IPL 2022: രോഹിത് മൂന്നാം നമ്പറില്‍, ബ്രെവിസ് ഓപ്പണര്‍, ജയിക്കാന്‍ മുംബൈ എന്ത് മാറ്റം വരുത്തണം?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികള്‍ ടീമിനും ആരാധകര്‍ക്കും വലിയ നിരാശയാണ് നല്‍കുന്നത്. ആദ്യത്തെ ഏഴ് കളിയും തോറ്റ മുംബൈക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ് ഇത്തരത്തിലൊരു തകര്‍ച്ച നേരിടുന്നതെന്നാണ് ഏറ്റവും സങ്കടകരം. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്ന മുംബൈക്ക് ഇനി പ്ലേ ഓഫില്‍ കടക്കാനാവില്ല. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ശേഷിക്കുന്നത് ഏഴ് മത്സരങ്ങളാണ്. ഈ മത്സരങ്ങളെല്ലാം ജയിച്ച് അഭിമാനം തിരിച്ചുപിടിക്കുകയാവും മുംബൈ ലക്ഷ്യമിടുന്നത്.
എന്നാല്‍ നിലവിലെ ടീം ഘടനയില്‍ മുംബൈക്ക് ഇത്തരമൊരു തിരിച്ചുവരവ് പ്രയാസം തന്നെയായിരിക്കും. അടിമുടി മാറ്റമാണ് നിലവിലെ സാഹചര്യത്തില്‍ മുംബൈ ആവിശ്യപ്പെടുന്നത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും പരാജയമാകുന്നത് മുംബൈയെ പ്രതികൂലമായി ബാധിക്കുന്നു. കൈവിട്ട് കളഞ്ഞ ഹര്‍ദിക് പാണ്ഡ്യക്കും ക്രുണാല്‍ പാണ്ഡ്യക്കും പകരം ആരെന്നതിന് ഉത്തരമില്ല. വെടിക്കെട്ട് താരം ടിം ഡേവിഡ് മുംബൈയുടെ ബെഞ്ചിലാണ്.
മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കെകെആര്‍, സിഎസ്‌കെ, ഹൈദരാബാദ്, ഡല്‍ഹി എന്നിവരെയാണ് നേരിടാനുള്ളത്. ഇവരൊക്കെ നിലവില്‍ മികച്ച ഫോമിലുമാണ്. അതുകൊണ്ട് തന്നെ മുംബൈക്ക് ജയം എളുപ്പമാവില്ല. നിലവിലെ പ്രകടനം വിലയിരുത്തി ശേഷിക്കുന്ന മത്സരങ്ങളില്‍ മുംബൈ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഓപ്പണിങ്ങില്‍ ബ്രെവിസോ ടിം ഡേവിഡോ
പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതാണ് മുംബൈയുടെ പ്രധാന പ്രശ്‌നം. രോഹിത് ശര്‍മയുടെ മോശം ഫോം ഇഷാന്‍ കിഷനെയും സമ്മര്‍ദ്ദത്തിലേക്ക് വലിച്ചിടുന്നു. ഒരു വശത്ത് റണ്ണൊഴുകിയാല്‍ ഇഷാനും ഫോമിലേക്കെത്താന്‍ സാധിക്കും. നിലവിലെ ഫോമില്‍ രോഹിത് ഓപ്പണിങ്ങില്‍ തുടരുന്നതില്‍ കാര്യമില്ല. ടീമിന്റെ നായകന്‍ കൂടിയായ രോഹിത് മൂന്നാം നമ്പറിലേക്കിറങ്ങിയാല്‍ ഓപ്പണിങ്ങില്‍ ഡെവാള്‍ ബ്രെവിസിനെ പരീക്ഷിക്കാം. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന താരം തന്റെ വെടിക്കെട്ട് മികവ് ഇതിനോടകം തെളിയിച്ചതാണ്. ആദ്യത്തെ ആറ് ഓവര്‍ ബ്രെവിസ് ക്രീസില്‍ നിന്നാല്‍ത്തന്നെ വലിയ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ മുംബൈക്കാവും. ഓപ്പണിങ്ങില്‍ ഇത്തരമൊരു മാറ്റത്തിന് മുംബൈ ഇന്ത്യന്‍സ് തയ്യാറാകേണ്ടതായുണ്ട്.

ടിം ഡേവിഡ് മധ്യനിരയില്‍ വേണം
വമ്പനടിക്ക് പേരുകേട്ട താരമാണ് ടിം ഡേവിഡ്. ഹര്‍ദിക് പാണ്ഡ്യയെന്ന വന്മരത്തെ മുംബൈ കൈവിട്ടപ്പോള്‍ പകരം ഡെത്ത് ഓവറില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ കരുതിവെച്ചത് ടിം ഡേവിഡിനെയാണ്. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതോടെ ടിം ഡേവിഡ് പ്ലേയിങ് 11ന് പുറത്തായി. എന്നാല്‍ മുംബൈക്ക് തിരിച്ചുവരാന്‍ ടിം ഡേവിഡിനെപ്പോലൊരു വെടിക്കെട്ട് താരം മധ്യനിരയില്‍ അത്യാവശ്യമാണ്. കറെന്‍ പൊള്ളാര്‍ഡ് ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണെങ്കിലും പിന്തുണ ലഭിക്കാത്തത് അദ്ദേഹത്തെയും തളര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ ടിം ഡേവിഡ് മധ്യനിരയിലേക്കെത്തിയാല്‍ പൊള്ളാര്‍ഡിനും മികച്ച പ്രകടനം നടത്താന്‍ അത് സഹായിച്ചേക്കും.

അര്‍ജുനെ കളത്തിലിറക്കണം
നെറ്റ്‌സില്‍ തകര്‍പ്പന്‍ യോര്‍ക്കറുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിറപ്പിക്കുന്നുവെന്ന് വീഡിയോയടക്കം പുറത്തുവിട്ട് മുംബൈ അവകാശപ്പെടുമ്പോഴും പ്ലേയിങ് 11ല്‍ അവസരമില്ല. ഇനി പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈക്ക് സാധിക്കാത്തതിനാല്‍ത്തന്നെ അര്‍ജുനെപ്പോലെയുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ഇടം കൈയന്‍ പേസറായ അര്‍ജുനെ നേരിട്ട് ആര്‍ക്കും പരിചയമില്ലാത്തതിനാല്‍ത്തന്നെ ചിലപ്പോള്‍ നേട്ടമുണ്ടാക്കാന്‍ താരത്തിന് സാധിച്ചേക്കും. മുംബൈയുടെ ബൗളര്‍മാര്‍ ഒന്നിനൊന്ന് ദുര്‍ബലമായതിനാല്‍ അര്‍ജുനെ പരീക്ഷിക്കുന്നതില്‍ തെറ്റില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications