
കരിയറിലാദ്യമായിട്ടാണ് ഹാര്‍ദിക് ഒരു ടീമിനെ നയിക്കുന്നത്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ക്യാപ്റ്റനായിട്ടില്ലാത്ത അദ്ദേഹത്തെ ടൈറ്റന്‍സിന്റെ നായകനാക്കിയപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഐപിഎല്ലിന്റെ പകുതി പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി എല്ലാവരെയും ആകര്‍ഷിച്ചു കഴിഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയില്‍ ഞാന്‍ എന്താണോ കാണുന്നത് അതു തന്നെയാണ് ആദ്യമായി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായപ്പോള്‍ രോഹിത് ശര്‍മയിലും കണ്ടത്. 2013ലെ ഐപിഎല്ലിന്റെ പകുതിയില്‍ വച്ചായിരുന്നു രോഹിത്തിനു മുംബൈയുടെ നായകസ്ഥാനം ലഭിച്ചത്. പെട്ടെന്നു തന്നെ രോഹിത് മനോഹരമായ ഇന്നിങ്‌സുകള്‍ കളിക്കുന്നത് നമ്മള്‍ കണ്ടു. 40 കളിലും 50കളിലും 60കളിലുമെല്ലാം അദ്ദേഹം സ്‌കോറുകള്‍ നേടി ഇന്നിങ്‌സിന്റെ അവസാനം വരെ തുടരുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ക്യാപ്റ്റന്‍സി വന്നതോടെ രോഹിത്തിന്റെ ഷോട്ട് സെലക്ഷനും അന്നു കൂടുതല്‍ മെച്ചപ്പെട്ടതായി സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കുന്നത് കാണുന്നത്. അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനും ക്യാപ്റ്റനായ ശേഷം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഹാര്‍ദിക് ഒരു ഗംഭീര ഫീല്‍ഡറാണ്. രോഹിത് ശര്‍മയുടെ കാര്യവും അങ്ങനെ തന്നെയാണ്. അക്കാലത്തു കവേഴ്‌സിലും ക്ലോസ് പൊസിഷനുകളിലും രോഹിത്തും ഉജ്ജ്വല ഫീല്‍ഡറായിരുന്നു. അതുകൊണ്ടു തന്നെ ഹാര്‍ദിക്കും ഇതേ കഴിവുകള്‍ തന്നെയാണ് ഗുജറാ്ത്ത് ടൈറ്റന്‍സിനൊപ്പം പ്രദര്‍ശിപ്പിക്കുന്നത്. ഈ കാരണത്താലാണ് ടൈറ്റന്‍സ് മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.

ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഈ സീസണില്‍ എട്ടു മല്‍സരങ്ങളിലാണ് ഹാര്‍ദിക് പാണ്ഡ്യ കളിച്ചത്. പരിക്കു കാരണം ഒരു കളിയില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടിവന്നത്. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 51.33 ശരാശരിയില്‍ 308 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. 135.68 ആണ് സ്‌ട്രൈക്ക് റേറ്റ്.
മൂന്നു ഫിഫ്റ്റികളടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 87 റണ്‍സാണ്. 32 ബൗണ്ടറികളും എട്ടു സിക്‌സറുകളും ഹാര്‍ദിക് അടിച്ചെടുത്തു.
.

അതേസമയം, ഹാര്‍ദിക്കിനു കീഴില്‍ ഈ സീസണില്‍ കളിച്ച ഒമ്പതു മല്‍സരങ്ങളില്‍ എട്ടിലും ഗുജറാത്ത് ടൈറ്റന്‍സ് ജയിച്ചുകഴിഞ്ഞു. 16 പോയിന്റുമായി ജിടി പോയിന്റ് പട്ടികയില്‍ ഒന്നാസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. മാത്രമല്ല പ്ലേഓഫിലും ജിടി സ്ഥാനമുറപ്പാക്കിയിട്ടുണ്ട്.
ഇന്നു നടന്ന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറു വിക്കറ്റിനായിരുന്നു ജിടി കെട്ടുകെട്ടിച്ചത്. ടോസിനു ശേഷം ബാറ്റ് ചെയ്ത ആര്‍സിബി ആറു വിക്കറ്റിനു 170 റണ്‍സെടുക്കുകയായിരുന്നു.

നായകന്‍ വിരാട് കോലി (58), രജത് പാട്ടിദാര്‍ (52) എന്നിവരുടെ ഫിഫ്റ്റികളും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ (18 ബോളില്‍ 33) ഇന്നിങ്‌സുമാണ് ആര്‍സിബിയെ മികച്ച ടോട്ടലിലെത്തിച്ചത്. എന്നാല്‍ മൂന്നു ബോളുകളും ആറു വിക്കറ്റകളും ബാക്കിനില്‍ക്കെ ടൈറ്റന്‍സ് വിജയത്തിലെത്തി. രാഹുല്‍ തെവാത്തിയ (43*), ഡേവിഡ് മില്ലര്‍ (39) എന്നിവരുടെ തകര്‍പ്പന്‍ ഫിനിഷിങ് ടൈറ്റന്‍സിന്റെ വിജയം എളുപ്പമാക്കി തീര്‍ത്തു. ശുഭ്മാന്‍ ഗില്‍ 31 റണ്‍സെടുത്ത് പുറത്തായി.


Click it and Unblock the Notifications











