IPL 2022: റിഷഭിന്റെ ഉപദേശം കേട്ടു, വിക്കറ്റ് പോയി, സംഭവം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ക്യാപ്റ്റനെന്ന നിലയില്‍ റെക്കോഡ് പ്രകടനം നടത്തുന്ന സഞ്ജു ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. ഇത്തവണ ഗംഭീര ടീമുമായി ഇറങ്ങുന്ന രാജസ്ഥാന്‍ പ്ലേ ഓഫിനോട് തൊട്ടടുത്ത് നില്‍ക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് സഞ്ജു.
കരിയറില്‍ സഞ്ജുവിന്റെ വളര്‍ച്ചയില്‍ കരുത്തായത് രാജസ്ഥാനാണ്. രണ്ട് വര്‍ഷം രാജസ്ഥാന് വിലക്ക് നേരിട്ടപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും സഞ്ജു കളിച്ചിരുന്നു. അന്ന് ഇന്നത്തെ ഡല്‍ഹി നായകനായിരുന്ന റിഷഭ് പന്തും ടീമിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളുമാണ്. ഡല്‍ഹിക്കായി സഞ്ജുവും റിഷഭും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഡല്‍ഹിക്കായി കളിച്ചപ്പോഴുണ്ടായ രസകരമായ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍.

റിഷഭ് പന്തിന്റെ ഉപദേശം കേട്ട് വിക്കറ്റ് നഷ്ടമായ അനുഭവമാണ് സഞ്ജു വെളിപ്പെടുത്തിയത്. 2017 സീസണില്‍ സഞ്ജുവും റിഷഭും ചേര്‍ന്ന് 143 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ മത്സരം. 209 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങുമ്പോഴായിരുന്നു സഞ്ജുവിന്റെയും റിഷഭിന്റെയും പ്രകടനം. സഞ്ജു 31 പന്തില്‍ 61 റണ്‍സും റിഷഭ് 43 പന്തില്‍ 97 റണ്‍സും നേടി. മത്സരത്തില്‍ പുറത്തായത് റിഷഭിന്റെ ഉപദേശം കേട്ടിട്ടാണെന്നാണ് സഞ്ജു പറഞ്ഞത്.
'റിഷഭുമായി ക്രീസില്‍ നില്‍ക്കുന്നു. ഞാന്‍ ആക്രമിച്ച് മുന്നോട്ട് പോകണമെന്ന് അവന് നിര്‍ബന്ധം. രണ്ട് പന്തില്‍ രണ്ട് സിക്‌സുകള്‍ നേടി. അടുത്ത പന്തില്‍ ഞാന്‍ സിംഗിള്‍ നേടാന്‍ ശ്രമിച്ചു. അവന്‍ എന്നോട് പറഞ്ഞു വേണ്ട നിനക്ക് ഒരു സിക്‌സുകൂടി നേടാനാവും. ഞാനതിന് ശ്രമിച്ചു അടുത്ത പന്തില്‍ പുറത്തായി. എല്ലാവര്‍ക്കും തങ്ങളുടെ കളി മുന്നോട്ട് കൊണ്ടുപോകാന്‍ ഓരോ രീതിയുണ്ട്.

ആളുകള്‍ പറയുന്നത് കേട്ട് അത് മാറ്റാന്‍ നിന്നാല്‍ നിരവധി സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിങ്ങള്‍ക്ക് നേരെ വരും. നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു വേണ്ടത്. റിഷഭ് ആ മത്സരത്തില്‍ നന്നായി കളിച്ചു. അതിന്റെ കാരണം അവന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ സാധിച്ചതാണ്. ഇതൊരു വലിയ ഉദാഹരണമാണ്. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന രീതിയിലാണ് മുന്നോട്ട് പോകേണ്ടത്'- സഞ്ജു സാംസണ്‍ പറഞ്ഞു.
സഞ്ജു സാംസണ്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. ക്യാപ്റ്റനായ ശേഷം പക്വതയോടെ ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും മത്സരത്തില്‍ സാഹചര്യത്തിനൊത്ത് അതിവേഗം റണ്‍സുയര്‍ത്താനും അദ്ദേഹം മടികാട്ടുന്നില്ല. നായകന്റെ സമ്മര്‍ദ്ദത്തിന് അധികം കീഴ്‌പ്പെടാത്ത താരമാണ് സഞ്ജുവെന്ന് നിസംശയം പറയാം. 11 മത്സരങ്ങളില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു സാംസണ്‍ ഈ സീസണില്‍ നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണ കപ്പിലേക്കെത്താനുള്ള ടീം കരുത്ത് നിലവില്‍ രാജസ്ഥാനുണ്ട്.

എന്നാല്‍ റിഷഭ് പന്തിന് ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും സജീവമല്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാല്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചേക്കും. പിന്നീട് അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കടക്കാനാവില്ല. 11 മത്സരത്തില്‍ നിന്ന് 281 റണ്‍സാണ് റിഷഭ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറി പോലുമില്ല. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ റിഷഭിനായിട്ടില്ലെന്ന് പറയാം.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ മുഖ്യ വിക്കറ്റ് കീപ്പറായി റിഷഭ് പന്താവും ഉണ്ടാവുകയ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. ഇടം കൈയനെന്ന നിലയില്‍ ഇഷാനാണ് മുന്‍തൂക്കം. എന്നാല്‍ ലോകകപ്പിന് മുമ്പ് നടക്കുന്ന ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് പരമ്പരകളിലെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications