
ഈയാഴ്ച നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ മെഗാ താരലേലം ആരംഭിക്കുന്ന സമയം പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടക്കുന്ന മെഗാ ലേലം രാവിലെ 11 മണിക്കാണ് തുടങ്ങുക. എത്ര മണി വരെ ഇതു നീണ്ടുനില്‍ക്കുമെന്നു വ്യക്തമല്ല. ഐപിഎല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് മെഗാ ലേലത്തിന്റെ സമയം പുറത്തുവിട്ടിരിക്കുന്നത്. വിവോയ്ക്കു പകരം പുതിയ സീസണിലെ ഐപിഎല്ലിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍ ടാറ്റയാണ്. അതുകൊണ്ടു തന്നെ ടാറ്റ ഐപിഎല്ലെന്നു ടൂര്‍ണമെന്റിന്റെ പേരിലും മാറ്റം വരുത്തിയിരുന്നു.
2022ലെ ടാറ്റ ഐപിഎല്‍ ലേലം ഏതാണ് എത്തിക്കഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ഭാവി ഇവിടെയായിരിക്കും തീരുമാനിക്കപ്പെടുക. വിജയത്തിലേക്കുള്ള പാത ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. മെഗാ ലേലത്തിലെ ഓരോ നീക്കവും ഫെബ്രുവരി 12, 13 തിയ്യതികളിലായി 11 മണി മുതല്‍ തുടങ്ങുമെന്നായിരുന്നു ഐപിഎല്ലിന്റെ ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചത്.
10 ഫ്രാഞ്ചൈസികളാണ് വരാനിരിക്കുന്ന ഐപിഎല്‍ സീസണിനു മുന്നോടിയായി താരങ്ങളെ സ്വന്തമാക്കാന്‍ രണ്ടു ദിവസം നീളുന്ന മെഗാ ലേലത്തില്‍ രംഗത്തിറങ്ങുന്നത്. നേരത്തേയുണ്ടായിരുന്ന എട്ടു ടീമുകളോടൊപ്പം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രഞ്ചൈസികള്‍ കൂടി ഇത്തവണയുണ്ടാവും. ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ കളിക്കാര്‍ ആരാക്കെയാണെന്നു മുഴുവന്‍ ഫ്രാഞ്ചൈസികളും നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കുറച്ച് കളിക്കാരെ നിലനിര്‍ത്തിയ ടീം പഞ്ചാബ് കിങ്‌സാണ് (രണ്ടു പേര്‍).

അതിനിടെ ഒഴിവാക്കപ്പെട്ട കളിക്കാരില്‍ നിന്നും മൂന്നു പേരെ ലേലത്തിനു മുമ്പ് ടീമിലേക്കു കൊണ്ടു വരാന്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ക്കും അനുമതിയുണ്ടായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, അഫ്ഗാനിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ഇന്ത്യന്‍ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇന്ത്യയുടെ പുതിയ വൈറ്റ് ബോള്‍ ടീം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഇന്ത്യയുടെ യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരെ ലഖ്‌നൗ ടീമും വാങ്ങിക്കുകയായിരുന്നു. അഹമ്മദാബാദിനെ ഹാര്‍ദിക്കും ലഖ്‌നൗവിനെ രാഹുലുമാണ് അടുത്ത സീസണില്‍ നയിക്കുക. 17 കോടി രൂപയാണ് രാഹുലിന്റെ പ്രതിഫലമെങ്കില്‍ ഹാര്‍ദിക്കിനു 15 കോടിയായിരിക്കും ലഭിക്കുക.
ആകെ 590 കളിക്കാരാണ് മെഗാ ലേലത്തിന്‍ന്റെ പൂളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 355 പേര്‍ ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടില്ലാത്തവരാണ്. 228 പേരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളവര്‍. ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍, ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, ഇന്ത്യയുടെ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട്, സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക്, ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡ എന്നിവരാണ് ലേലത്തിലെ മാര്‍ക്വി താരങ്ങള്‍. രണ്ടു കോടി അടിസ്ഥാന വിലയുള്ള 48 കളിക്കാരാണ് ലേലത്തിലുള്ളത്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 പേരുമുണ്ട്. 34 താരങ്ങളുടെ അടിസ്ഥാന വില ഒരു കോടി രൂപയാണ്.