
ആവേശകരമായ റണ്‍ചേസില്‍ ഏഴു വിക്കറ്റിനായിരുന്നു ടൈറ്റന്‍സിന്റെ വിജയം. റോയല്‍സ് നല്‍കിയ 131 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 11 ബോളുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ടൈറ്റന്‍സ് നേടിയെടുക്കുകയായിരുന്നു. ജിടിയുടെ വിജയറണ്‍സ് കുറിച്ചത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ മറ്റൊരു താരത്തിനുമില്ലാത്ത വമ്പന്‍ റെക്കോര്‍ഡിനും അദ്ദേഹം അവകാശിയായിരിക്കുകയാണ്.

ഫൈനലില്‍ സിക്‌സറിലൂടെയാണ് ശുഭ്മാന്‍ ഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയ റണ്‍സ് കുറിച്ചത്. അവസാന രണ്ടോവറില്‍ നാലു റണ്‍സ് മാത്രമായിരുന്നു ടൈറ്റന്‍സിനു വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഒബെഡ് മക്കോയ് ആയിരുന്നു 19ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്.
എന്നാല്‍ ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തി ഗില്‍ ടീമിന്റെ വിജയറണ്‍സ് പൂര്‍ത്തിയാക്കുകയായിരുന്നു. സ്‌ക്വയര്‍ ലെഗിലൂടെയാണ് താരം സിക്‌സര്‍ പായിച്ചത്. തുടര്‍ന്ന് വിരാട് കോലിയുടെ ശൈലിയില്‍ ആകാശത്തേക്കു തലയുയര്‍ത്തി ഗില്‍ ആക്രോശിച്ചപ്പോള്‍ സ്‌റ്റേഡിയത്തിലെ ടൈറ്റന്‍സ് ഫാന്‍സിന്റെ നിയന്ത്രണം വിടുകയായിരുന്നു. മല്‍സരത്തില്‍ 45 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 43 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയവും കിരീടവും സിക്‌സറിലൂടെ പൂര്‍ത്തിയാക്കിയതോടെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് ശുഭ്മാന്‍ ഗില്ലിനെ തേടിയെത്തിയത്. ടൂര്‍ണമെന്റിന്റെ 14 വര്‍ഷത്തെ ചരിത്രത്തില്‍ ഫൈനലില്‍ സിക്‌സറിലൂടെ ടീമിന്റെ വിജയറണ്‍സ് കുറിച്ച താരമെന്ന റെക്കോര്‍ഡിനാണ് ഗില്‍ അര്‍ഹനായത്.
നേരത്തേ മുമ്പൊരു സീസണിലും റണ്‍ചേസ് നടത്തി ഒരു ടീം ചാംപ്യന്‍മാരായപ്പോള്‍ വിജയറണ്‍സ് സിക്‌സറിലൂടെ പിറന്നിട്ടില്ല. ഈ പതിവാണ് ഗില്‍ ഇത്തവണ തെറ്റിച്ചരിക്കുന്നത്.

2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീല്ങ്കയ്‌ക്കെതിരേ ക്യാപ്റ്റന്‍ എംഎസ് ധോണി സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം. ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ എന്നു കമന്ററി പറഞ്ഞ രവി ശാസ്ത്രി ഈ ഐപിഎല്‍ ഫൈനലിലും കമന്ററി പാനലിലുണ്ടായിരുന്നുവെന്നത് മറ്റൊരു കൗതുകമാണ്.

ഇത്തവണത്തെ മെഗാ ലേലത്തിനു മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ മൂന്നു താരങ്ങളിലൊരാളാണ് ശുഭ്മാന്‍ ഗില്‍. മറ്റു രണ്ടു പേര്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ്. ടൈറ്റന്‍സിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ഗില്‍ സീസണില്‍ കാഴ്ചവട്ടത്.
ഇത്തവണ ടൈറ്റന്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമാണ് അദ്ദേഹം. 16 മല്‍സരങ്ങളില്‍ നിന്നും 34.50 ശരാശരിയില്‍ 132.32 സ്‌ട്രൈക്ക് റേറ്റോടെ 483 റണ്‍സ് ഗില്‍ നേടിയിട്ടുണ്ട്. നാലു ഫിഫ്റ്റികളോടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 96 റണ്‍സാണ്. 51 ബൗണ്ടറികളും 11 സിക്‌സറുമാണ് താരം സീസണിലാകെ നേടിയത്.

അതേസമയം, ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഫൈനലിലേക്കു വരികയാണെങ്കില്‍ ഇരുടീമിലെയും ഒരാള്‍ പോലും ഫിഫ്റ്റി നേടിയിട്ടില്ലെന്നു കാണാം. ആദ്യം ബാറ്റ് ചെയ്ത ഒമ്പതു വിക്കറ്റിനു 130 റണ്‍സെടുത്ത റോയല്‍സിന്റെ ടോപ്‌സ്‌കോററായത് ജോസ് ബട്‌ലറായിരുന്നു. 39 റണ്‍സാണ് അദ്ദേഹം നേടിയത്. 35 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. റണ്‍ചേസില്‍ വൃധിമാന്‍ സാഹ (5), മാത്യു വേഡ് (8) എന്നിവര്‍ ഫ്‌ളോപ്പായെങ്കിലും ശുഭ്മാന്‍ ഗില്‍ (45*), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (34), ഡേവിഡ് മില്ലര്‍ (32*) എന്നിവരുടെ പ്രകടനം ടൈറ്റന്‍സിന്റെ വിജയമുറപ്പിക്കുകയായിരുന്നു.


Click it and Unblock the Notifications











