Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'തീ' ത്രിപാഠി, 'മിന്നല്‍' മാര്‍ക്രം, കെകെആറിനെ തകര്‍ത്ത് ഹൈദരാബാദ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എഴ് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ 13 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഹൈദരാബാദിന്റെ ജയം. ഹൈദരാബാദിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. രാഹുല്‍ ത്രിപാഠി (71), എയ്ഡന്‍ മാര്‍ക്രം (68*) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആറിന് നിധീഷ് റാണ (54), ആന്‍ഡ്രേ റസല്‍ (49*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹൈദരാബാദിനായി ടി നടരാജന്‍ മൂന്നും ഉമ്രാന്‍ മാലിക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍, ജഗദീഷ് സുചിത് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

1

ആദ്യം ബാറ്റ് ചെയ്ത കെകെആറിനായി വെങ്കടേഷ് അയ്യരിനോടൊപ്പമെത്തിയത് ആരോണ്‍ ഫിഞ്ച്. മോശം ഫോമിലായിരുന്ന സീനിയര്‍ ഓപ്പണര്‍ അജിന്‍ക്യ രഹാനെക്ക് പകരമായാണ് ഫിഞ്ചിന് അവസരം ലഭിച്ചത്. ഭുവനേശ്വര്‍ കുമാറിനെതിരേ സിക്‌സര്‍ നേടിയാണ് ഫിഞ്ച് (5 പന്തില്‍ 7) വരവറിയിച്ചതെങ്കിലും മാര്‍ക്കോ ജാന്‍സന് മുന്നില്‍ വീണു. ഫിഞ്ച് കളിക്കുന്ന ഒമ്പതാമത്തെ ടീമാണ് കെകെആര്‍. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങി ഡല്‍ഹി ഡയര്‍ഡെവിള്‍സ്, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, പഞ്ചാബ് കിങ്‌സ്, ആര്‍സിബി എന്നിവര്‍ക്ക് വേണ്ടി കളിച്ചാണ് ഫിഞ്ച് കെകെആറിലേക്കെത്തുന്നത്.

1

അധികം വൈകാതെ വെങ്കടേഷ് അയ്യരും മടങ്ങി. ഈ സീസണില്‍ പ്രതീക്ഷക്കൊത്തുയരാത്ത വെങ്കടേഷ് 13 പന്തില്‍ 6 റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ടി നടരാജന്റെ ഇന്‍സ്വിങ്ങറില്‍ വെങ്കടേഷ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. 16 (16 പന്ത്), 10 (14), 3 (7), 50*(41), 18 (8), 6 (13) എന്നിങ്ങനെയാണ് ഈ സീസണിലെ ഇതുവരെയുള്ള വെങ്കടേഷിന്റെ പ്രകടനം. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാം മത്സരവും നിരാശപ്പെടുത്തുന്നതായിരുന്നു.

വെങ്കടേഷിനെ പുറത്താക്കിയ അതേ ഓവറില്‍ സുനില്‍ നരെയ്‌നെയും (2 പന്തില്‍ 6) നടരാജന്‍ മടക്കി അയച്ചു. ലോ ഫുള്‍ട്ടോസില്‍ ശശാങ്ക് സിങ്ങിന്റെ ക്യാച്ചിലാണ് നരെയ്‌ന്റെ മടക്കം. കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ (25 പന്തില്‍ 28) ഒരു വശത്ത് അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. മൂന്ന് ബൗണ്ടറിയടക്കം നേടിയ ശ്രേയസിനെ ഉമ്രാന്‍ മാലിക് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഷെല്‍ഡോന്‍ ജാക്‌സനെയും (7 പന്തില്‍ 7) ഉമ്രാന്‍ മാലിക് പുറത്താക്കി.

1

ഒരു വശത്ത് നിധീഷ് റാണ (36 പന്തില്‍ 54) തകര്‍ത്തടിച്ചു. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ അപകടകാരിയായ മാറിയ നിധീഷിനെ ടി നടരാജന്‍ പുറത്താക്കി. നിധീഷിന്റെ ബാറ്റില്‍ ഉരുമി പന്ത് കീപ്പര്‍ നിക്കോളാസ് പുരാന്റെ കൈയില്‍. നടരാജനടക്കം ആരും കാര്യമായി അപ്പീല്‍ ചെയ്തില്ലെങ്കിലും പുരാന്റെ നിര്‍ബന്ധ പ്രകാരം റിവ്യൂ എടുത്തു. വീഡിയോ പരിശോധനയില്‍ പന്ത് ബാറ്റില്‍ ഉരസിയിട്ടുണ്ടെന്ന് വ്യക്തമായതോടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നിധീഷ് റാണ പുറത്ത്.

1

പാറ്റ് കമ്മിന്‍സിനെ (3 പന്തില്‍ 3) വലിയ സ്‌കോര്‍ നേടാന്‍ അനുവദിക്കാതെ ഭുവനേശ്വര്‍ കുമാര്‍ മടക്കി. അമാന്‍ ഹക്കിം ഖാനെ (5) സുചിത് ക്ലീന്‍ബൗള്‍ഡ് ചെയ്തു. എന്നാല്‍ അവസാന ഓവറുകളില്‍ റസല്‍ ആഞ്ഞടിച്ചു. 25 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തി 49 റണ്‍സുമായി റസല്‍ പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ടി നടരാജന്‍ മൂന്നും ഉമ്രാന്‍ മാലിക് രണ്ടും ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജാന്‍സന്‍, ജഗദീഷ് സുചിത് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

1

മറുപടിക്കിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം പിഴച്ചു. 10 പന്തുകള്‍ നേരിട്ട് മൂന്ന് റണ്‍സ് മാത്രം നേടി യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അഭിഷേക് പ്ലേ ഡൗണ്‍ ആവുകയായിരുന്നു. 16 പന്തില്‍ മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 17 റണ്‍സ് നേടി കെയ്ന്‍ വില്യംസണ്‍ നിലയുറപ്പിക്കവെ ആന്‍ഡ്രേ റസല്‍ വില്ലനായി. വില്യംസണും പ്ലേ ഡൗണ്‍ ആയി എന്നതാണ് കൗതുകകരം. എന്നാല്‍ തുടക്കത്തിലേ പാളിച്ചയില്‍ നിന്ന് രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് ടീം സ്‌കോര്‍ മുന്നോട്ടുയര്‍ത്തി.

ഒരു വശത്ത് കത്തിക്കയറിയ ത്രിപാഠി 37 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സില്‍ നില്‍ക്കവെ ആന്‍ഡ്രേ റസല്‍ മടക്ക ടിക്കറ്റ് നല്‍കി. വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വെങ്കടേഷ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് ത്രിപാഠി മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ത്രിപാഠി മടങ്ങിയത്. അദ്ദേഹം മടങ്ങുമ്പോള്‍ 14.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 133 എന്ന മികച്ച നിലയിലായിരുന്നു ഹൈദരാബാദ്.

1

പിന്നീടങ്ങോട്ട് എയ്ഡന്‍ മാര്‍ക്രം (68*) കളി കൈയടക്കി. 36 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ മാര്‍ക്രം നിറഞ്ഞാടിയപ്പോള്‍ കെകെആറിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളു. പാറ്റ് കമ്മിന്‍സിനെ തുടര്‍ച്ചയായി രണ്ട് പന്ത് സിക്‌സര്‍ പായിച്ച് മാര്‍ക്രം വിജയം ഉറപ്പിക്കുമ്പോള്‍ 13 പന്തും ഏഴ് വിക്കറ്റും ഹൈദരാബാദിന് ബാക്കി. കെകെആറിനായി റസല്‍ രണ്ടും കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11: ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, ശശാങ്ക് സിങ്, ജഗദീഷ് സുചിത്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്

കെകെആര്‍- ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍, ഷെല്‍ഡോന്‍ ജാക്‌സന്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അമാന്‍ ഖാന്‍

Story first published: Friday, April 15, 2022, 23:27 [IST]
Other articles published on Apr 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+