മുംബൈക്ക് മുമ്പെ രോഹിത് ഡെക്കാനെ നയിക്കേണ്ടതായിരുന്നു, പക്ഷെ...വെളിപ്പെടുത്തി ഓജ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരുടെ നിരയായ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത് ശര്‍മ. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, ഷോണ്‍ പൊള്ളോക്ക്, റിക്കി പോണ്ടിങ് തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും കളിച്ചിട്ടുള്ള ടീമാണ് മുംബൈയെങ്കിലും ആദ്യ കിരീടം നേടിക്കൊടുത്തത് രോഹിത് ശര്‍മയെന്ന നായകനാണ്. 2013ല്‍ രോഹിത് മുംബൈയിലേക്കെത്തിയ ശേഷം അഞ്ച് കിരീടമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.
ഇത്തവണയും രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് മുംബൈ ഇന്ത്യന്‍സ് കളിക്കുന്നത്. ടീമിന്റെ വിശ്വസ്തനായ ഓപ്പണറും നായകനുമാണ് രോഹിത് ശര്‍മ. എന്നാല്‍ രോഹിത് ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത് മുന്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ്. അന്ന് സൂപ്പര്‍ താര പരിവേഷത്തിലേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. മധ്യനിര ബാറ്റ്‌സ്മാനായ രോഹിത് ഡെക്കാനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഹാട്രിക് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് നായകനാവുന്നതിന് മുമ്പ് തന്നെ രോഹിത് ശര്‍മ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ നായകനായി എത്തേണ്ടതായിരുന്നെങ്കിലും ടീം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതിനാലാണ് ഇത് സാധിക്കാതെ പോയതെന്ന് പറഞ്ഞിരിക്കുകയാണ് പ്രഗ്യാന്‍ ഓജ. ഡെക്കാന്‍ ചാര്‍ജേഴ്‌സിലും മുംബൈ ഇന്ത്യന്‍സിലും രോഹിത്തിന്റെ സഹതാരമായിരുന്നു ഓജ. രോഹിത്തും ഓജയും ഡെക്കാനായി കളിക്കുമ്പോള്‍ ആദം ഗില്‍ക്രിസ്റ്റായിരുന്നു ഡെക്കാന്റെ നായകന്‍.
'ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് വലിയ പ്രതിഭയാണ്. എന്നാല്‍ മുംബൈയുടെ ആഭ്യന്തര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ രോഹിത്തിനെ കാണാനായിട്ടില്ല. എന്നാല്‍ ഡെക്കാനില്‍ കളിക്കവെ ആദം ഗില്‍ക്രിസ്റ്റ് രോഹിത്തിന്റെ നായകമികവിനെ തിരിച്ചറിഞ്ഞുവെന്നാണ് കരുതുന്നത്. അവന്‍ ബാറ്റ് ചെയ്യുന്നതും മത്സരം വിലയിരുത്തുന്നതും സാഹചര്യങ്ങളെ അതിജീവിക്കുന്നതുമെല്ലാം മികച്ചൊരു നായകന്റെ ഗുണങ്ങളാണ്.

രോഹിത്തിന് ടീമിനെ നയിക്കാനുള്ള കെല്‍പ്പുണ്ടെന്ന് ഗില്‍ക്രിസ്റ്റ് തന്നെ പറഞ്ഞിരുന്നു. മൂന്നാം സീസണിന് ശേഷം മറ്റൊരു ലേലം നടന്നില്ല. നടന്നിരുന്നെങ്കില്‍ ഡെക്കാന്റെ നായകനായി രോഹിത് എത്താന്‍ സാധ്യത കൂടുതലായിരുന്നു. മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത്തിനെ സ്വന്തമാക്കി പുതിയ നായകനാക്കുകയും ചെയ്തു'- പ്രഗ്യാന്‍ ഓജ പറഞ്ഞു. 2012 സീസണോടെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഡെക്കാന്റെ നായകനായി 2013 സീസണില്‍ ഒരു പക്ഷെ രോഹിത്തിനെ കാണാന്‍ സാധിക്കുമായിരുന്നു.

ആദം ഗില്‍ക്രിസ്റ്റിന് കീഴില്‍ കിരീടം നേടാന്‍ ഡെക്കാന് സാധിച്ചിരുന്നു. 2009ലാണ് അവര്‍ കിരീടം നേടിയത്. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് റണ്‍സിനാണ് ഡെക്കാന്‍ തോല്‍പ്പിച്ചത്. ഡെക്കാന്‍ മുന്നോട്ടുവെച്ച 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഫൈനലില്‍ 24 റണ്‍സ് നേടിയ രോഹിത് ഒരോവര്‍ പന്തെറിയുകയും ചെയ്തു.

എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പകരക്കാരനെ അന്വേഷിച്ച് നടന്ന മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ തന്നെയാണ് മെഗാ ലേലത്തില്‍ ലക്ഷ്യമിട്ടത്. ഇത് അവര്‍ നേടിയെടുക്കുകയും ചെയ്തു. നായകസ്ഥാനത്തേക്ക് രോഹിത്തിനെ എത്തിച്ച മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. മുംബൈ ഇന്ന് ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായി മാറിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ രോഹിത്തിന്റെ അധ്വാനം വളരെ വലുതാണെന്ന് തന്നെ പറയാം.

ഇത്തവണ മുംബൈയുടെ തുടക്കം പ്രതീക്ഷക്കൊത്തായില്ല. ആദ്യ രണ്ട് മത്സരത്തിലും മുംബൈ തോറ്റു. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടും രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടുമാണ് മുംബൈ തോറ്റത്. രോഹിത് ശര്‍മയും സംഘവും ഇത്തവണയും ബാറ്റുകൊണ്ട് ശക്തമാണെങ്കിലും ബൗളിങ് നിരയില്‍ ദൗര്‍ബല്യങ്ങളേറെ. ബൗളിങ് നിരയുടെ കരുത്ത് കുറവ് ഇത്തവണ മുംബൈക്ക് വലിയ തലവേദനയായിട്ടുണ്ട്. അവസാന സീസണില്‍ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ സാധിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications