
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹാട്രിക് ജയവുമായെത്തിയ ഗുജറാത്തിനെ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് മുട്ടുകുത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടിയപ്പോള്‍ അഞ്ച് പന്തും എട്ട് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഹൈദരാബാദ് വിജയിച്ചത്. കെയ്ന്‍ വില്യംസണ്‍ (57), അഭിഷേക് ശര്‍മ (42), നിക്കോളാസ് പുരാന്‍ (34) എന്നിവരുടെ ബാറ്റിങ്ങാണ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. ഗുജറാത്തിനായി ഹര്‍ദിക് പാണ്ഡ്യയും റാഷിദ് ഖാനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ഹര്‍ദിക് പാണ്ഡ്യയുടെ (50*) അര്‍ധ സെഞ്ച്വറിയും അഭിനവ് മനോഹര്‍ മധ്യനിരയില്‍ (35) നടത്തിയ പ്രകടനവുമാണ് ഗുജറാത്തിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മാര്‍ക്കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് പ്രതീക്ഷക്കൊത്ത തുടക്കം ലഭിച്ചില്ല. ആദ്യ ഓവറില്‍ 11 എക്‌സ്ട്രാ റണ്‍സടക്കം 17 റണ്‍സ് വഴങ്ങി ഭുവനേശ്വര്‍ കുമാര്‍ ഗുജറാത്തിനെ കാര്യമായി സഹായിച്ചെങ്കിലും അതിനെ മുതലാക്കാന്‍ അവര്‍ക്കായില്ല. അവസാന രണ്ട് കളിയിലും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ ശുബ്മാന്‍ ഗില്ലിനെയാണ് (9 പന്തില്‍ 7) ആദ്യം നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ പറക്കും ക്യാച്ചിലാണ് ഗില്ലിന് മടങ്ങേണ്ടി വന്നത്. ഗില്‍ പുറത്താവുമ്പോള്‍ വെറും 24 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
ആദ്യ ഓവറിലെ പിഴവില്‍ നിന്ന് ഭുവിയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ആദ്യ ഓവറിലെ ആദ്യ പന്ത് മാത്യു വേഡിന്റെ എഡ്ജില്‍ തട്ടി സെക്കന്റ് സ്ലിപ്പിലൂടെ ബൗണ്ടറി. രണ്ടാം പന്ത് ലെഗ് സൈഡില്‍ വൈഡായപ്പോള്‍ കീപ്പര്‍ നിക്കോളാസ് പുരാന് കൈയിലൊതുക്കാനായില്ല. പന്ത് ബൗണ്ടറിയും പോയി. ആദ്യ പന്തില്‍ത്തന്നെ ഒമ്പത് റണ്‍സുകളാണ് ഗുജറാത്തിന് ലഭിച്ചത്.

രണ്ടാം പന്തില്‍ സിംഗിള്‍ നേടിയപ്പോള്‍ മൂന്നാം പന്ത് വൈഡ്. നാലാം പന്തില്‍ ഒരു റണ്‍സ്. അഞ്ചാം പന്തില്‍ വീണ്ടും െൈവഡിലൂടെ ബൗണ്ടറി. അഞ്ച് റണ്‍സ് എക്‌സ്ട്രാസ്. അഞ്ചാം പന്തും ആറാം പന്തും ഡോട്ട്‌ബോളാക്കാന്‍ ഭുവനേശ്വറിന് സാധിച്ചെങ്കിലും ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ 9 പന്തുകളാണ് അദ്ദേഹത്തിന് എറിയേണ്ടി വന്നത്. 11 എക്‌സ്ട്രാസ് ഉള്‍പ്പെടെ 17 റണ്‍സുകളാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്. എന്നാല്‍ ഇതിനെ കാര്യമായി മുതലാക്കാന്‍ ഗുജറാത്ത് ടോപ് ഓഡറിന് സാധിക്കാതെ പോയത് ഭാഗ്യമായി.

ഗുജറാത്തിന്റെ യുവ പ്രതീക്ഷ സായ് സുദര്‍ശന് (9 പന്തില്‍ 11) തിളങ്ങാനായില്ല. രണ്ട് ബൗണ്ടറി ഉള്‍പ്പെടെ ഫോമിലേക്കെത്തിയ താരത്തെ ടി നടരാജനാണ് പുറത്താക്കിയത്. ഓപ്പണര്‍ മാത്യു വേഡ് (19 പന്തില്‍ 19) വീണ്ടും നിരാശപ്പെടുത്തി. മൂന്ന് ബൗണ്ടറിയടക്കം നേടി മികച്ച തുടക്കം ലഭിച്ചെങ്കിലും വേഡിനെ ഉമ്രാന്‍ മാലിക് എല്‍ബിയില്‍ കുരുക്കി. ഒരു വശത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ തല്ലി തകര്‍ക്കുമ്പോഴും മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാത്ത അവസ്ഥ. ഡേവിഡ് വാര്‍ണറും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. 15 പന്തില്‍ 12 റണ്‍സെടുത്ത മില്ലറെ മാര്‍ക്കോ ജാന്‍സനാണ് മടക്കിയത്.
ആറാമനായി ക്രീസിലെത്തിയ അഭിനവ് മനോഹര്‍ (35) ചെറിയൊരു വെടിക്കെട്ട് കാഴ്ചവെച്ചത്. 21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സുമായാണ് അഭിനവിന്റെ പ്രകടനം. ഗുജറാത്തിന്റെ വെടിക്കെട്ട് ഫിനിഷര്‍ രാഹുല്‍ തെവാത്തിയ (4 പന്തില്‍ 6) അവസാന ഓവറിലെ നാലാം പന്തില്‍ റണ്ണൗട്ടായി. നായകന്‍ ഹര്‍ദിക് പാണ്ഡ്യ 42 പന്തില്‍ 4 ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സുമായി പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മാര്‍ക്കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും പങ്കിട്ടു.

മറുപടിക്കിറങ്ങിയ ഹൈദരാബാദ് ബുദ്ധിപൂര്‍വ്വമാണ് തുടങ്ങിയത്. അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യ നാല് ഓവറില്‍ നിലയുറപ്പിക്കാന്‍ അഭിഷേക് ശര്‍മയും കെയ്ന്‍ വില്യംസണും ശ്രമിച്ചു. പിന്നീടങ്ങോട്ട് അഭിഷേക് ശര്‍മ റണ്‍സുയര്‍ത്തിയപ്പോള്‍ വില്യംസണ്‍ ആംഗര്‍ റോളിലേക്ക് മാറി. ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് അഭിഷേക് മടങ്ങിയത്. 32 പന്തില്‍ ആറ് ബൗണ്ടറിയടക്കം 42 റണ്‍സ് നേടിയ അഭിഷേകിനെ റാഷിദ് ഖാന്‍ പുറത്താക്കുകയായിരുന്നു.
മൂന്നമനായി ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി (11 പന്തില്‍ 17) മികച്ച നിലയില്‍ നില്‍ക്കേ പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടായി കളം വിട്ടു. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരാനെ 15ാം ഓവറില്‍ റണ്ണൗട്ടാക്കാന്‍ അവസരം ലഭിച്ചെങ്കിലും മാത്യു വേഡ് അവസരം പാഴാക്കി. ഒരുവശത്ത് അര്‍ധ സെഞ്ച്വറിയോടെ മിന്നും ഫോമില്‍ തുടര്‍ന്ന വില്യംസണെ (57) 17ാം ഓവറിന്റെ ആദ്യ പന്തില്‍ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. 46 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ മനോഹരമായ ഇന്നിങ്‌സാണ് വില്യംസണ്‍ കാഴ്ചവെച്ചത്. 18ാം ഓവറിന്റെ ആദ്യ പന്തില്‍ അപകടകാരിയായ നിക്കോളാസ് പുരാനെ ലോക്കി ഫെര്‍ഗൂസന്‍ കൈവിട്ടുകളഞ്ഞു. ബൗണ്‍സറില്‍ പതറിയ പുരാനെ റിട്ടേണ്‍ ക്യാച്ചാക്കാന്‍ ഫെര്‍ഗൂസനായില്ല.
അവസരം മുതലാക്കി ആഞ്ഞടിച്ച പുരാന്‍ 18 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 34 റണ്‍സുമായി പുറത്താവാതെ നിന്നു. എയ്ഡന്‍ മാര്‍ക്രം (8 പന്തില്‍ 12*) മികച്ച പിന്തുണ നല്‍കി. ഹൈദരാബാദിന് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിക്കാനും ഹൈദരാബാദിനായിരുന്നു. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷമാണ് ഹൈദരാബാദിന്റെ തിരിച്ചുവരവ്.

ടോസ് നേടിയ ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സീസണിലെ 21ാം മത്സരത്തിലും ടോസ് നേടിയ ടീം ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. മൈതാനത്തിലെ മഞ്ഞുവീഴ്ച തന്നെയാണ് ഇത്തരമൊരു തീരുമാനത്തിന് കാരണം.ഹാട്രിക് ജയത്തോടെ വലിയ ആത്മവിശ്വാസത്തോടെയാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ വരവ്. അതേ സമയം തുടര്‍ തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച് അക്കൗണ്ട് തുറന്നാണ് കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വരവ്.
പ്ലേയിങ് 11: ഹൈദരാബാദ്-അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്
ഗുജറാത്ത്- മാത്യു വേഡ്, ശുബ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹര്‍ദിക് പാണ്ഡ്യ, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നാല്‍ക്കണ്ഡെ, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍.