IPL 2022: ധോണി ചെയ്തപ്പോള്‍ 'ഹീറോ', റിഷഭ് ചെയ്തപ്പോള്‍ 'വില്ലന്‍', വിവാദം കൊഴുക്കുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലെ നോബോള്‍ വിവാദമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഏറ്റവും ചര്‍ച്ച ചെയ്യുന്നത്. ആവേശകരമായ മത്സരത്തിന്റെ അവസാന ഓവറിലാണ് നാടകീയമായ സംഭവങ്ങള്‍. രാജസ്ഥാന്‍ മുന്നോട്ട് വെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 36 റണ്‍സ്. ആദ്യ മൂന്ന് പന്തുകളും റോവ്മാന്‍ പവല്‍ സിക്‌സര്‍ പറത്തിയെങ്കിലും മൂന്നാം ബോള്‍ നോബോള്‍ ആണെന്നതിനെച്ചൊല്ലിയാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.
ഒബെഡ് മക്കോയി എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്ത് ഫുള്‍ട്ടോസായിരുന്നു. എന്നാല്‍ അനുവദിനീയമായതില്‍ കൂടുതല്‍ പന്ത് ഉയര്‍ന്നിട്ടുണ്ടെന്നും നോബോള്‍ ആണെന്നും ഡല്‍ഹി നായകന്‍ റിഷഭ് പന്തും പരിശീലക സംഘത്തിലെ ആളുകളും വാദിച്ചതോടെ മത്സരം അല്‍പ്പ നേരം തടസപ്പെട്ടു. നോബോള്‍ അംപയര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവലിനെയും കുല്‍ദീപ് യാദവിനെയും റിഷഭ് പന്ത് തിരിച്ചുവിളിക്കുന്ന സാഹചര്യവും ഉണ്ടായി.

ക്രിക്കറ്റില്‍ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് മത്സരത്തില്‍ കണ്ടത്. നോബോള്‍ വിവാദത്തില്‍ ആരാധകര്‍ രണ്ട് തട്ടിലാണ്. ഓണ്‍ ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയര്‍ക്ക് തീരുമാനം പരിശോധിക്കാന്‍ നല്‍കാത്തതിനെതിരേ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളും ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെതിരേയാണ് വാളോങ്ങുന്നത്. റിഷഭ് പന്ത് താരങ്ങളോട് കളത്തില്‍ നിന്ന് തിരിച്ചുപോരാന്‍ പറഞ്ഞത് മാന്യതക്ക് ചേരുന്നതല്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
എന്നാല്‍ ഇപ്പോള്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഇതുപോലെ നിയന്ത്രണം വിട്ട് കളത്തിലിറങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ധോണിയെ ഹീറോയാക്കി ചിത്രീകരിക്കുകയും കൈയടിക്കുകയും ചെയ്തവര്‍ ഇന്ന് റിഷഭ് പന്ത് ചെയ്യുമ്പോള്‍ കല്ലെറിയുന്നതിനോട് യോജിക്കാനാവില്ലെന്നാണ് ഒരു പറ്റം ആരാധകര്‍ പ്രതികരിക്കുന്നത്. ധോണി ചെയ്യുമ്പോള്‍ ഹീറോയും റിഷഭ് ചെയ്യുമ്പോള്‍ വില്ലനുമായി മാറുന്നത് എന്തുകൊണ്ടാണെന്നും ആരാധകര്‍ ചോദിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിനെതിരേ തന്നെയാണ് അംപയറിങ് പിഴവ് ചോദ്യം ചെയ്ത് ധോണി രംഗത്തെത്തിയത്. സിഎസ്‌കെയ്ക്ക് മൂന്ന് പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞ ഫുള്‍ട്ടോസ് നോബോള്‍ ആണെന്ന് സിഎസ്‌കെ വാദിച്ചപ്പോള്‍ ഫുള്‍ട്ടോസ് എന്ന നിലപാടിലായിരുന്നു അംപയര്‍ ഉണ്ടായിരുന്നത്. ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ ഇതിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അംപയറോട് കയര്‍ത്ത് ഡഗൗട്ടില്‍ നിന്ന് എംഎസ് ധോണി അംപയറുടെ അടുത്തേക്കെത്തി നോബോള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കിച്ചത്.

ധോണി ഇതിഹാസമായതിനാല്‍ത്തന്നെ അന്ന് ധോണി അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് ഹീറോ പരിവേഷം ലഭിച്ചു. മറുവശത്ത് ഗ്രൗണ്ടിലേക്കിറങ്ങാതെയാണ് റിഷഭ് പന്ത് തന്റെ രോഷം വ്യക്തമാക്കിയത്. ഡല്‍ഹിയുടെ ബാറ്റിങ് കോച്ച് പ്രവീണ്‍ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും റിഷഭ് മൈതാനത്തിലേക്ക് ഇറങ്ങിയില്ല. ഇതിനിടെ രാജസ്ഥാന്റെ ജോസ് ബട്‌ലറും റിഷഭ് പന്തും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായി.

ധോണിയുടെ ശിഷ്യനാണ് താനെന്ന് റിഷഭ് തെളിയിക്കുകയാണെന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്. ധോണിയുടെ കടുത്ത ആരാധകനായ റിഷഭ് ധോണിയുടെ പിന്മുറക്കാരനായാണ് ഇന്ത്യന്‍ ടീമിലും സ്ഥാനം പിടിച്ചത്. രണ്ട് വിവാദ സംഭവങ്ങളും തമ്മിലുള്ള സാമ്യതയും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. വിവാദം ഉണ്ടാവുമ്പോള്‍ ധോണിയും റിഷഭും വിക്കറ്റ് കീപ്പര്‍മാരും നായകന്മാരുമായിരുന്നു. രണ്ട് താരങ്ങള്‍ക്കും നിയന്ത്രണം നഷ്ടമായത് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ്. അതും നോബോള്‍ വിവാദം. അതും അവസാന ഓവറില്‍. ധോണിക്ക് നിയന്ത്രണം നഷ്ടപ്പെട്ടത് അവസാന ഓവറിലെ നാലാം പന്തിലെ വിവാദത്തിലാണെങ്കില്‍ റിഷഭ് ചോദ്യം ചെയ്തത് മൂന്നാം പന്തിലെ പ്രശ്‌നത്തെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications