
കടുത്ത നിരാശയിലുള്ള രോഹിത് ഇപ്പോഴിതാ വൈകാരികമായൊരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. തങ്ങളുടെ തോല്‍വിയുടെ കടുത്ത നിരാശയിലും ഒപ്പം നില്‍ക്കുന്ന ആരാധകരോട് നന്ദി അറിയിക്കുന്ന വൈകാരികമായ കുറിപ്പാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്. 'ഇത്തവണ ടൂര്‍ണമെന്റില്‍ ഞങ്ങള്‍ മികച്ച കാല്‍വെപ്പല്ല നടത്തിയിരിക്കുന്നത്. അത് സംഭവിക്കുന്നു. പല പ്രമുഖ കായിക ഇതിഹാസങ്ങളും ഈ ഘട്ടത്തിലൂടെ കടന്ന് പോയിട്ടുള്ളവരാണ്. പക്ഷെ ഈ ടീമിനെയും അതിന്റെ അന്തരീക്ഷത്തേയും ഞാന്‍ സ്‌നേഹിക്കുന്നു. ഇതുവരെ ടീമിനെ സ്‌നേഹിക്കുകയും വിശ്വാസം അര്‍പ്പിക്കുകയും ചെയ്ത ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നു എല്ലാവരെയും അഭിനന്ദിക്കുന്നു' എന്നാണ് രോഹിത് കുറിച്ചത്.
ടീം തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങുമ്പോള്‍ രോഹിത്തിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണുള്ളത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഒന്നും ചെയ്യാനാവുന്നില്ല. ഇത്തവണ കൂടുതല്‍ ഗ്രൂപ്പ് മത്സരങ്ങളും മുംബൈയിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുംബൈ ഇന്ത്യന്‍സിന് മുന്‍തൂക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും മുംബൈ നിരാശപ്പെടുത്തുകയാണ് ചെയ്തത്. അവസാന മത്സരത്തില്‍ ലഖ്‌നൗവിനോട് തോറ്റത് മുംബൈയുടെ കളിത്തട്ടകമായ വാംഖഡെയിലാണ്.

പ്രമുഖര്‍ക്കൊന്നും ഉത്തരവാദിത്തം കാട്ടാനാവുന്നില്ല. 15.25 കോടിക്ക് ടീമിലെത്തിച്ച ഇഷാന്‍ കിഷന്‍ ടീമിന്റെ ബാധ്യതയായി മാറുന്നു. ഓപ്പണറായി അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്ത ഇഷാന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നു. മികച്ച തുടക്കം നല്‍കാന്‍ രോഹിത്തിനും ഇഷാനും സാധിക്കുന്നില്ല. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും മോശം ഫോമില്‍. കറെന്‍ പൊള്ളാര്‍ഡും ജസ്പ്രീത് ബുംറയുമെല്ലാം ഇത്തവണ നനഞ്ഞ പടക്കങ്ങളാണ്.

ബൗളിങ് നിരയിലാണ് മുംബൈക്ക് ഇത്തവണ പിഴച്ചത്. സൂപ്പര്‍ പേസര്‍മാരെന്ന് വിളിക്കാവുന്ന ആരുമില്ല. ആര്‍ക്കും വേണ്ടാത്ത ഡാനിയല്‍ സാംസ്, ജയദേവ് ഉനദ്ഘട്ട്, ബേസില്‍ തമ്പി, റില്ലി മെറീഡിത്ത് എന്നിവരില്‍ നിന്നെല്ലാം മുംബൈ അത്ഭുതം പ്രതീക്ഷിച്ചെങ്കില്‍ അതിനെ മണ്ടത്തരം എന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. എട്ട് തുടര്‍ തോല്‍വികള്‍ മുംബൈ ഒരിക്കലും പ്രതീക്ഷിക്കാത്തതിനാല്‍ത്തന്നെ ടീം മാനസികമായി ആകെ തളര്‍ന്നിരിക്കുകയാണെന്ന് പറയാം.
മുംബൈക്ക് പരീക്ഷണം നടത്താന്‍ ബെഞ്ച് കരുത്തും ദുര്‍ബലം. ടിം ഡേവിഡിന് 8 കോടിക്ക് മുകളില്‍ നല്‍കി സ്വന്തമാക്കിയ മുംബൈ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ബെഞ്ചിലിരുത്തി. അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഇതുവരെ അവസരം നല്‍കിയില്ല. തുടര്‍ തോല്‍വികള്‍ തുടരുമ്പോഴും മാറ്റത്തിന് മുംബൈ തയ്യാറാകാത്തത് ആരാധകരെയും ചൊടിപ്പിക്കുന്നു.

മെഗാ ലേലത്തിന് മുമ്പ് ക്വിന്റന്‍ ഡീകോക്ക്, ട്രന്റ് ബോള്‍ട്ട്, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയെല്ലാം മുംബൈ കൈവിട്ടിരുന്നു. ഇതില്‍ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിന്റെയും പാണ്ഡ്യ സഹോദരങ്ങളുടെയും അഭാവം മുംബൈ നന്നായി അറിയുന്നു. മുംബൈയെ മുംബൈ ആക്കി മാറ്റിയ താരങ്ങളെ കൈവിട്ടതാണ് മുംബൈയുടെ ഇപ്പോഴത്തെ തകര്‍ച്ചയുടെ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications
