IPL 2022: ആദ്യം അണ്‍സോള്‍ഡായി, രണ്ടാം ഊഴത്തില്‍ അവസരം, മാച്ച് വിന്നര്‍മാരായ മൂന്ന് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുകയാണ്. കൗതുകകരമായ പല കാര്യങ്ങള്‍ക്കും ഈ സീസണ്‍ സാക്ഷിയായിട്ടുണ്ട്. വലിയ പ്രതീക്ഷ നല്‍കിയ സൂപ്പര്‍ താരങ്ങളില്‍ മിക്കവരും ഇത്തവണ നനഞ്ഞ പടക്കമായപ്പോള്‍ അപ്രതീക്ഷിതമായി ചില താരങ്ങളുടെ ഉയര്‍ച്ചയും ഈ സീസണില്‍ കണ്ടു. രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി, റുതുരാജ് ഗെയ്ക് വാദ്, രവീന്ദ്ര ജഡേജ തുടങ്ങിയവരെല്ലാം മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരുന്നു ഇത്.
തിലക് വര്‍മയെപ്പോലെ പല യുവ പ്രതിഭകളുടെ ഉയര്‍ച്ചക്കും ഈ സീസണ്‍ സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇത്തവണ മെഗാ ലേലത്തില്‍ ആദ്യം അണ്‍സോള്‍ഡാവുകയും രണ്ടാം ഊഴത്തില്‍ അവസരം ലഭിക്കുകയും പിന്നീട് ടീമിന്റെ മാച്ച് വിന്നര്‍മാരായി മാറുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് മില്ലര്‍
ഇത്തവണ ആരും വാങ്ങാന്‍ അധികം താല്‍പര്യം കാട്ടാതിരുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. വമ്പനടിക്കാരനാണെങ്കിലും സ്ഥിരതയാണ് മില്ലറുടെ പ്രശ്‌നം. അതുകൊണ്ട് തന്നെ ആദ്യ ലേലത്തില്‍ മില്ലറെ വാങ്ങാന്‍ ആളില്ലായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ മില്ലറെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മൂന്ന് കോടി രൂപക്കാണ് അദ്ദേഹത്തെ ഗുജറാത്ത് ടീമിലെത്തിച്ചത്. ഈ തീരുമാനം തെറ്റിയില്ല. ഇപ്പോള്‍ ഫൈനലിലേക്ക് ഗുജറാത്ത് എത്തി നില്‍ക്കുമ്പോള്‍ ഏറ്റവും നിര്‍ണ്ണായകമായത് മില്ലറിന്റെ പ്രകടനമാണ്. 15 മത്സരത്തില്‍ നിന്ന് 449 റണ്‍സാണ് മില്ലര്‍ നേടിയത്. 64.14 ആണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 141.19 ആണ്. ഇത്തവണ തോല്‍ക്കുമെന്ന് ഉറപ്പിച്ച പല മത്സരങ്ങളിലും ഗുജറാത്തിനെ വിജയിപ്പിക്കാന്‍ മില്ലറിന് സാധിച്ചു. ഇപ്പോള്‍ മില്ലറിനെ കൈവിട്ടതോര്‍ത്ത് മറ്റ് ടീമുകള്‍ സങ്കടപ്പെടുന്നുണ്ടാവുമെന്നുറപ്പ്.

ഉമേഷ് യാദവ്
ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്തായിട്ട് നാളുകളേറെയായ ഉമേഷിനെ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളില്ലായിരുന്നു. ആദ്യ റൗണ്ടില്‍ ആരും ഉമേഷിനായി താല്‍പര്യം കാട്ടിയില്ല. എന്നാല്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലക്ക് കെകെആര്‍ ഉമേഷിനെ ടീമിലെത്തിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിയില്ല. ഇത്തവണ മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ ഉമേഷിന് സാധിച്ചു. ന്യൂബോളില്‍ മിന്നിയ ഉമേഷ് സിഎസ്‌കെയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി. 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഈ സീസണില്‍ ഉമേഷ് വീഴ്ത്തിയത്. 7.6 എന്ന മികച്ച ഇക്കോണമിയിലാണ് ഉമേഷിന്റെ ഇത്തവണത്തെ പ്രകടനം.

വൃദ്ധിമാന്‍ സാഹ
ഇന്ത്യക്കായി വിരലിലെണ്ണാവുന്ന പരിമിത ഓവര്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് വൃദ്ധിമാന്‍ സാഹ. എന്നാല്‍ ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്. ടി20യില്‍ വലിയ റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കാത്ത സാഹയെ മെഗാ ലേലത്തിന്റെ ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആളില്ലായിരുന്നു. എന്നാല്‍ 1.9 കോടിക്ക് പിന്നീട് ഗുജറാത്ത് അദ്ദേഹത്തെ ടീമിലെത്തിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റിയില്ല. 10 മത്സരത്തില്‍ നിന്ന് 312 റണ്‍സാണ് സാഹ നേടിയത്. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് സാഹ കാഴ്ചവെച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications