Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കൈയടി നേടുന്ന ഇടം കൈ പേസര്‍മാര്‍, ഇന്ത്യക്ക് സന്തോഷം, ലോകകപ്പില്‍ ആര് ഇടം നേടും?

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നത് ഇടം കൈയന്‍ പേസര്‍മാരാണ്. മികച്ച ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സഹീര്‍ ഖാനും ആശിഷ് നെഹ്‌റക്കും ശേഷം മികച്ചൊരു ഇടം കൈയന്‍ പേസറെ ഇന്ത്യക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പലരേയും ഇന്ത്യ പരീക്ഷിച്ചെങ്കിലും ആര്‍ക്കും വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല.

എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലൂടെ പ്രതീക്ഷ നല്‍കി നിരവധി ഇടം കൈയന്‍ പേസര്‍മാരാണ് വളര്‍ന്നുവരുന്നത്. ഇവരില്‍ പലര്‍ക്കും നാളെ ദേശീയ ടീമില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്നവരുമാണ്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ ആരെ ഇടം കൈയന്‍ പേസര്‍മാരായി പരിഗണിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. ഇത്തവണത്തെ ഐപിഎല്ലിലൂടെ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഇടം കൈ പേസര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1

ടി നടരാജനാണ് ഇതില്‍ പ്രധാന ബൗളര്‍. 2020ലെ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തുകയും മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുകയും ചെയ്യാന്‍ നടരാജനായി. എന്നാല്‍ പിന്നീട് പരിക്കിന് പിടികൊടുക്കേണ്ടി വന്നു. ഇതോടെ ഒരു വര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടരാജന്‍ ഇത്തവണ നടത്തുന്നത്. 9 മത്സരത്തില്‍ നിന്ന് 17 വിക്കറ്റുകള്‍ നടരാജന്‍ ഈ സീസണില്‍ നേടിക്കഴിഞ്ഞു. ഡെത്ത് ഓവറില്‍ റണ്ണൊഴുക്ക് തടുത്ത് വിക്കറ്റ് നേടാന്‍ സാധിക്കുന്നുവെന്നതാണ് നടരാജന്റെ പ്രധാന സവിശേഷത. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനൊപ്പമാണ് നട്ടു.

2

മറ്റൊരു പ്രധാന താരം ഖലീല്‍ അഹമ്മദാണ്. ഇന്ത്യന്‍ ടീമില്‍ ഇതിനോടകം അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും പരിക്കും സ്ഥിരതയില്ലായ്മയും താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. എന്നാല്‍ ഇത്തവണ ഇടം കൈയന്‍ താരം ശ്രദ്ധേയ പ്രകടനം നടത്തി വീണ്ടും തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്. ആറ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകളാണ് ഖലീല്‍ വീഴ്ത്തിയത്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് സ്വപ്‌നം കണ്ടുള്ള പ്രകടനം തന്നെയാണ് ഖലീല്‍ നടത്തുന്നതെന്ന് പറയാം.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം തിളങ്ങുന്ന യുവ പേസറാണ് മൊഹ്‌സിന്‍ ഖാന്‍. നാല് മത്സരം മാത്രമാണ് ഈ സീസണില്‍ കളിച്ചതെങ്കിലും എട്ട് വിക്കറ്റുകള്‍ അദ്ദേഹം ഇതിനോടകം നേടിക്കഴിഞ്ഞു. ഇടം കൈയന്‍ പേസറെന്ന നിലയില്‍ വലിയ പ്രതീക്ഷ താരം നല്‍കുന്നു. 16 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ഈ സീസണിലെ മികച്ച പ്രകടനം. മികച്ച വേഗവും ലൈനും ലെങ്തും കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

3

പഞ്ചാബ് കിങ്‌സിന്റെ അര്‍ഷദീപ് സിങ്ങിനെ ഇന്ത്യക്ക് മാറ്റി നിര്‍ത്തുക കടുപ്പം. ഇത്തവണ വിക്കറ്റ് നേട്ടം പരിശോധിച്ചാല്‍ വലിയ മികവ് അര്‍ഷദീപിന് അവകാശപ്പെടാനാവില്ല. 9 മത്സരത്തില്‍ നിന്ന് 3 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇക്കോണമി 7.70. ഡെത്ത് ഓവറുകളില്‍ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്താന്‍ അര്‍ഷദീപിന് സാധിക്കുന്നുണ്ട്. നന്നായി യോര്‍ക്കര്‍ എറിയാന്‍ കഴിവുണ്ടെന്നതാണ് അര്‍ഷദീപിന്റെ എടുത്തു പറയേണ്ട ഗുണം. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്തിയേക്കും.

4

യാഷ് ദയാലാണ് മറ്റൊരു താരം. ഗുജറാത്തിന്റെ ഇടം കൈയന്‍ പേസര്‍ ഇത്തവണ ചുരുങ്ങിയ മത്സരംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. നാല് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. സിഎസ്‌കെയുടെ മുകേഷ് ചൗധരിയാണ് എടുത്തുപറയേണ്ട മറ്റൊരു താരം. ഇടം കൈയന്‍ പേസര്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.

Story first published: Tuesday, May 3, 2022, 8:43 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+