IPL 2022: 'കോലിക്ക് ഇടവേള അത്യാവശ്യമാണ്', മോശം ഫോമിന് പരിഹാരം നിര്‍ദേശിച്ച് ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആര്‍സിബിയുടെ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലി കാഴ്ചവെക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന കോലി ഇന്ത്യയുടെയും ആര്‍സിബിയുടെയും നായകസ്ഥാനം പൂര്‍ണ്ണമായി ഒഴിഞ്ഞ് ബാറ്റിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ മത്സരത്തിന് ശേഷവും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് കോലിയുടെ യാത്രയെന്ന് പറയാം.
ബാറ്റിങ്ങില്‍ പഴയ മികവ് കോലിക്ക് കാട്ടാനാവുന്നില്ല. 41*, 12, 5, 48, 1, 12, 0 എന്നിങ്ങനെയാണ് ഈ സീസണില്‍ ഇതുവരെ കോലിക്ക് നേടാനായത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരം കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹം പുറത്തായി. ദുഷ്മന്ത ചമീരയാണ് കോലിയെ മടക്കിയത്. ഇതോടെ കോലിക്കെതിരേ വലിയ വിമര്‍ശനം ഒരു പക്ഷത്ത് ഉയരുമ്പോള്‍ കോലിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാത്ത അവസ്ഥയില്‍ നിരാശരാണ് മറ്റൊരു പക്ഷം ആരാധകര്‍.

ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ മോശം ഫോം ഇന്ത്യക്കും ആശങ്ക സൃഷ്ടിക്കുന്നു. ഇപ്പോഴിതാ കോലിയുടെ മോശം ഫോമിന് പരിഹാരം നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോലി ക്യാപ്റ്റനും രവി ശാസ്ത്രി പരിശീലകനും എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ ആറ് ഏഴ് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ്. കോലിയുമായി വലിയ ആത്മബന്ധവും ശാസ്ത്രിക്കുണ്ട്.
ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ നിന്ന് തിരിച്ചുവരാന്‍ കോലിക്ക് ഇടവേള അത്യാവശ്യമാണെന്നാണ് ശാസ്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. മാനസികമായി കോലി ഇടവേള ആവിശ്യപ്പെടുന്നുണ്ടെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. 'ഞാന്‍ പരിശീലകനായി തുടങ്ങുന്ന സമയത്ത് ആദ്യമേ പറഞ്ഞത് എല്ലാവരോടും സഹാനുഭൂതി കാട്ടണമെന്നാണ്. അനാവശ്യമായി സമ്മര്‍ദ്ദം നല്‍കി പ്രയാസപ്പെടുത്തരുത്.

ഇപ്പോള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകുന്ന പ്രധാന താരത്തിലേക്ക് തന്നെ വരാം. വിരാട് കോലി വലിയ പിരിമുറുക്കത്തിലാണ്. നിലവില്‍ ആരെങ്കിലും ഇടവേള ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കോലിയാണ്. കോലിക്ക് ഇനിയും 6-7 വര്‍ഷമെങ്കിലും ക്രിക്കറ്റ് കരിയര്‍ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അവന്‍ ഇടവേള ആവിശ്യപ്പെടുന്നു. നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറയുകയാണ് വേണ്ടത്'- രവി ശാസ്ത്രി പറഞ്ഞു.
സമീപകാലത്തായി വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് കോലി കടന്ന് പോകുന്നത്. ബാറ്റിങ്ങില്‍ ഫോം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. 2021ലെ ടി20 ലോകകപ്പോടെ ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലിക്ക് പിന്നീട് ടെസ്റ്റിലും ഏകദിനത്തിലും നായകസ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നു. ഇത് മാനസികമായി കോലിയെ തളര്‍ത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. ഇത് കൂടാതെ സെഞ്ച്വറി നേടാനാവാത്തതിന്റെ സമ്മര്‍ദ്ദവും ആരാധകര്‍ അര്‍പ്പിക്കുന്ന അമിത പ്രതീക്ഷയുമെല്ലാം കോലിയെ കൂടുതല്‍ നിരാശനാക്കി.

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ കോലിയെ ഉപദേശിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്. 'രവി പറഞ്ഞത് 100 ശതമാനവും സത്യമാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം കുടുംബകാര്യങ്ങളിലും അവന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിവരുന്നു. മാധ്യമങ്ങളില്‍ നിന്ന് കുട്ടിയുടെ സ്വകാര്യതയെ സംരക്ഷിക്കേണ്ടതായുണ്ട്. ആറ് മാസത്തേക്കെങ്കിലും കോലി വിശ്രമമെടുക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ മികച്ച പ്രകടനം കോലിക്ക് സാധ്യമാവുമെന്ന് കരുതുന്നില്ല. അവന്റെ ബുദ്ധി വലിയ സമ്മര്‍ദ്ദം നേരിടുന്നു'- പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

എന്തായാലും കോലിയെപ്പോലൊരു ഇതിഹാസ താരത്തിന് ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് ആരും ചിന്തിച്ചതല്ല. എത്രയും വേഗം ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications