IPL 2022: തീരുമാനങ്ങള്‍ കൃത്യം, ഏറ്റവും സ്വാധീനം സൃഷ്ടിച്ച നായകന്‍ സഞ്ജു- പാര്‍ഥിവ് പട്ടേല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആദ്യ പ്ലേ ഓഫ് ഇന്ന് നടക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. അരങ്ങേറ്റക്കാരായ ഗുജറാത്താണോ അതോ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണോ ആദ്യം ഫൈനല്‍ സീറ്റുറപ്പിക്കുകയെന്നത് കാത്തിരുന്ന് കാണാം. ഇത്തവണ നായകന്മാരെന്ന നിലയില്‍ പ്രമുഖരെല്ലാം പിന്നോട്ട് പോയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ഫഫ് ഡുപ്ലെസിസ്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാമാണ് കൈയടി നേടിയത്.
ഇതില്‍ ഏറ്റവും മികച്ച നായകനെ കണ്ടെത്തുക പ്രയാസമാണ്. എന്നാലിപ്പോഴിതാ തീരുമാനങ്ങള്‍ കൃത്യമായി എടുക്കുന്ന സീസണില്‍ ഏറ്റവും സ്വാധീനം സൃഷ്ടിച്ച നായകന്‍ സഞ്ജു സാംസണാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പാര്‍ഥിവ് പട്ടേല്‍. 'ഈ സീസണില്‍ ഏറ്റവും സ്വാധീനം സൃഷ്ടിച്ച നായകനാണ് സഞ്ജു സാംസണ്‍. വളരെ ശാന്തതയോടെയാണ് അവന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അവന്റെ തീരുമാനങ്ങളില്‍ കൃത്യതയുണ്ട്. നായകസ്ഥാനത്തേക്കെത്തിയ ശേഷം അവന്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്'- പാര്‍ഥിവ് പറഞ്ഞു.

സഞ്ജു ഇത്തവണ നായകനെന്ന നിലയില്‍ വളരെയധികം കൈയടി നേടിയിട്ടുണ്ട്. പല പ്രമുഖരും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചപ്പോഴും അദ്ദേഹം ശാന്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്തു. ഇത്തവണ അനായാസമായിത്തന്നെ രാജസ്ഥാനെ പ്ലേ ഓഫിലേക്കെത്തിക്കുകയും ചെയ്തു. രണ്ടാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ ഇത്തവണ ടീം പ്ലേ ഓഫിലെത്തിയത്.
ബാറ്റിങ്ങിലും മോശമല്ലാത്ത പ്രകടനം സഞ്ജു കാഴ്ചവെച്ചു. 14 മത്സരങ്ങളില്‍ നിന്ന് 374 റണ്‍സാണ് അദ്ദേഹം നേടിയത്. അതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 35 ഫോറും 12 സിക്‌സും സഞ്ജു പറത്തി. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല. ഇതിനെതിരേ വലിയ വിമര്‍ശനം ഇപ്പോള്‍ ഉയരുന്നുണ്ട്. മോശം ഫോമിലുള്ള പല താരങ്ങളേയും ഇന്ത്യ പരിഗണിച്ചപ്പോഴും സഞ്ജുവിനെ തഴയുകയായിരുന്നു.

ഇന്ന് ഒന്നാം പ്ലേ ഓഫ് കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡനിലാണ് നടക്കുന്നത്. മഴ ഭീഷണിയെത്തുടര്‍ന്ന് പിച്ച് മൂടിയിട്ടിരിക്കുകയാണ്. പിച്ച് ഇത്തരത്തില്‍ മൂടിയിട്ടിരിക്കുന്നത് രാജസ്ഥാന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടിനെ തിളങ്ങാന്‍ സഹായിക്കുമെന്നും പാര്‍ഥിവ് പട്ടേല്‍ അഭിപ്രായപ്പെട്ടു. 'പിച്ച് മഴ ഭീഷണിയെത്തുടര്‍ന്ന് മൂടിയിട്ടത് ട്രന്റ് ബോള്‍ട്ടിന് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. കാരണം പിച്ച് മൂടിയിടുന്നതോടെ ഇവിടെ കൂടുതല്‍ സ്വിങ് ലഭിക്കും. വലിയ മഴ പെയ്യാതിരിക്കുന്നതോടെ പിച്ചില്‍ ചെറിയ ഈര്‍പ്പം മാത്രമാവും ഉണ്ടാവുക.

ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് 11ല്‍ മാറ്റം വേണ്ടെന്നാണ് തോന്നുന്നത്. യശ്വസി ജയ്‌സ്വാള്‍ നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. അവന്‍ പ്ലേയിങ് 11ല്‍ വേണം. അശ്വിനും നന്നായി കളിക്കാന്‍ ആരംഭിച്ചതോടെ അവരുടെ ബാറ്റിങ്ങിന്റെ കരുത്ത് കൂടി. വേണമെങ്കില്‍ കുല്‍ദീപ് സെന്നിനെ പരിഗണിക്കാവുന്നതാണ്. അല്ലാത്ത പക്ഷം ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന് കരുതുന്നില്ല'- പാര്‍ഥിവ് കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ റോയല്‍സ് രണ്ടാം കിരീട മോഹവുമാണ് ഇത്തവണ ഇറങ്ങിയത്. ആദ്യ പ്ലേ ഓഫില്‍ ജയിച്ചാല്‍ നേരിട്ട് ഫൈനലിലെത്താമെന്നതിനാല്‍ രാജസ്ഥാനും ഗുജറാത്തും ജയം മാത്രം മുന്നില്‍ക്കണ്ടാവും ഇറങ്ങുക. തോല്‍ക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ഒരു അവസരം കൂടിയുണ്ട്. എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമിനെ രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെടുത്തിയാല്‍ ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്ന ടീമിന് ഫൈനലിലേക്കെത്താം. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട സഞ്ജുവിന് കിരീടം നേടി സെലക്ടര്‍മാരെ നാണംകെടുത്താനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications