IPL 2022: ഇഷാനെ എന്തു വിലകൊടുത്തും ഹൈദരാബാദ് വാങ്ങണം! അറിയാം കാരണങ്ങള്‍
ഐപിഎല്ലിന്റെ 15ാം സീസണില്‍ തിരിച്ചടികള്‍ മറന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന് തയ്യാറെടുക്കുന്ന ടീമാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓറഞ്ച് ആര്‍മിയെന്നറിയപ്പെടുന്ന എസ്ആര്‍എച്ചിനെ സംബന്ധിച്ച് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഇന്ത്യയിലും യുഎഇയിലുമായി നടന്ന ടൂര്‍ണമെന്റില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദ് ഫിനിഷ് ചെയ്തത്. സീസണിന്റെ പകുതിയില്‍ വച്ച് ഡേവിഡ് വാര്‍ണറെ മാറ്റി പകരം കെയ്ന്‍ വില്ല്യംസണിനെ നായകസ്ഥാനത്തേക്കു കൊണ്ടു വന്നെങ്കിലും അതു ഹൈദരാബാദിനെ രക്ഷിച്ചില്ല. അതുകൊണ്ടു തന്നെ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും അവരുടെ ലക്ഷ്യം.
പുതിയ സീസണിനു മുന്നോടിയായി മൂന്നു പേരെ മാതമേ ഹൈദരാബാദ് നിലനിര്‍ത്തിയുള്ളൂ. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, യുവതാരങ്ങളായ അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് മെഗാ ലേലത്തിനു മുമ്പ് എസ്ആര്‍എച്ച് നിലനിര്‍ത്തിയ കളിക്കാര്‍. ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലേക്കു കൊണ്ടു വന്ന് അടുത്ത സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയായിരിക്കും ഹൈദരാബാദിന്റെ ലക്ഷ്യം. ലേലത്തില്‍ ഹൈദരാബാദ് ഉറപ്പായും ടീമിലേക്കു കൊണ്ടു വരേണ്ട താരങ്ങളിലൊരാളാണ് വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. പക്ഷെ പുതിയ സീസണിലേക്കു ഇഷാനെ മുംബൈ നിലനിര്‍ത്തിയില്ല. മെഗാ ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് 24 കാരനായ വിക്കറ്റ് കീപ്പര്‍. മെഗാ ലേലത്തില്‍ എന്തുകൊണ്ട് ഹൈദരാബാദ് ഇഷാനെ ടീമിലെത്തിക്കണമെന്നതിന് ചില കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നറിയാം.

ഇന്ത്യയുടെ 'ന്യൂക്ലിയസാവാം'
കഴിഞ്ഞ കുറച്ച് സീസണുകളിലായി മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവം വലയ്ക്കുന്ന ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഈ കുറവ് നികത്തി ടീമിന്റെ ന്യൂക്ലിയസാക്കി വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. വിദേശ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന രീതിയാണ് ഹൈദരാബാദ് കുറച്ചു വര്‍ഷങ്ങളായി പിന്തുടരുന്നത്. ഇതു മാറ്റിയെടുത്ത് ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്‍തൂക്കമുള്ള ശക്തമായ ടീമിനെ വാര്‍ത്തെടുക്കുകയാവും ഇനി എസ്ആര്‍എച്ചിന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് ഭാവിയിലെ മികച്ച താരങ്ങളായി മാറാന്‍ ശേഷിയുള്ള സമദിനെയും മാലിക്കിനെയും അവര്‍ നിലനിര്‍ത്തിയത്.
ഇഷാനെ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ ടീമിന്റെ നിര്‍ണായക താരമാക്കി മാറ്റിയെടുക്കാനും അദ്ദേഹത്തിനു കേന്ദ്രീകരിച്ച് ശക്തമായൊരു ഇന്ത്യന്‍ ഗ്രൂപ്പിനെ വാര്‍ത്തെടുക്കാനും എസ്ആര്‍ച്ചിനാവും.

സ്ഥിരം വിക്കറ്റ് കീപ്പറാക്കാം
ഐപിഎല്ലില്‍ കുറച്ച് വര്‍ഷങ്ങളായി വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് സ്ഥിരമായി ഒരു താരത്തെ കണ്ടെത്താന്‍ ഹൈദരാബാദിനായിട്ടില്ല. ഇഷാന്‍ കിഷനെ കൊണ്ടു വന്നാല്‍ ഈ ചുമതല അവര്‍ക്കു ധൈര്യമായി ഏല്‍പ്പിക്കാന്‍ കഴിയും. 2014-17 വരെ ടീമിന്റെ ഭാഗമായിരുന്ന വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജ ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. അതിനു ശേഷം മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പരുടെ അഭാവം ഹൈദരാബാദ് ടീമില്‍ പ്രകടമാണ്.
2018 മുതല്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ പരിക്കുകള്‍ എസ്ആര്‍എച്ചിനു തിരിച്ചടിയായി മാറി. ശ്രീവത്സ് ഗോസ്വാമിയും വിക്കറ്റ് കീപ്പറായി ടീമുലണ്ടായിരുന്നെങ്കിലും ഇംപാക്ടുണ്ടാക്കാനായില്ല. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും ഒരുപോലെ മിടുക്കനായ ഇഷാനെ തീര്‍ച്ചായും ഹൈദരാബാദ് ലേലത്തില്‍ വാങ്ങാന്‍ ശ്രമിക്കേണ്ടതുണ്ട്. കാരണം അദ്ദേഹത്തേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ എസ്ആര്‍എച്ചിനു ലഭിക്കാനില്ല. ഇടംകൈയന്‍ ബാറ്ററാണെന്നതും ഓപ്പണറും മധ്യനിരയിലുമെല്ലാം ഒരുപോലെ പരീക്ഷിക്കാവുന്ന താരമാണെന്നതും ഇഷാന്റെ മറ്റു പ്ലസ് പോയിന്റുകളാണ്.

ക്യാപ്റ്റന്‍സിയിലും പരീക്ഷിക്കാം
കഴിഞ്ഞ സീസണിലെ നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണിനെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ നായകനായി ഭാവിയില്‍ ഹൈദരാബാദിന് ഇഷാന്‍ കിഷനെ റോള്‍ ഏല്‍പ്പിക്കാന്‍ കഴിയും. നേരത്തേ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പിലുള്‍പ്പെടെ നയിച്ച് പരിചയമുള്ള താരമാണ് അദ്ദേഹം. 2016ലെ ടൂര്‍ണമെന്റില്‍ ഇഷാനു കീഴില്‍ ഇന്ത്യ റണ്ണറപ്പുകളുമായിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡ് ടീമിന്റെ നായകനുമാണ് അദ്ദേഹം.
വിക്കറ്റ് കീപ്പര്‍ എല്ലായ്‌പ്പോഴും മികച്ച ക്യാപ്റ്റനും കൂടിയായിരിക്കുമെന്നതിന് ഒരുപാട് ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ക്കുകയും ചെയ്യുന്നു. ധോണിയുടെ നാട്ടുകാരന്‍ കൂടിയാണ് ഇഷാനെന്നത് മറ്റൊരു കൗതുകരമായ കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications