
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് 26ാം തീയ്യതി ആരംഭമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയും കെകെആറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശത്തുടക്കം തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ടീമുകളെല്ലാം പരിശീലന ക്യാംപും ആരംഭിച്ച് പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലേക്ക് പുതിയൊരു തലവേദനയെത്തിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച ആശയക്കുഴപ്പമാണ് ഇപ്പോള്‍ പ്രശ്‌നമായി ഉയര്‍ന്നിരിക്കുന്നത്. ഐപിഎല്‍ ആരംഭിക്കുന്ന സമയത്ത് ബംഗ്ലാദേശുമായി ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയുണ്ട്. ഈ പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ ഒപ്പമുണ്ടാവണമെന്ന നിലപാടിലാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ). അങ്ങനെയാണെങ്കില്‍ കഗിസോ റബാദ്, ആന്റിച്ച് നോക്കിയേ, എയ്ഡന്‍ മാര്‍ക്രം തുടങ്ങിയ പല താരങ്ങള്‍ക്കും ഐപിഎല്ലിന്റെ ആദ്യ മത്സരം മുതല്‍ പങ്കെടുക്കാനാവില്ല.

പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങേണ്ടന്ന നിലപാടിലാണ് സിഎസ്എയ്ക്കുള്ളത്. ക്രിക്കറ്റ് ബോര്‍ഡ് നിലപാട് കടിപ്പിച്ചതിനാല്‍ത്തന്നെ താരങ്ങള്‍ക്ക് ഐപിഎല്‍ ഭാഗികമായി നഷ്ടപ്പെടാനാണ് സാധ്യത. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കാനാണ് പറഞ്ഞത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഓരോ ടെസ്റ്റ് പരമ്പരയും. അതുകൊണ്ട് തന്നെ ഓരോ പരമ്പരയും വളരെ പ്രധാനപ്പെട്ടതാണ്. ഇതുകൊണ്ട് താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും മടിയുണ്ട്.

ഈ മാസം 18നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഏപ്രില്‍ 12വരെ പരമ്പര നീളും. പ്രമുഖ താരങ്ങള്‍ ദേശീയ മത്സരം കളിച്ചാല്‍ ഐപിഎല്ലിലേക്കെത്താന്‍ ഏപ്രില്‍ 20 എങ്കിലുമാവും. പരമ്പര കഴിഞ്ഞ് ഇന്ത്യയിലേക്കെത്തിയാലും ക്വാറന്റൈനടക്കം നോക്കിയ ശേഷമേ ഇവര്‍ക്ക് കളിക്കാനാവൂ. അതുകൊണ്ട് കാര്യങ്ങള്‍ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിഎസ്എയുടേതാണ്. അവര്‍ തീരുമാനം കടുപ്പിച്ചാല്‍ താരങ്ങള്‍ ബംഗ്ലാദേശ് പരമ്പര കളിക്കേണ്ടി വരും. കഗിസോ റബാദ ഇത്തവണ പഞ്ചാബ് കിങ്‌സിലാണ്. സൂപ്പര്‍ പേസര്‍ ടീമിന്റെ മുഖ്യ ഘടകമാണ്. അതുകൊണ്ട് തന്നെ റബാദയെ ആദ്യ മത്സരം മുതല്‍ പഞ്ചാബ് ആവിശ്യപ്പെടുന്നു. ആന്‍ റിച്ച് നോക്കിയേയാണ് മറ്റൊരു പ്രധാന താരം. ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് നോക്കിയേ. അവസാന സീസണില്‍ ഡല്‍ഹി നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് നോക്കിയേ. ടീമിന്റെ മുഖ്യ പേസറും നോക്കിയേയാണ്.

ഇടം കൈയന്‍ യുവ പേസര്‍ മാര്‍ക്കോ ജാന്‍സന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമാണ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിലേക്ക് സജീവമായി പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ജാന്‍സന്‍. ഡേവിഡ് മില്ലര്‍ ടെസ്റ്റ് ടീമില്‍ സജീവമല്ലെങ്കിലും ദക്ഷിണാഫ്രിക്ക പരിഗണിക്കുന്ന താരങ്ങളിലൊരാളാണ്. ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടിയാണ് മില്ലര്‍ കളിക്കുന്നത്. എയ്ഡന്‍ മാര്‍ക്രം ഹൈദരാബാദ് വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളിലൊരാളാണ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അദ്ദേഹം സജീവ സാന്നിധ്യമാണ്.

ലൂങ്കി എന്‍ഗിഡി ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണുള്ളത്. എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലെ നിര്‍ണ്ണായക താരമാണ്. അതുകൊണ്ട് തന്നെ എന്‍ഗിഡിയും വൈകിയേക്കും. എന്‍ഗിഡിയേയും നോക്കിയേയും ഒരുമിച്ച് നഷ്ടമായാല്‍ ഡല്‍ഹിക്കത് നികത്താനാവാത്ത വിടവായിരിക്കും. എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ അഭാവം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഫ്രാഞ്ചൈസികള്‍ ആശങ്ക അറിയിച്ചതോടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഎസ്എയില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ടൂര്‍ണമെന്റിന്റെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാവും. ഇത് ഫ്രാഞ്ചൈസികളുടെ പദ്ധതികളേയും തകര്‍ക്കും. നിലവിലെ സാധ്യതയനുസരിച്ച് സിഎസ്എ വിട്ടുവീഴ്ചക്ക് തയ്യാറാവാന്‍ സാധ്യത വളരെ കുറവാണ്.