Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പ്രകടനം ഗംഭീരം, ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയേക്കും, അഞ്ച് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ പുരോഗമിക്കുന്നത്. രണ്ടാം റൗണ്ട് പുരോഗമിക്കവെ ഏറ്റവും ശ്രദ്ധേയമാവുന്നത് സീനിയര്‍ താരങ്ങളുടെ പ്രകടനമാണ്. എഴുതിത്തള്ളിയവരും മെഗാ ലേലത്തില്‍ ആദ്യ റൗണ്ടില്‍ വിറ്റു പോവാത്തവരുമാണ് ഇവരില്‍ പലരും. എന്നാല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ത്തന്നെ തങ്ങളുടെ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ഇവരില്‍ പലര്‍ക്കും സാധിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നുവെന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് പ്രാധാന്യമേറെയാണ്. ശ്രദ്ധേയ പ്രകടനം നടത്തിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ഇടം പിടിക്കാനായേക്കുമെന്നതിനാല്‍ യുവതാരങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്. 2021ലെ ടി20 ലോകകപ്പ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. പ്ലേ ഓഫ് പോലും കാണാനാവാതെ പുറത്തായ ഇന്ത്യ പാകിസ്താനോട് ലോകകപ്പ് ചരിത്രത്തിലാദ്യമായി തോല്‍ക്കുകയും ചെയ്തു.

1

ഇത്തവണ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങുന്ന ഇന്ത്യക്ക് ഗംഭീര പ്രകടനം നടത്തി തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് എന്നതിനാല്‍ പരിചയസമ്പത്തിന് പ്രാധാന്യമേറെ. ഇത്തവണ ഐപിഎല്ലില്‍ മികവ് കാട്ടുന്ന സീനിയേഴ്‌സിന് കൂടുതല്‍ പരിഗണന ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഐപിഎല്‍ 15ാം സീസണിലെ പ്രകടനം കൊണ്ട് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള ചില സീനിയേഴ്‌സുണ്ട്. പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ഇന്ത്യയുടെ സീനിയര്‍ താരം ഉമേഷ് യാദവ് നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്. 34കാരനായ ഉമേഷ് ഇന്ത്യക്കായി വിരലിലെണ്ണാവുന്ന ടി20 മത്സരങ്ങളാണ് കളിച്ചത്. ഏഴ് ടി20യില്‍ നിന്ന് ഒമ്പത് വിക്കറ്റ് നേടിയ ഉമേഷിന്റെ ഇക്കോണമി 8.76 ആണ്. 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത് 2019ലാണ്. ഇന്ത്യക്കായി 75 ഏകദിനത്തില്‍ നിന്ന് 106 വികറ്റും 52 ടെസ്റ്റില്‍ നിന്ന് 158 വിക്കറ്റുമാണ് ഉമേഷ് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്.

2

ഐപിഎല്ലില്‍ 124 മത്സരങ്ങളില്‍ നിന്ന് 127 വിക്കറ്റാണ് ഉമേഷിന്റെ പേരിലുള്ളത്. ഇത്തവണ മെഗാ ലേലത്തില്‍ ആരും അധികം പരിഗണിക്കാതിരുന്ന ഉമേഷിനെ കെകെആറാണ് ടീമിലെത്തിച്ചത്. ആദ്യ മൂന്ന് മത്സരത്തിലൂടെത്തന്നെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ ഉമേഷിന് സാധിച്ചിട്ടുണ്ട്. മൂന്ന് മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഉമേഷിന്റെ ഇക്കോണമി 4.91 ആണ്. നിലവിലെ പര്‍പ്പിള്‍ ക്യാപ് ഉടമയും ഉമേഷാണ്. ന്യൂബോളില്‍ മികച്ച പേസും സ്വിങ്ങും കണ്ടെത്തുന്ന ഉമേഷിന് സീസണിലുടെനീളം ഇതേ മികവ് കാട്ടാനായാല്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചുവരവ് സാധ്യമായേക്കും.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദിനേഷ് കാര്‍ത്തിക്. ഇന്ത്യക്ക് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്തുണ്ട്. എന്നാല്‍ ദിനേഷ് കാര്‍ത്തികിനെ ഫിനിഷര്‍ റോളില്‍ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചേക്കും. ഇന്ത്യക്കായി 32 ടി20 കളിച്ചിട്ടുള്ള കാര്‍ത്തിക് 399 റണ്‍സാണ് നേടിയത്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫിനിഷറെന്ന നിലയില്‍ വിശ്വസ്തനായ താരമാണ് കാര്‍ത്തിക്. നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ച കാര്‍ത്തികിന്റെ മികവ് ആരും മറന്നിട്ടില്ല.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കാര്‍ത്തികിന് മികവുണ്ട്. ഇത്തവണ ആര്‍സിബിയുടെ ഭാഗമായ കാര്‍ത്തിക് ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ തന്റെ മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചു. പഞ്ചാബിനെതിരേ 14 പന്തില്‍ 32 റണ്‍സും കെകെആറിനെതിരേ ഏഴ് പന്തില്‍ 14 റണ്‍സുമാണ് കാര്‍ത്തിക് നേടിയത്. ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് കാര്‍ത്തിക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

2021ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഹര്‍ദിക് പാണ്ഡ്യ ഉണ്ടായിരുന്നെങ്കിലും മോശം പ്രകടനത്തിലൂടെ വലിയ വിമര്‍ശനം നേരിട്ടു. പരിക്കേറ്റതോടെ പന്തെറിയാനും പ്രയാസപ്പെട്ട ഹര്‍ദിക് പാണ്ഡ്യ വൈകാതെ ഇന്ത്യന്‍ ടീമിന് പുറത്താവുകയും ചെയ്തു. ഇന്ത്യയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ വിശേഷണമുള്ള ഹര്‍ദിക് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്. ആദ്യ രണ്ട് മത്സരത്തിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഹര്‍ദിക്കിനായി.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനെയുമാണ് ഹര്‍ദിക്കിന്റെ ഗുജറാത്ത് തോല്‍പ്പിച്ചത്. ബാറ്റുകൊണ്ട് മാത്രമല്ല നാല് ഓവര്‍ എറിയാനും ഇപ്പോള്‍ ഹര്‍ദിക്കിന് സാധിക്കുന്നു. ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യുന്ന താരം 140ന് മുകളില്‍ വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയുന്നുമുണ്ട്. നിലവിലെ പ്രകടനത്തിലൂടെത്തന്നെ ഹര്‍ദിക് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാത്ത താരമാണ് ശിഖര്‍ ധവാന്‍. നിലവില്‍ ഇന്ത്യയുടെ ഏകദിനത്തിലേക്ക് മാത്രമാണ് ഇടം കൈയന്‍ ഓപ്പണറെ പരിഗണിക്കുന്നത്. എന്നാല്‍ ഐപിഎല്ലില്‍ വലിയ ബാറ്റിങ് റെക്കോഡുള്ള ധവാന്‍ അവസാന രണ്ട് സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

2016മുതല്‍ കളിച്ച എല്ലാ സീസണിലും 400ന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇത്തവണ പഞ്ചാബ് കിങ്‌സിലേക്ക് എത്തിപ്പെട്ട താരത്തിന് ആദ്യ രണ്ട് മത്സരത്തിലും കാര്യമായി തിളങ്ങാനായിട്ടില്ല. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ ഫോമിലേക്കെത്താനുള്ള അവസരം മുന്നിലുണ്ട്. ഓസ്‌ട്രേലിയയില്‍ നന്നായി ബാറ്റ് ചെയ്യാനുള്ള മിടുക്ക് ധവാനുണ്ടെന്ന് മുന്‍ പ്രകടനങ്ങളില്‍ നിന്ന് വ്യക്തം. അതുകൊണ്ട് തന്നെ ധവാനെയും ഇന്ത്യ പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിച്ച താരമാണ് സ്പിന്നറായ രാഹുല്‍ ചഹാര്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന താരം നമീബിയക്കെതിരേ കളിക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ ടീമിന് പുറത്താണ് താരം. ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായ രാഹുല്‍ രണ്ട് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാല്‍ വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും രാഹുലിന് ഇടം പിടിക്കാനായേക്കും.

Story first published: Sunday, April 3, 2022, 16:42 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+