രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐപിഎല്ലില്‍ അരങ്ങേറുകയും രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ കന്നി വിക്കറ്റും സ്വന്തമാക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലും അഭിമാനനത്തിലുമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 2021 മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണ് 23 കാരനായ സീം ബൗളിങ് ഓള്‍റൗണ്ടര്‍. പക്ഷെ രണ്ടു സീസണുകളിലും അര്‍ജുന് ഒരവസരം പോലും നല്‍കാന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ തയ്യാറായില്ല.
ഒടുവില്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ നാലാം റൗണ്ട് മല്‍സരത്തിലൂടെ അര്‍ജുന്‍ മുംബൈയില്‍ അരങ്ങേറിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മാച്ചില്‍ താരം ആദ്യ വിക്കറ്റും കൈക്കലാക്കിയിരുന്നു.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വ്യക്തിജീവിതത്തിലേക്കു വന്നാല്‍ വാര്‍ത്തകളിലൊന്നും അധികം നിറഞ്ഞു നില്‍ക്കാന്‍ ഇഷ്ടപ്പെടാതെ, സ്വകാര്യ ജീവിതം നയിക്കുന്നയാളാണ് അര്‍ജുന്‍. അതുകൊണ്ടു കളിക്കളത്തിലെ അല്ലാതെ താരത്തിന്റെ മറ്റു വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചൊന്നും അധികം പേര്‍ക്കുമറിയില്ല. എങ്കിലും ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റര്‍ ഡാനിയേല വ്യാറ്റുമായി ചേര്‍ത്ത് കുറച്ചുമുമ്പ് അര്‍ജുനെക്കുറിച്ച് ചില ഗോസിപ്പുകളെല്ലാം വന്നിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണോയെന്നു പലരും സംശയിക്കുകയും ചെയ്തിരുന്നു.
2010ന്റെ അവസാനം മുതല്‍ അര്‍ജുനും ഡാനിയേലയ്ക്കും പരസ്പരമറിയാം. അന്നു മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളായ ഇരുവരും പല സ്ഥലങ്ങളിലും ഒരുമിച്ച് കറങ്ങാറുമുണ്ട്. അര്‍ജുന് 10 വയസ്സ് മാത്രമുള്ളപ്പോഴാണ് ഡാനിയേലയുമായുള്ള സൗഹൃദം തുടങ്ങുന്നത്. അന്നു നെറ്റ്‌സില്‍ വച്ച് അര്‍ജുനെതിരേ ഡാനിയേല ബൗള്‍ ചെയ്തിരുന്നു. പിന്നീട് ഇരുവരും പരസ്പരം എല്ലാം തുറന്നു സംസാരിക്കുന്ന വളരെ അടുത്ത സുഹൃത്തുക്കളാവുകയും ചെയ്തു.
ഇതിനിടെയായിരുന്നു അര്‍ജുനൊപ്പമുള്ള ഒരു നിമിഷം ഡാനിയേല തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കുന്നത്. ലണ്ടനിലെ സോഹോയില്‍ ഒരു ആഡംബര ഹോട്ടലില്‍ വച്ച് അര്‍ജുനൊപ്പം ലഞ്ച് കഴിക്കുന്ന ചിത്രമായിരുന്നു അത്. ഈ ഫോട്ടോ വളരെ പെട്ടെന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ഇവര്‍ തമ്മില്‍ പ്രണയത്തിലാണോയന്നു പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അര്‍ജുനുമായുള്ള സൗഹൃദത്തെക്കുറിച്ച് അതിനു മുമ്പ് വ്യാറ്റ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
2009ലോ 10 ആണ് ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ച് ഞാന്‍ ആദ്യമായി സച്ചിനെയും അര്‍ജുനെയും നേരില്‍ കാണുന്നത്. എംസിസിയുടെ യുവ ക്രിക്കറ്റര്‍മാര്‍ത്തൊപ്പം ഞാന്‍ അപ്പോള്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുകയായിരുന്നു. സച്ചിനെ നേരില്‍ കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തുപോയി പരിചയപ്പെട്ടു. അര്‍ജുന് അപ്പോള്‍ 10 വയസ്സൊക്കെ മാത്രമേയുണ്ടാവുകയുള്ളൂ. അവന്‍ വളരെ ചെറുതായിരുന്നു.

അന്നു ഞാന്‍ അര്‍ജുനെതിരേ നെറ്റ്‌സില്‍ ബൗള്‍ ചെയ്തു. അവന്‍ വളര മിടുക്കനായിരുന്നു. അതിനു ശേഷം സച്ചിനോ, അര്‍ജുനോ ലോര്‍ഡ്‌സില്‍ പരിശീലനം നടത്താന്‍ എത്തുമ്പോഴെല്ലാം ഞാന്‍ അവരുമായി കൂടിക്കാഴ്ച നടത്താറുണ്ട്. നെറ്റ്‌സില്‍ എനിക്കെതിരേ ന്യൂബോള്‍ എറിയാനും അര്‍ജുനോടു താന്‍ ആവശ്യപ്പെട്ടിരുന്നതായും ഡാനിയേല വ്യാറ്റ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
പക്ഷെ ഇപ്പോള്‍ അര്‍ജുന്റെ ബൗളിങിനു കൂടുതല്‍ വേഗത വന്നിട്ടുണ്ട്. ഞാന്‍ ബൗണ്‍സര്‍ എറിഞ്ഞ് നിന്റെ തലയ്ക്കു കൊള്ളിക്കുമെന്നൊക്കെ അവന്‍ എല്ലായ്‌പ്പോഴും എന്നെ ഭയപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അര്‍ജുന്‍ എനിക്കെതിരേ ബൗള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. അവന്‍ നേരിടാന്‍ വളരെ അപകടകാരിയായി മാറിയിരിക്കുകയാണ്. അര്‍ജുന്റേത് വളരെ മനോഹരമായ കുടുംബമാണ്. അവന്‍െ അമ്മയും വളരെ സ്‌നേഹമുള്ളരാണ്. അടുത്തിടെ ലോകകപ്പിന്റെ സമയത്തു ഞാന്‍ സച്ചിനെ കണ്ടിരുന്നവെന്നും ഡാനിയേല വ്യാറ്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും വളരെ പ്രശസ്തയാണ് ഡാനിയേല വ്യാറ്റ്. ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രണയാഭ്യര്‍ഥന നടത്തിയ ശേഷമായിരുന്നു ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇംഗ്ലണ്ട് ടീമിന്റെ വളരെ അവിഭാജ്യ ഘടകമാണ് വ്യാറ്റ്. ദേശീയ ടീമിനു വേണ്ടി ഇവര്‍ 93 ഏകദിനങ്ങളിലും 124 ടി20കളിലും കളിച്ചിട്ടുണ്ട്.