
ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് അവസാന വാരത്തില്‍ ആരംഭിച്ച് മെയിലാവും ഐപിഎല്‍ അവസാനിക്കുക. എല്ലാ ഫ്രാഞ്ചൈസികളുടെയും ഹോം ഗ്രൗണ്ടില്‍ മത്സരം നടത്തുക കോവിഡ് സാഹചര്യത്തില്‍ വെല്ലുവിളിയായതിനാല്‍ മുംബൈയില്‍ 55 മത്സരങ്ങളും ലഖ്‌നൗവില്‍ 15 മത്സരങ്ങളും നടത്താനാണ് ബിസിസി ഐ പദ്ധതിയിടുന്നത്. ഇത് പ്രകാരം എല്ലാ ടീമുകളും നാല് മത്സരങ്ങള്‍ വീതം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരും. പൂനെയില്‍ മൂന്ന് മത്സരങ്ങള്‍ വീതവും ടീമുകള്‍ കളിക്കേണ്ടി വരും. ഇത് പ്രകാരം നോക്കിയാല്‍ ഹോം ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിന് നാല് മത്സരങ്ങള്‍ ലഭിക്കും.
മറ്റൊരു ടീമിനും ലഭിക്കാത്ത ഈ ഗുണം മുംബൈക്ക് നേട്ടമാവുമെന്നുറപ്പാണ്. ഇപ്പോഴിതാ മുംബൈയില്‍ കൂടുതല്‍ മത്സരം നടക്കുന്നതില്‍ മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് എതിര്‍പ്പാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുംബൈ ഒഴികെയുള്ള ഒമ്പത് ഫ്രാഞ്ചൈസികളും ബിസിസി ഐയെ തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

' മറ്റൊരു ടീമിനും ലഭിക്കാത്ത ഗുണമാണ് മുംബൈ ഇന്ത്യന്‍സില് ലഭിക്കുക. കൂടുതല്‍ മത്സരങ്ങള്‍ മുംബൈക്ക് വാംഖഡെ സ്റ്റേഡിയത്തില്‍ ലഭിക്കുന്നത് അനീതിയാണ്. അവര്‍ക്ക് വര്‍ഷങ്ങളായി വലിയ ആധിപത്യമുള്ള മൈതാനമാണിത്. മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ഇതില്‍ അതൃപ്തിയുണ്ട്. ബിസിസി ഐ ഇക്കാര്യത്തില്‍ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'- പേര് വെളിപ്പെടുത്താത്ത ഫ്രാഞ്ചൈസി വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വേദികളെ സംബന്ധിച്ചും ടൂര്‍ണമെന്റ് ആരംഭിക്കുന്നത് സംബന്ധിച്ചും ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ബിസിസി ഐ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നിലവിലെ ആശങ്കകളില്‍ കാര്യമില്ല. ഔദ്യോഗിക പ്രതികരണം അധികം വൈകില്ലെന്നാണ് സൂചന. എല്ലാ ടീമുകളുടെയും തട്ടകത്തില്‍ മത്സരമെന്ന നിലയില്‍ ഇത്തവണ ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്ന സൂചന നേരത്തെ തന്നെ ബിസിസി ഐ നല്‍കിയിരുന്നു. എല്ലാ മൈതാനങ്ങളിലും മത്സരം വന്നാല്‍ താരങ്ങള്‍ക്ക് ഒരുപാട് യാത്ര ചെയ്യേണ്ടി വരും. കോവിഡ് സാഹചര്യത്തില്‍ ഇത് വെല്ലുവിളി തന്നെയാണ്.

അവസാന സീസണിലെ ആദ്യ പാദം ഇന്ത്യയിലാണ് നടന്നത്. എന്നാല്‍ കോവിഡ് വ്യാപനം താരങ്ങളിലേക്ക് പടര്‍ന്നതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയും ഇടവേളക്ക് ശേഷം രണ്ടാം പാദം യുഎഇയില്‍ നടത്തുകയും ചെയ്തിരുന്നു. ഇത്തവണ അങ്ങനെ ഉണ്ടാകാതിരിക്കാനാണ് പരിമിതമായ വേദികളില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാന്‍ ബിസിസി ഐ പദ്ധതിയിടുന്നത്. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് എന്നീ ടീമുകള്‍ക്കൂടി വരുന്നതോടെ 10 ടീമുകളാവും ടൂര്‍ണമെന്റില്‍ ഇത്തവണയുണ്ടാവുക. മത്സരങ്ങളുടെ എണ്ണവും ഉയരുന്ന സാഹചര്യത്തില്‍ എത്ര വേദികളിലായാവും മത്സരം നടത്തുകയെന്നത് കണ്ടറിയണം.

മുംബൈക്ക് വലിയ ആധിപത്യം ലഭിക്കുന്ന തരത്തിലേക്ക് വേദി നിശ്ചയിക്കപ്പെട്ടാല്‍ വലിയ പ്രതിഷേധം മറ്റ് ഫ്രാഞ്ചൈസികള്‍ ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ 10 ടീമുകള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന തരത്തില്‍ ബിസിസി ഐ വേദി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് ആദ്യ വാരം തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.


Click it and Unblock the Notifications
