
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലേക്കെത്തി മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ രോഹിത് ശര്‍മ. ഒരു ടീമിനുവേണ്ടി 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് രോഹിതും തന്റെ പേര് ചേര്‍ത്തത്. ഗുജറാത്തിനെതിരേ മുഹമ്മദ് ഷമിയുടെയും അല്‍സാരി ജോസഫിന്റെയും പന്തില്‍ ഓരോ സിക്‌സര്‍ പറത്തിയതോടെയാണ് രോഹിത്തിന് ഈ നേട്ടത്തിലേക്കെത്താനായത്.
മുംബൈ ഇന്ത്യന്‍സിനായി കൂടുതല്‍ സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 257 സിക്‌സുകളുമായി മധ്യനിര താരവും ഓള്‍റൗണ്ടറുമായ കറെന്‍ പൊള്ളാര്‍ഡാണ് രോഹിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. മൂന്നാം സ്ഥാനത്തുള്ള ഹര്‍ദിക് പാണ്ഡ്യ 98 സിക്‌സാണ് പറത്തിയത്. മുംബൈ വിട്ട ഹര്‍ദിക് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്.

ഒരു ടീമിനായി 200 സിക്‌സെന്ന നേട്ടം അധികമാര്‍ക്കും അവകാശപ്പെടാനാവാത്തതാണ്. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ മാത്രം താരമാണ് രോഹിത്. ആര്‍സിബിക്കായി ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്‌സും വിരാട് കോലിയും മുംബൈക്കായി കറെന്‍ പൊള്ളാര്‍ഡുമായിരുന്നു ഈ നേട്ടത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ രോഹിത് ശര്‍മയും ഈ പട്ടികയിലേക്കെത്തിയിരിക്കുകയാണ്. മോശം ഫോമിലായിരുന്ന രോഹിത്തിന്റെ ഗംഭീര തിരിച്ചുവരവ് തന്നെയാണ് ഗുജറാത്തിനെതിരേ കണ്ടത്.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച സിക്‌സര്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുള്ള എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡ് തിരുത്തുകയാണ് രോഹിത്തിന്റെ ലക്ഷ്യം. 251 സിക്‌സുകളുമായാണ് മുന്‍ ആര്‍സിബി താരം എബിഡി നേടിയത്. ഇന്നത്തെ മത്സരം പരിഗണിക്കാതെ രോഹിത് 234 സിക്‌സുകള്‍ നേടിയിട്ടുണ്ട്. എബിഡി വിരമിച്ചതിനാല്‍ രോഹിത്തിന് അദ്ദേഹത്തിന്റെ റെക്കോഡിനെ എത്തിപ്പിടിക്കാവുന്നതാണ്. എന്നാല്‍ 357 സിക്‌സുകളുമായി തലപ്പത്തുള്ള ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തിരുത്തുക ആര്‍ക്കും പെട്ടെന്ന് സാധ്യമല്ല. നിലവിലെ താരങ്ങളില്‍ ഒരാള്‍ക്കും അത് സാധ്യമായേക്കില്ലെന്ന് തന്നെ പറയാം.

ക്ലിക്കാവാതിരുന്ന ഇഷാന്‍ കിഷന്‍-രോഹിത് ശര്‍മ കൂട്ടുകെട്ട് ക്ലിക്കായതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 63 റണ്‍സാണ് മുംബൈ നേടിയത്. ഈ സീസണിലെ ഒരു ടീം നേടുന്ന മികച്ച പവര്‍ പ്ലേ സ്‌കോറാണിത്. ഫോമിലേക്കെത്തിയാല്‍ തങ്ങള്‍ക്കെന്താണ് കാട്ടാനാവുകയെന്നത് രോഹിതും ഇഷാനും കൂടി മൈതാനത്ത് കാട്ടി. മുംബൈ തുടര്‍ച്ചയായി എട്ട് മത്സരം തോറ്റതോടെ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായതാണ്. അതുകൊണ്ട് തന്നെ ശേഷിക്കുന്ന മത്സരങ്ങളില്‍ തകര്‍പ്പന്‍ ജയത്തോടെ അഭിമാനം തിരിച്ചുപിടിക്കാനാണ് രോഹിതും സംഘവും ശ്രമിക്കുന്നത്.