IPL 2022: മൂന്നു വീക്ക്‌നെസുകള്‍ ആര്‍സിബിയെ വലയ്ക്കും, ഇത്തവണയും കപ്പടിച്ചേക്കില്ല!
ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വരാനിരിക്കുന്ന സീസണില്‍ പുതിയ ക്യാപ്റ്റനു കീഴില്‍ പുത്തന്‍ ലുക്കിലായിരിക്കും ആര്‍സിബിയിറങ്ങുക. വിരാട് കോലി കഴിഞ്ഞ സീസണിനു ശേഷം നായകസ്ഥാനമൊഴിഞ്ഞതിനാല്‍ വരാനിരിക്കുന്ന സീസണില്‍ പുതിയൊരാള്‍ക്കു ആര്‍സിബിക്കു ദൗത്യമേല്‍പ്പിക്കേണ്ടി വരും.
മെഗാ ലേലത്തില്‍ ആര്‍സിബി മോശമല്ലാത്ത പ്രകടനമായിരുന്നു നടത്തിയത്. സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസി, വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്, ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്, ശ്രീലങ്കയുടെ സ്പിന്‍ സെന്‍സേഷന്‍ വനിന്ദു ഹസരംഗ എന്നിവരാണ് ആര്‍സിബി ടീമിലേക്കു വന്ന പ്രമുഖ താരങ്ങള്‍. കൂടാതെ കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിനെ ടീമിലേക്കു തിരികെ കൊണ്ടുവരാനും ആര്‍സിബിക്കായിരുന്നു. എങ്കിലും ചില വീക്ക്‌നെസുകള്‍ ആര്‍സിബിയെ വേട്ടയാടുമെന്നുറപ്പണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

മാക്‌സ്വെല്ലിനെ അമിതമായി ആശ്രയിക്കുന്നു
ലേലത്തിനു മുമ്പ് നിലനിര്‍ത്തിയ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ അമിതമായി ആശ്രയിക്കുന്നത് ആര്‍സിബിക്കു തിരിച്ചടിയായേക്കും. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ തുറുപ്പുചീട്ട് തന്നെയായിരുന്നു അദ്ദേഹം. ടീമിനായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത മാക്‌സി ചില വെടിക്കെട്ട് പ്രകടനങ്ങളും നടത്തിയിരുന്നു. പക്ഷെ അന്നു ടീമില്‍ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഫിനിഷറുടെ റോളില്‍ ഉണ്ടായിരുന്നുവെന്നത് മാക്‌സിക്കു ധൈര്യമായിരുന്നു.

പക്ഷെ പുതിയ സീസണില്‍ എബിഡിയില്ലാത്തതിനാല്‍ പഴയതു പോലെ മാക്‌സ്വെല്ലിനു കളിക്കാനാവില്ല. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. താന്‍ പെട്ടെന്നു പുറത്തായാല്‍ പിന്നീട് ബാറ്റിങില്‍ ആശ്രയിക്കാവുന്ന ആരും ഇറങ്ങാനില്ലെന്നത് മാക്‌സിയെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നതിനെ തടഞ്ഞേക്കും. എബിഡിയുടെ റോളില്‍ മറ്റാരെങ്കിലും ഉയര്‍ന്നു വന്നെങ്കില്‍ മാത്രമേ അദ്ദേഹത്തിനു കൂടുതല്‍ ഫ്രീയായി കഴിഞ്ഞ തവണത്തേതു പോലെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാനാവുകയുള്ളൂ. മാത്രമല്ല മാക്‌സ്വെല്ലിനു പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ അതു ആര്‍സിബിയുടെ പ്രതീക്ഷകളെല്ലാം തകിടം മറിക്കുകയും ചെയ്യും.

ബാറ്റിങ് നിരയുടെ ദൗര്‍ബല്യം
സ്പിന്‍ ബൗളിങിനെ മികച്ച രീതിയില്‍ നേരിടാല്‍ കെല്‍പ്പുള്ള ബാറ്റര്‍ ടീമിലില്ലെന്നതാണ് ആര്‍സിബിയുടെ മറ്റൊരു ദൗര്‍ബല്യം. നിലവില്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ് സ്പിന്‍ ബൗളിങിനെ ഏറ്റവും നന്നായി നേരിടുന്നത്. ഫഫ് ഡുപ്ലെസി, വിരാട് കോലി എന്നിവരെല്ലാം സ്പിന്‍ ബൗളിങിനെതിരേ സമീപകാലത്തു പതറിയവരാണ്. അനൂജ് റാവത്ത്, മഹിപാല്‍ ലൊംറോര്‍ തുടങ്ങിയ യുവതാരങ്ങള്‍ ആര്‍സിബിയുടെ ഭാഗമാണെങ്കിലും ഇവരെ എത്ര മാത്രം വിശ്വസിക്കാവുമെന്നത് ചോദ്യചിഹ്നമാണ്.

ലെഗ് സ്പിന്നര്‍മാരെ നേരിടാന്‍ ദിനേശ് കാര്‍ത്തികും വിഷമിക്കുന്നത് നമ്മള്‍ നേരത്തേ കണ്ടതാണ്.
ലോവര്‍ ഓര്‍ഡര്‍ ബാറ്റിങിലേക്കു വന്നാല്‍ വനിന്ദു ഹസരംഗ സ്പിന്നര്‍മാരെ നന്നായി നേരിടുമെങ്കിലും അതിവേഗ ബൗളര്‍മാരെ നേരിടുന്നതില്‍ മോശമാണ്. അതുകൊണ്ടു തന്നെ ഡെത്ത് ഓവറുകൡ മികച്ച പേസാക്രമണമുള്ള ടീമുകള്‍ക്കെതിരേ ഹസരംഗയ്ക്കും കാര്യങ്ങള്‍ ദുഷ്‌കരമാവും.

നിര്‍ണായക റോളുകളില്‍ പരിചയമില്ലാത്തവര്‍
നിര്‍ണായക റോളുകള്‍ ഒട്ടും അനുഭവ പരിചയമില്ലാത്ത താരങ്ങളെ ഏല്‍പ്പിക്കേണ്ടി വരുമെന്നതാണ് ആര്‍സിബി നേരിടുന്ന മറ്റൊരു വെല്ലുവിളി. കോലി, ഡുപ്ലെസി, മാക്‌സ്വെല്‍, ഹേസല്‍വുഡ് എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ഐപിഎല്ലില്‍ സ്ഥിരമായി കളിച്ചുകൊണ്ടിരിക്കുന്ന പരിചയസമ്പത്തുള്ള മറ്റാരും തന്നെയില്ലെന്നു കാണാം. ഹര്‍ഷല്‍ പട്ടേല്‍ കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ഇനിയത് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

ഹസരംഗയുടെ കാര്യമെടുത്താല്‍ ഒരേയൊരു സീസണില്‍ മാത്രം ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അനൂജ് റാവത്ത്, മഹിപാല്‍ ലൊംറോര്‍ ഷഹബാസ് അഹമ്മദ്, ആകാശ്ദീപ് എന്നിവര്‍ക്കെല്ലാം പ്രധാനപ്പെട്ട റോളുകള്‍ തന്നെ ഏറ്റെടുക്കേണ്ടി വരും. പക്ഷെ അനുഭവസമ്പത്തില്ലാത്ത ഇവര്‍ക്കു അതില്‍ വിജയിക്കാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications