IPL 2022: 'തട്ടകം തുണക്കും', മരണ ഗ്രൂപ്പില്‍ നിന്നും മുംബൈ പ്ലേ ഓഫില്‍ ഉറപ്പ്, മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം ശക്തമാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ തീയ്യതി ബിസിസി ഐ പ്രഖ്യാപിച്ച് കഴിഞ്ഞു. മാര്‍ച്ച് 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 29നാണ് അവസാനിക്കുന്നത്. മുംബൈ, പൂനെ എന്നീ രണ്ട് വേദികളിലായാവും ഇത്തവണ മുഴുവന്‍ മത്സരങ്ങളും നടക്കുക. മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരവും ശേഷിക്കുന്ന 15 മത്സരം പൂനെയിലുമാവും നടക്കുക.
ഇത്തവണ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ തമ്മില്‍ രണ്ട് മത്സരങ്ങള്‍ വീതം കളിക്കും. ഇത് കൂടാതെ എതിര്‍ ഗ്രൂപ്പില്‍ ഒരേ റാങ്കുള്ള ടീമുമായി രണ്ട് മത്സരവും മറ്റ് ടീമുകളുമായി ഓരോ മത്സരവും കളിക്കും. ഇങ്ങനെ വരുമ്പോള്‍ ഓരോ ടീമിനും 14 മത്സരങ്ങള്‍ വീതമാവും ലഭിക്കുക. ഏഴ് വീതം ഹോം, എവേ മത്സരങ്ങളാവും ഉണ്ടാവുക. ഇത്തവണ വമ്പന്‍ പോരാട്ടം തന്നെ ആരാധകര്‍ക്ക് കാണാനാവുമെന്നുറപ്പാണ്.

ഗ്രൂപ്പ് എയാണ് മരണ ഗ്രൂപ്പ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. എല്ലാ ടീമുകളും ഒന്നിനൊന്ന് കരുത്തരായതിനാല്‍ ഗ്രൂപ്പ് എയില്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ഇത്തവണ മരണ ഗ്രൂപ്പില്‍ നിന്നും മുംബൈ പ്ലേ ഓഫിലെത്തുമെന്നുറപ്പാണ്. അതിനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

തട്ടകത്തിന്റെ ആധിപത്യം കരുത്ത്
ഇത്തവണ ഗ്രൂപ്പുഘട്ടത്തിലെ ഭൂരിപക്ഷം മത്സരങ്ങളും മുംബൈയിലെ മൂന്ന് വേദികളായാണ് നടക്കുന്നതെന്നത് മുംബൈ ഇന്ത്യന്‍സിന് തീര്‍ച്ചയായും മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ 20 മത്സരങ്ങളും ബ്രാബ്രൗണ്‍ സ്റ്റേഡിയത്തില്‍ 15 മത്സരവും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 20 മത്സരവുമാണ് നടക്കുന്നത്. ശേഷിക്കുന്ന 15 മത്സരങ്ങള്‍ മാത്രമാണ് പൂനെ എംസിഎ സ്റ്റേഡിയത്തില്‍ നടക്കുന്നത്.
മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിലെ മത്സരങ്ങള്‍ കൂടാതെ മുംബൈയിലെ മറ്റ് രണ്ട് വേദികളിലും മുംബൈ ഇന്ത്യന്‍സിന് മത്സരമുണ്ട്. മുംബൈയിലെ മൈതാനങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരനിരയാണ് മുംബൈക്കുള്ളതെന്നതിനാല്‍ ഹോം ഗ്രൗണ്ടിന്റെ ആധിപത്യം ടീമിന് മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്.

മറ്റ് ടീമുകള്‍ക്ക് കടുപ്പം
മുംബൈയുടെ ഗ്രൂപ്പിലെ എതിര്‍ ടീമുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ല. കാരണം ഇവര്‍ക്കെല്ലാം മുംബൈയിലെ സ്റ്റേഡിയങ്ങളാണ് ഹോം ഗ്രൗണ്ടായി വരിക. മുംബൈയെ സംബന്ധിച്ച് വാംഖഡെ പോലെ തന്നെയാണ് മുംബൈയിലെ മറ്റ് വേദികളും. മുംബൈയിലെ മൂന്ന് വേദികളിലും മുംബൈക്ക് കളിച്ചുള്ള പരിചയസമ്പത്ത് മറ്റ് ടീമുകള്‍ക്കെതിരേ മുതല്‍ക്കൂട്ടാവും. ഐപിഎല്ലിലെ ആദ്യ രണ്ട് സീസണിലും മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമായിരുന്നു ടീമിന്റെ ഹോം ഗ്രൗണ്ട്. 2010ല്‍ ബ്രാബൗണ്‍ സ്‌റ്റേഡിയത്തില്‍ കളിച്ച ഏഴ് മത്സരത്തില്‍ ആറിലും മുംബൈ ജയിച്ചിരുന്നു. ഈ കണക്കുകളെല്ലാം മുംബൈക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതും എതിരാളികള്‍ക്ക് ചങ്കിടിപ്പ് നല്‍കുന്നതുമാണ്.

മികച്ച ടീം കരുത്തും ആരാധക പിന്തുണയും
മുംബൈയിലാണ് കൂടുതല്‍ മത്സരമെന്നതിനാല്‍ മുംബൈക്ക് കൂടുതല്‍ ആരാധക പിന്‍ബലം ലഭിക്കും. മൂന്ന് സ്റ്റേഡിയത്തിലും കൂടുതല്‍ ഉണ്ടാവുക മുംബൈ ആരാധകരാവും. ഇത് മറ്റ് ടീമുകളെക്കാള്‍ മുംബൈയുടെ ആത്മവിശ്വാസം ഉയര്‍ത്തും. കൂടാതെ കരുത്തുറ്റ താരനിരയും മുംബൈക്കൊപ്പമുണ്ട്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, കറെണ്‍ പൊള്ളാര്‍ഡ് തുടങ്ങി ടീമിലെ സ്ഥിരം പുലികളെല്ലാം ഇത്തവണയും മുംബൈക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ വ്യക്തമായ മുന്‍തൂക്കം രോഹിത്തിനും സംഘത്തിനും ഇത്തവണയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications