇത് ഫലപ്രദമായി യോര്‍ക്കറാക്കാന്‍ സാധിക്കുന്നില്ല. ഇത്തവണ 11 മത്സരത്തില്‍ നിന്ന് 15 വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 22കാരനായ താരത്തിന് മികച്ച പരിശീലനം ലഭിച്ചാല്‍ കരിയറില്‍ ഉന്നതങ്ങളിലേക്ക് ഉയരാനുള്ള കഴിവുണ്ട്. എന്നാല്‍ നിലവില്‍ അദ്ദേഹത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതില്‍ വലിയ കാര്യമുണ്ടാവില്ല.
ഇത്തവണ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ് നടക്കുന്നത്. അതിവേഗ ബൗളര്‍മാര്‍ക്ക് ഓസീസ് സാഹചര്യം വളരെ ഗുണകരമാണ്. ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാരുടെ കുറവുണ്ട്. അതുകൊണ്ട് തന്നെ ഉമ്രാനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്നാണ് കൂടുതല്‍ പ്രമുഖരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉമ്രാനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. അതിലെ പ്രകടനം അനുസരിച്ചാവും അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലേക്ക് മുന്നോട്ടുള്ള സ്ഥാനം.

ഇത്തവണ മുഹമ്മദ് ഷമി ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മികച്ച പ്രകടനമാണ് നടത്തുന്നത്. 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്ത്തി. 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 7.87 എന്ന ഭേദപ്പെട്ട ഇക്കോണമിയുമുണ്ട്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ ഷമി മിടുക്കനാണ്. ഇത്തവണ ഗുജറാത്തിന്റെ പ്ലേ ഓഫിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായക പങ്കാണ് ഷമിക്കുള്ളത്. 2021ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഷമിയും ഉള്‍പ്പെട്ടിരുന്നു. ഇത്തവണയും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഷമി ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. ഓസീസ് സാഹചര്യത്തില്‍ സ്വിങ് പേസര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കും. എന്നാല്‍ ലോകകപ്പിന് ഇനിയും മാസങ്ങള്‍ ഉള്ളതിനാല്‍ സെലക്ടര്‍മാര്‍ എന്ത് തീരുമാനിക്കുമെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications