
ഇന്ത്യക്കു വേണ്ടി 13 ടി20 മല്‍സരങ്ങളും ഒരേയൊരു ഏകദിനവും മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. വല്ലപ്പോഴും മാത്രം ടീമില്‍ വന്നുപോവുന്ന അതിഥിയെപ്പോലെയാണ് അദ്ദേഹം. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു അരങ്ങേറിയത്. ധോണിക്കു ശേഷം റിഷഭ് പന്ത് ദേശീയ ടീമില്‍ ഈ റോള്‍ ഏറ്റെടുക്കുകയും ചെയ്തു. റിഷഭിനേക്കാള്‍ വളരെ മുമ്പ് ദേശീയ ടീമലെത്തിയെങ്കിലും തന്റെ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനായില്ല. നിലവില്‍ റിഷഭ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കു ശേഷം വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാസ്ഥാനമാണ് സഞ്ജുവിന് ഇന്ത്യ നല്‍കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കേണ്ടിയിരുന്ന താരമാണ് സഞ്ജു സാംസണെന്നു ഷുഐബ് അക്തര്‍ പറഞ്ഞു. ഐപിഎല്ലില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സും ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മല്‍സരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ മികച്ച താരങ്ങളിലൊരാളാണ് സഞ്ജുവെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാനായില്ല. പക്ഷെ നല്ല പ്രതിഭയുള്ള ക്രിക്കറ്റര്‍ തന്നെയാണ് സഞ്ജുവെന്നും അക്തര്‍ നിരീക്ഷിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസണ്‍. താരം അവസാനമായി കളിച്ചതും ഈ പരമ്പരയില്‍ തന്നെയായിരുന്നു. റിഷഭ് പന്തിനു ഇന്ത്യ വിശ്രനം നല്‍കിയതോടെയാണ് ഇഷാന്‍ കിഷനോടൊപ്പം ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനു നറുക്കുവീണത്.
ശ്രീലങ്കയ്‌ക്കെതിരായ ഈ പരമ്പരയില്‍ രണ്ടു ടി20കളിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. 39, 18 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.

സഞ്ജു സാംസണിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറിനെയും ഷുഐബ് അക്തര്‍ പുകഴ്ത്തി. അര്‍ഹിച്ച അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്ത താരങ്ങളിലൊരാണ് അദ്ദേഹമെന്നു പാക് ഇതിഹാസം ചൂണ്ടിക്കാട്ടി.
ബെന്‍ സ്റ്റോക്‌സിനു പകരം ജോസ് ബട്‌ലറിനെ ഇംഗ്ലണ്ട് പ്രൊമോട്ട് ചെയ്തിരുന്നെങ്കില്‍ അദ്ദേഹം അവരുടെ സൂപ്പര്‍ താരമായി മാറുമായിരുന്നു. ബട്‌ലര്‍ വലിയൊരു മജീഷ്യന്‍ തന്നെയാണ്. മോശം വിക്കറ്റിലും നല്ല പ്രതലത്തിലും റണ്‍സെടുക്കാന്‍ അദ്ദേഹത്തിനു കഴിയും. ബൗളര്‍മാരെ ബട്‌ലര്‍ തകര്‍ക്കും.

വലിയ പ്രതിഭാശാലി തന്നെയാണ് അദ്ദേഹം. വളരെ പെര്‍ഫെക്ടായിട്ടുള്ള താരങ്ങളിലൊരാളാണ് ബട്‌ലര്‍. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളുമാണ്. പക്ഷെ ബട്‌ലറുടെ കഴിവ് അംഗീകരിക്കപ്പെട്ടതായി തനിക്കു തോന്നിയിട്ടില്ലെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനമാണ് ജോസ് ബട്‌ലര്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. സറൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ ആദ്യ മല്‍സരത്തില്‍ 28 ബോളില്‍ 35 റണ്‍സ് അദ്ദേഹം നേടിയിരുന്നു. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെതിരേ ബട്‌ലര്‍ സെഞ്ച്വറിയുമായും കസറി. 68 ബോളില്‍ 100 റണ്‍സാണ് അദ്ദേഹമെടുത്തത്. ഈ സീസണിലെ ഐപിഎല്ലിലെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. ബട്‌ലറുടെ രണ്ടാം ഐപിഎല്‍ സെഞ്ച്വറിയാണിത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയായിരുന്നു അദ്ദേഹം ആദ്യമായി മൂന്നക്കം തികച്ചത്.


Click it and Unblock the Notifications