IPL 2022: പ്ലേഓഫ് ടിക്കറ്റെടുക്കാന്‍ സഞ്ജു, തടയാന്‍ ധോണി- പ്രിവ്യു, സാധ്യതാ ഇലവന്‍
മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കു പിന്നാലെ ഐപിഎല്ലിന്റെ പ്ലേഓഫിലെത്തുന്ന മൂന്നാമത്തെ ടീമാവാനുറച്ച് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നു. വെളളിയാഴ്ച രാത്രി 7.30നു മുംബൈയിലെ ബ്രാബണ്‍ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് റോയല്‍സിന്റെ എതിരാളികള്‍.
റോയല്‍സിന്റെയും ചെന്നൈയുടെയും അവസാന ലീഗ് മല്‍സരം കൂടിയാണിത്. 13 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റോടെ ലീഗില്‍ മൂന്നാംസ്ഥാനത്താണ് സഞ്ജു സാംസണും സംഘവും. എന്നാല്‍ ഇത്രയും മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റ് മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്താണ്.

എംഎസ് ധോണിയെയും സംഘത്തെയും തോല്‍പ്പിക്കാനായാല്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തിനു കാത്തുനില്‍ക്കാതെ തന്നെ 18 പോയിന്റുമായി സഞ്ജുവിനും സംഘത്തിനും പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങാം. എന്നാല്‍ തോല്‍ക്കുകയാണെങ്കില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരുടെ മല്‍സരങ്ങള്‍ കഴിയുന്നതു വരെ റോയല്‍സിനു കാത്തിരിക്കേണ്ടി വരും. ഇവരിലൊരു ടീം 16 പോയിന്റ് നേടാതെ വന്നാല്‍ ചെന്നൈയോടു തോറ്റാലും റോയല്‍സിനു പ്ലേഓഫിലെത്താം.

ചെന്നൈയ്ക്കു ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ ജയത്തോടെ തലയുയര്‍ത്തി മടങ്ങാന്‍ അവര്‍ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിനു വിജയം അത്ര എളുപ്പമായിരിക്കില്ല. ഒരു പക്ഷെ ചെന്നൈയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വിടവാങ്ങല്‍ മല്‍സരം കൂടിയായിരിക്കും ഇത്. അടുത്ത സീസണില്‍ അദ്ദേഹം സിഎസ്‌കെയ്ക്കായി കളിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെയാണെങ്കില്‍ തങ്ങളുടെ ഹീറോയ്ക്കു വിജയത്തോടെ തന്നെ യാത്രയയപ്പ് നല്‍കാന്‍ ചെന്നൈ കൈയ്‌മെയ് മറന്നു പോരാടുമെന്നുറപ്പാണ്.

ഈ സീസണില്‍ ചെന്നൈയും റോയല്‍സും തമ്മിലുള്ള ആദ്യത്തെ പോരാട്ടം കൂടിയാണിത്. അതേസമയം, ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ചെന്നൈയ്‌ക്കെതിരേ മുന്‍തൂക്കം റോയല്‍സിനാണ്. ഇതുവരെ 26 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 15 എണ്ണത്തില്‍ വിജയം റോയല്‍സിനായിരുന്നു. ചെന്നൈ 11 കളികളിലും വിജയം കൊയ്തു.
അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുത്താലും നേരിയ മുന്‍തൂക്കം റോയല്‍സിനാണ്. മൂന്നു മല്‍സരങ്ങളില്‍ റോയല്‍സും രണ്ടു മല്‍സരങ്ങളില്‍ ചെന്നൈയും ജയം കൊയ്യുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ചെന്നൈ വിശ്രമം നല്‍കിയിരുന്നു. അമ്പാട്ടി റായുഡു, റോബിന്‍ ഉത്തപ്പ, ഡ്വയ്ന്‍ ബ്രാവോ എന്നിവരൊന്നും പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. മഹീഷ് തീക്ഷണയ്ക്കും വിശ്രമം നല്‍കിയിരുന്നു. റോയല്‍സിനെതിരേയും ചെന്നൈ കൂടുതല്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കാനാണ് സാധ്യത. സീസണില്‍ ഇതുവരെ ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ റോയല്‍സിനെതിരേ ഐപിഎല്ലില്‍ അരങ്ങേറിയേക്കും.

അതേസമയം, റോയല്‍സ് തങ്ങളുടെ ഏറ്റവും ശക്തമായ ടീമിനെ തന്നെയായിരിക്കും ഇറക്കുക. എന്തു വില കൊടുത്തും മല്‍സരം ജയിച്ച് പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ തന്നെയായിരിക്കും സഞ്ജുവിന്റെയും സംഘത്തിന്റെയും ശ്രമം. ഭാര്യയുടെ പ്രസവം കാരണം നാട്ടിലേക്കു മടങ്ങിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയത് റോയല്‍സിനെ കൂടുതല്‍ ശക്തരായിട്ടുണ്ട്. ജിമ്മി നീഷാമായിരിക്കും ടീമില്‍ നിന്നും പുറത്തുപോവുക.

സാധ്യതാ ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, എന്‍ ജഗദീശന്‍, മിച്ചെല്‍ സാന്റ്‌നര്‍, ശിവം ദുബെ, മോയിന്‍ അലി, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, പ്രശാന്ത് സോളങ്കി, മുകേഷ് ചൗധരി, സിമര്‍ജീത്ത് സിങ് / രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.
രാജസ്ഥാന്‍ റോയല്‍സ്-ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications