IPL 2022: കപ്പടിക്കണോ ? ഗുജറാത്ത് ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ നിരാശപ്പെടും

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും വീണ്ടും നേര്‍ക്കുനേര്‍ എത്തുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെ ഒന്നാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാണ് ഗുജറാത്ത് ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യ ക്വാളിഫയറില്‍ തോറ്റ രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ട് ടീമുകളും തങ്ങളുടേതായ മേഖലയില്‍ ശക്തരായതിനാല്‍ ഭാഗ്യം തുണക്കുന്ന ടീം കിരീടം നേടും. സഞ്ജു സാംസണും ഹര്‍ദിക് പാണ്ഡ്യയും നായകന്മാരെന്ന നിലയില്‍ എത്തുന്ന ആദ്യ ഫൈനല്‍ കൂടിയാണിത്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ കീഴടക്കിയതിന്റെ മുന്‍തൂക്കം ഗുജറാത്തിനുണ്ട്. എന്നാല്‍ ഫൈനലില്‍ ഗുജറാത്ത് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ജോസ് ബട്‌ലറെ വേഗം മടക്കണം
നിലവിലെ രാജസ്ഥാന്‍ നിരയില്‍ ഏറ്റവും അപകടകാരി ജോസ് ബട്‌ലറാണെന്നതില്‍ സംശയമില്ല. നാല് സെഞ്ച്വറിയുള്‍പ്പെടെ സീസണില്‍ 800 റണ്‍സും പിന്നിട്ട് ബട്‌ലര്‍ കുതിക്കുകയാണ്. ഫൈനലില്‍ ഗുജറാത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി ബട്‌ലറുടെ ഫോമാണ്. നിലയുറപ്പിച്ചാല്‍ അധികം പിഴവുകള്‍ വരുത്താത്ത താരമാണ് ജോസ് ബട്‌ലര്‍. അതുകൊണ്ട് തന്നെ തുടക്കത്തിലേ ബട്‌ലറെ മടക്കാന്‍ രാജസ്ഥാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഔട്ട് സ്വിങ്ങറുകള്‍ ബട്‌ലറുടെ ദൗര്‍ബല്യമായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനെ എത്രമാത്രം മുതലാക്കാന്‍ ഗുജറാത്തിന് സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

ഷമിയും റാഷിദ് ഖാനും നിര്‍ണ്ണായകം
ബൗളിങ്ങില്‍ മുഹമ്മദ് ഷമി നല്‍കുന്ന തുടക്കവും മധ്യ ഓവറുകളിലെ റാഷിദ് ഖാന്റെ പ്രകടനവും ഗുജറാത്തിന് നിര്‍ണ്ണായകമാവും. ഷമി സ്വിങ് ബൗളറാണ്. അഹമ്മദാബാദിലെ ഫ്‌ളാറ്റ് പിച്ചില്‍ ആദ്യ ഓവറുകളില്‍ അല്‍പ്പം സ്വിങ് പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ ഷമി എറിയുന്ന ആദ്യത്തെ രണ്ട് ഓവറുകള്‍ വളരെ നിര്‍ണ്ണായകം. രാജസ്ഥാന്റെ ടോപ് ത്രീ ബാറ്റിങ് നിരയിലാണ് ടീമിന്റെ കരുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഷമിക്ക് വലിയ പിന്തുണ ഗുജറാത്ത് നല്‍കേണ്ടതുണ്ട്. രണ്ട് വിക്കറ്റെങ്കിലും പവര്‍പ്ലേക്കുള്ളില്‍ ഷമിക്ക് വീഴ്ത്താനായാല്‍ അത് മത്സരത്തില്‍ വലിയ സ്വാധീനമുണ്ടാക്കും. സഞ്ജു സാംസണെ കുരുക്കാന്‍ റാഷിദ് ഖാനെ ഫലപ്രദമായി ഗുജറാത്ത് ഉപയോഗിക്കേണ്ടതായുണ്ട്.

തുടക്കം പാളരുത്
രാജസ്ഥാനെതിരായ ഒന്നാം ക്വാളിഫയറില്‍ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ പൂജ്യത്തിന് പുറത്തായെങ്കിലും ഡേവിഡ് മില്ലര്‍ ഗുജറാത്തിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. എന്നാല്‍ എപ്പോഴും ഇത് സംഭവിക്കണമെന്നില്ല. അതുകൊണ്ട് തന്നെ മികച്ച തുടക്കം ഗുജറാത്ത് ഉറപ്പ് വരുത്തണം. ടോപ് ത്രീ പെട്ടെന്ന് മടങ്ങിയാല്‍ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ട്രന്റ് ബോള്‍ട്ടിനെ ന്യൂബോളില്‍ പേടിക്കുക തന്നെ ചെയ്യണം. പ്രസിദ്ധും ഒബെഡ് മക്കോയിയും മിന്നും ഫോമില്‍. അതുകൊണ്ട് തന്നെ വിക്കറ്റുകള്‍ തുടക്കത്തിലേ അധികം നഷ്ടപ്പെടുത്താതിരിക്കാന്‍ ഗുജറാത്ത് ശ്രദ്ധിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications