IPL 2022: ഹര്‍ദിക്കിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണ വിയര്‍ക്കും, മോശം ടീം, ആരാധകര്‍ ഹാപ്പിയല്ല

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. 600 താരങ്ങള്‍ പങ്കെടുത്ത വാശിയേറിയ മെഗാ ലേലത്തില്‍ 204 താരങ്ങളെയാണ് ആകെ വിറ്റുപോയത്. 10 ടീമുകളും തങ്ങളുടെ തന്ത്രങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ച് താരങ്ങളെ ടീമിലെത്തിച്ച് കഴിഞ്ഞു. ഇനി പോരാട്ടത്തിനായുള്ള കാത്തിരിപ്പാണ്. പല ടീമുകളും വ്യക്തമായ പദ്ധതികളോടെ താരങ്ങളെ വിളിച്ചെടുത്തപ്പോള്‍ ചില ടീമുകള്‍ക്ക് അമ്പേ പാളിയെന്ന് തന്നെ പറയാം.
വ്യക്തമായ പദ്ധതികളില്ലാതെ ലേലത്തിനെത്തി പ്രതീക്ഷിച്ച ശക്തി സൃഷ്ടിച്ചെടുക്കാന്‍ ചില ടീമുകള്‍ക്കായിട്ടില്ല. അത്തരത്തിലൊരു ടീമാണ് ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ ഡല്‍ഹി ടൈറ്റന്‍സ്. അഹമ്മദാബാദ് എന്ന പേരില്‍ ആദ്യം എത്തിയ ടീം പിന്നീട് ഗുജറാത്ത് ടൈറ്റന്‍സ് എന്ന് പേര് മാറ്റുകയായിരുന്നു. ലേലത്തിന് മുമ്പ് ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയും റാഷിദ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെ ഗുജറാത്ത് ടീമിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലേലം പൂര്‍ത്തിയാവുമ്പോള്‍ ഗുജറാത്ത് ടീം വലിയ പ്രതീക്ഷ നല്‍കുന്നില്ലെന്ന് തന്നെ പറയാം. ടീമിനെ അടുത്തറിയാം.

വിശ്വസ്തനായ ബാറ്റ്‌സ്മാനില്ല
ടോപ് ഓഡറിലേക്ക് നോക്കുമ്പോള്‍ വളരെ നിരാശ തന്നെയാണ് ഫലം. ജേസന്‍ റോയ്, വൃദ്ധിമാന്‍ സാഹ, ഗുര്‍കീരത് സിങ്, ശുബ്മാന്‍ ഗില്‍ എന്നിവരെയാണ് ഗുജറാത്ത് പരിഗണിച്ചിരിക്കുന്നത്. ശുബ്മാന്‍ ഗില്ലും ജേസന്‍ റോയിയും ഓപ്പണര്‍മാരായി എത്താനും സാധ്യതയുണ്ട്. ഗുജറാത്തിന്റെ ടോപ് ഓഡറിനെ നോക്കുമ്പോള്‍ വിശ്വസ്തരെന്ന് വിളിക്കാവുന്ന ആരും തന്നെയില്ല. മികച്ച ടി20 റെക്കോഡുള്ള ആരും തന്നെയില്ലെന്ന് പറയാം. ഗില്‍ ടി20യില്‍ വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ കഴിവില്ലാത്ത താരമാണ്. ജേസന്‍ റോയിയെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. സാഹയും ഗുര്‍കീരത് സിങ്ങും ഐപിഎല്ലിലെ ലോ പ്രൊഫൈല്‍ താരങ്ങളാണ്.

മധ്യനിര തരക്കേടില്ല
മധ്യനിരയില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വേഡിനെ പരിഗണിക്കാനാണ് സാധ്യത. 2021ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തിയ താരത്തില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. ഇടം കൈയനായ താരത്തെ ഓപ്പണിങ്ങിലേക്കും പരിഗണിക്കാം. നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ടീമിന് നിര്‍ണ്ണായകമാവും. എന്നാല്‍ പരിക്കിന്റെ വിശ്രമത്തിന് ശേഷം എത്തുന്ന ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയണം. വിജയ് ശങ്കറാണ് മധ്യനിരയിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം. അദ്ദേഹത്തെയും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഡേവിഡ് മില്ലറും ഒപ്പമുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയുടെ പഴയ പുലിയെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു.

സ്പിന്‍ നിര കൊള്ളാം
റാഷിദ് ഖാന്റെ സാന്നിധ്യമാണ് ഗുജറാത്തിന്റെ സ്പിന്‍ നിരയെ കരുത്തുറ്റതാക്കുന്നത്. എതിരാളികളെ റണ്‍സ് നേടാതെ പിടിച്ചുനിര്‍ത്താന്‍ റാഷിദ് ഖാന്‍ മിടുക്കനാണ്. ജയന്ത് യാദവാണ് സ്പിന്‍ നിരയിലെ മറ്റൊരു പ്രധാന താരം. ഓള്‍റൗണ്ടറായ താരവും മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ്. മൂന്ന് കോടി രൂപക്ക് സ്വന്തമാക്കിയ സായ് കിഷോറും സ്പിന്‍ നിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. നേരത്തെ സിഎസ്‌കെയുടെ ഭാഗമായിരുന്ന താരം. രാഹുല്‍ തെവാത്തിയയും ഒപ്പമുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ താരം രാജസ്ഥാനൊപ്പം 2020 സീസണില്‍ തിളങ്ങിയിരുന്നു.

ഷമി നയിക്കുന്ന പേസ് നിര
മുഹമ്മദ് ഷമിയാണ് പേസ് നിരയിലെ പ്രധാനി. ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ആരോണ്‍, അല്‍സാരി ജോസഫ് എന്നിവരാണ് എടുത്തുപറയേണ്ട മറ്റ് പേസര്‍മാര്‍. ഇതില്‍ റണ്ണൊഴുക്ക് തടയാനും ഡെത്ത് ഓവറില്‍ കരുത്ത് കാട്ടാനും കെല്‍പ്പുള്ള ബൗളറാരാണെന്നത് വലിയ ചോദ്യമാണ്. ഷമിയെ ടി20യില്‍ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഫെര്‍ഗൂസന്‍ കെകെആറിനൊപ്പം തിളങ്ങിയിരുന്നെങ്കിലും തല്ലുവാങ്ങുന്ന ബൗളറാണ്. അല്‍സാരി ജോസഫ് താരതമ്യേനെ യുവതാരമായതിനാല്‍ എന്ത് അത്ഭുതം കാട്ടുമെന്ന് കണ്ടറിയണം. മുംബൈക്കൊപ്പം ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് സ്വന്തമാക്കാന്‍ അല്‍സാരി ജോസഫിന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications