
പൂനെ: ഐപിഎല്ലില്‍ ചെറിയ ടോട്ടല്‍ പോലും പ്രതിരോധിച്ചു ജയിക്കാനുള്ള പ്രഹരശേഷി തങ്ങളുടെ ബൗളിങ് നിരയ്ക്കുണ്ടെന്നു തെളിയിച്ചുകൊണ്ട് റോയല്‍ വിജയം കൊയ്തിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 29 റണ്‍സിനണ് സഞ്ജു സാംസണും സംഘവും കെട്ടിച്ചത്. 145 റണ്‍സ് മാത്രമേ ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ആര്‍സിബിക്കു ഈ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കാനാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ റോയല്‍സിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തില്‍ ആര്‍സിബിയുടെ മുനയൊടിഞ്ഞു. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ 115 റണ്‍സിനു ആര്‍സിബി ഓള്‍ഔട്ടാവുകയായിരുന്നു. ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയാണിത്. ഈ വിജയത്തോടെ 12 പോയിന്റുമായി റോയല്‍സ് ലീഗില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.
റണ്‍ചേസില്‍ ബാംഗ്ലൂര്‍ ലൈനപ്പില്‍ ആര്‍ക്കും തന്നെ തിളങ്ങാനായില്ല. 20 പ്ലസ് നേടിയത് ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി മാത്രമാണ്. അദ്ദേഹം 23 റണ്‍സിനു പുറത്താവുകയായിരുന്നു. 21 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. വനിന്ദു ഹസരംഗ (18), ഷഹബാസ് അഹമ്മദ് (17), രജത് പാട്ടിധര്‍ (16) എന്നിവരാണ് രണ്ടക്കം കടന്നവര്‍. മൂന്നാം നമ്പറില്‍ നിന്നും മുന്‍ നായകന്‍ വിരാട് കോലിക്കു ആര്‍സിബി ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒമ്പതു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ഗ്ലെന്‍ മാക്‌സ്വെല്‍ (ഗോള്‍ഡന്‍ ഡെക്ക്), സുയാഷ് പ്രഭുദേശായ് (2), ദിനേശ് കാര്‍ത്തിക് (6), മുഹമ്മദ് സിറാജ് (5), ഹര്‍ഷല്‍ പട്ടേല്‍ (8) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. നാലു വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് സെന്നും മൂന്നു വിക്കറ്റുകള്‍ നേടിയ ആര്‍ അശ്വിനും കുല്‍ദീപ് സെന്നും ചേര്‍ന്നാണ് ആര്‍സിബിയെ എറിഞ്ഞൊതുക്കിയത്. രണ്ടു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ഇവര്‍ക്കു മികച്ച പിന്തുണയേകി.

ടീം സ്‌കോര്‍ 10ല്‍ വച്ചാണ് കോലി പുറത്താവുന്നത്. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി- പാട്ടിധര്‍ സഖ്യം 27 റണ്‍സെടുത്തു. എന്നാല്‍ കുല്‍ദീപെറിഞ്ഞ നാലാമത്തെ ഓവര്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. ക്രീസില്‍ നങ്കൂരമിട്ടു കളിച്ച ഡുപ്ലെസിയെയും പുതുതായി ക്രീസിലെത്തിയ മാക്‌സ്വെല്ലിനെയും കുല്‍ദീപ് അടുത്തടുത്ത ബോളുകളില്‍ പുറത്താക്കിയതോടെ ആര്‍സിബി മൂന്നിന് 37 റണ്‍സിലേക്കു വീണു. പിന്നീട് ആര്‍സിബിക്കു വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. ഏഴിനു 92ലേക്കു കൂപ്പുകുത്തിയതോടെ ആര്‍സിബിയുടെ തോല്‍വിയുറപ്പാവുകയും ചെയ്തു.
ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനെ ഉജ്ജ്വല ബൗൡങിലൂടെ തുടക്കം മുതല്‍ ആര്‍സിബി വരിഞ്ഞുകെട്ടുകയായിരുന്നു. എട്ടു വിക്കറ്റിനു 144 റണ്‍സണ് റോയല്‍സിനു നേടാനായത്. റിയാന്‍ പരാഗ് (56*) പൊരുതി നേടിയ ഫിഫ്റ്റിയാണ് റോയല്‍സിനെ മോശമല്ലാത്ത ടോട്ടലിലെത്തിച്ചത്. 31 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ 27 റണ്‍സെടുത്തു. സഞ്ജു 21 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. റോയല്‍സ് നിരയില്‍ മറ്റാരും തന്നെ 20 റണ്‍സ് തികച്ചില്ല.

ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ റണ്‍മെഷീന്‍ ജോസ് ബട്‌ലര്‍ ഈ കളിയില്‍ ഫ്‌ളോപ്പായി. എട്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ദേവ്ദത്ത് പടിക്കല്‍ (7), മൂന്നാം നമ്പറില്‍ പരീക്ഷിക്കപ്പെട്ട ആര്‍ അശ്വിന്‍ (17), ഡാരില്‍ മിച്ചെല്‍ (16), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (3), ട്രെന്റ് ബോള്‍ട്ട് (5), പ്രസിദ്ധ് കൃഷ്ണ (2), യുസ്വേന്ദ്ര ചാഹല്‍ (0*)എന്നിവരൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. ആര്‍സിബിക്കു വേണ്ടി മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്, വനിന്ദു ഹസരംഗ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
പവര്‍പ്ലേയില്‍ തന്നെ റോയല്‍സിനു ആര്‍സിബി മൂക്കുകയറിട്ടിരുന്നു. അഞ്ചാം ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ അവര്‍ നഷ്ടപ്പെടുത്തി. സ്പിന്നര്‍ ഷഹബാസ് അഹമ്മദായിരുന്നു ഓപ്പണിങ് ബൗളര്‍. രണ്ടാത്തെ ഓവറില്‍ ദേവ്ദത്തിനെ സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കി. നാലാം ഓവറിലെ അസാന ബോളില്‍ അശ്വിനെ സിറാജ് സ്വന്തം ബൗളിങില്‍ പിടികൂടി. തൊട്ടടുത്ത ഓവറിലെ ആദ്യബോളില്‍ ഡെയ്ഞ്ചര്‍ മാന്‍ ബട്‌ലറെയും ആര്‍സിബി മടക്കി. ജോഷ് ഹേസല്‍വുഡിന്റെ ബൗളിങില്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ സിറാജാണ് ബട്‌ലറെ പിടികൂടിയത്. സഞ്ജു- മിച്ചെല്‍ ജോടി നാലാം വിക്കറ്റില്‍ 35 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. റോയല്‍സ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. അഞ്ചാം വിക്കറ്റില്‍ മിച്ചെല്‍-പരാഗ് ജോടി 31 റണ്‍സുമെടുത്തു.

നേരത്തേ ടോസ് ലഭിച്ചത് ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിക്കായിരുന്നു. അദ്ദേഹം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുടീമുകളും ചില മാറ്റങ്ങളുമായിട്ടാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. റോയല്‍സ് ടീമില്‍ രണ്ടും ആര്‍സിബിയില്‍ ഒരു മാറ്റവുമാണ് വരുത്തിയത്. മലയാളി താരം കരുണ്‍ നായര്‍ക്കു പകരം ന്യൂസിലാന്‍ഡിന്റെ ഡാരില്‍ മിച്ചെലിനെയും ഒബെഡ് മക്കോയ്ക്കു പകരം കുല്‍ദീപ് സെന്നിനെയും റോയല്‍സ് ഇറക്കി. ആര്‍സിബിയാവട്ടെ യുവ ഓപ്പണര്‍ അനൂജ് റാവത്തിനെ പുറത്തിരുത്തി പകരം രജത് പാട്ടിധറിനെ കളിപ്പിക്കുകയായിരുന്നു. റാവത്ത് പുറത്തായതോടെ ഈ സീസണില്‍ ആദ്യമായി മുന്‍ നായകന്‍ വിരാട് കോലി ഓപ്പണറായി ഇറങ്ങുകയാണ്.
തൊട്ടുമുമ്പത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി ഒമ്പതു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയിരുന്നു. എസ്ആര്‍എച്ചിന്റെ ബൗളിങ് ആക്രമണത്തില്‍ ആര്‍സിബി വെറും 68 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. മറുപടിയില്‍ 72 ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യത്തിലെത്തിയത്.
ഈ സീസണില്‍ റോയല്‍സും ആര്‍സിബിയും തമ്മിലുള്ള രണ്ടാംപാദ മല്‍സരം കൂടിയാണിത്. ആദ്യപാദത്തില്‍ വിജയം ആര്‍സിബിക്കായിരുന്നു. നാലു വിക്കറ്റിനായിരുന്നു അവര്‍ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് മൂന്നു വിക്കറ്റിനു 169 റണ്‍സെടുക്കുകയായിരുന്നു. പുറത്താവാതെ 70 റണ്‍സെടുത്ത ജോസ് ബട്‌ലറായിരുന്നു ടോപ്‌സ്‌കോറര്‍. മറുപടിയില്‍ അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിനു ആര്‍സിബി ലക്ഷ്യം കൈക്കലാക്കി. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ ബാംഗ്ലൂര്‍ അഞ്ചു വിക്കറ്റിനു 87 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ ഷഹബാസ് അഹമ്മദ് (45*), ദിനേശ് കാര്‍ത്തിക് (44*) എന്നിവര്‍ തകര്‍പ്പന്‍ ഫിനിഷിങിലൂടെ ആര്‍സിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, സുയാഷ് പ്രഭുദേശായ്, രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ഡാരില്‍ മിച്ചെല്‍, ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.