
മല്‍സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയ ഹാര്‍ദിക് പുറത്താവാതെ 50 റണ്‍സെടുത്തിരുന്നു. 42 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. ടൈറ്റന്‍സിനു വേണ്ടി അദ്ദേഹത്തിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു. പക്ഷെ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സിനു ടീമിനെ രക്ഷിക്കാനായില്ല. കളിയില്‍ ജിടി എട്ടു വിക്കറ്റിനു പരാജയപ്പെട്ടു. സീസണില്‍ അവരുടെ ആദ്യ തോല്‍വി കൂടിയാണിത്.

ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മല്‍സരം കാണാനെത്തിയ ഫാന്‍ ഒരു രസകരമായ ബാനറുമായാണ് എത്തിയത്. ഹാര്‍ദിക് ഫിഫ്റ്റിയടിച്ചാല്‍ താന്‍ ജോലി രാജി വയ്ക്കുമെന്നായിരുന്നു ഇതില്‍ എഴുതിയത്. മല്‍സരത്തിനിടെ ക്യാമറാക്കണ്ണുകള്‍ ഇതു ഒപ്പിയെടുത്തതോടെ ഈ ഫാനും ബാനറുമെല്ലാം സ്‌ക്രീനില്‍ തെളിയുകയും ചെയ്തു. ഇങ്ങനെയൊരു ബാനറിന്റെ പേരില്‍ താനും ശ്രദ്ധിക്കപ്പെട്ടതില്‍ ഈ ആരാധകനും സന്തോഷിച്ചിട്ടുണ്ടാവും. പക്ഷെ ഈ ആഹ്ലാദം അധികം നീണ്ടില്ല. ഹാര്‍ദിക് ഫിഫ്റ്റിയടിച്ചതോടെ ആരാധകന്റെ കണക്കുകൂട്ടല്‍ പാടെ തെറ്റുകയായിരുന്നു.

ഈ ഫാന്‍ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുയാണ്. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഫിഫ്റ്റിയടിച്ചതിനു പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകന്റെ ഫോട്ടോയ്‌ക്കൊപ്പം രസകരമായ പ്രതികരണങ്ങള്‍ നടത്തിയിരിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ ശരിക്കുമൊരു ലെജന്റ് തന്നെയാണ്. ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹം ഒരാളെ പുറത്താക്കിയിരിക്കുകയാണ് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഹാര്‍ദിക് പാണ്ഡ്യ കാരണം ജോലിയെ ബാധിക്കപ്പെട്ട ആദ്യത്തെയാളല്ല അദ്ദേഹം. കെഎല്‍ രാഹുല്‍ തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്തു തുടരുന്നതെന്നു ഒരു യൂസര്‍ കുറിച്ചു. നേരത്തേ ഹാര്‍ദിക്കിനൊപ്പം ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ വിവാദത്തിലകപ്പെടുകയും തുടര്‍ന്നു വിലക്ക് നേരിടുകയും ചെയ്തിരുന്നു.

ഇയാള്‍ യഥാര്‍ഥത്തില്‍ തന്റെ ജോലി വിടുമോ? ഈയാളെക്കുറിച്ച് ദുഖമുണ്ടെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ഹാര്‍ദിക് ഫിഫ്റ്റിയടിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്നാണ് അയാള്‍ പറഞ്ഞത്. ഇതിനെ രണ്ടു രീതിയില്‍ എടുക്കാം-
1) ഹാര്‍ദിക്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അതു ഹാര്‍ദിക് പട്ടേലിനെക്കുറിച്ചാണോയെന്നു വ്യക്തല്ല. മറ്റു സര്‍നെയിമുകളുള്ള ഒരുപാട് ഹാര്‍ദിക്കുമാരുണ്ട്.
2) ജോലിയെന്ന് അയാള്‍ ഉദ്ദേശിച്ചത് ക്രിക്കറ്റ് കാണലോ, വേറെയെന്തുമാവാം. അതിനെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല.
ഇങ്ങനെയായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഹാര്‍ദിക് പാണ്ഡ്യ ശരിക്കുമൊരു ഇതിഹാസമാണ്. ഇന്നു രാത്രി തന്നെ അദ്ദേഹം ഒരാളുടെ ജോലി നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നു ഒരു യൂസര്‍ കുറിച്ചു.
ഹാര്‍ദിക് പാണ്ഡ്യ, നിങ്ങളുടെ ഫിഫ്റ്റിക്കു ശേഷം നിങ്ങളുടെയൊരു ഫാന്‍ ഇപ്പോള്‍ ജോലി രാജിവയ്ക്കുമെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഭായിയുടെ ജോലി പോയെന്നായിരുന്നു പൊട്ടിച്ചിക്കുന്ന ഇമോജിയോടൊപ്പം ഒരു യൂസറുടെ ട്രോള്‍.

അതേസമയം, മല്‍സരത്തില്‍ ആധികാരികമായ വിജയമാണ് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സീസണില്‍ അവരുടെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് ഏഴു വിക്കറ്റിനു 162 റണ്‍സെടുത്തു. ഹാര്‍ദിക്കിന്റെ ഫിഫ്റ്റിയും അഭിനവ് മനോഹറിന്റെ (35) ഇന്നിങ്‌സുമാണ് അവര്‍ക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റണ്‍ചേസില്‍ അഞ്ചു ബോളുകളും എട്ടു വിക്കറ്റും ബാക്കിനില്‍ക്കെ ഹൈദരാബാദ് ലക്ഷ്യത്തിലെത്തി. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (57), അഭിഷേക് ശര്‍മ (42), നിക്കോളാസ് പൂരന്‍ (34*) എന്നിവര്‍ തിളങ്ങി.


Click it and Unblock the Notifications











