IPL 2022: ശ്രേയസിനെക്കാളും മികച്ച ക്യാപ്റ്റനോ റിഷഭ് ?, പോണ്ടിങ്ങിന്റെ തീരുമാനം ശരി- അജയ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ്. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനായത്. 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്. ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല ഡല്‍ഹി കാഴ്ചവെച്ചതെന്ന് പറയാം. നായകനെന്ന നിലയില്‍ റിഷഭ് പന്ത് ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല നടത്തുന്നത്.
റിഷഭിന്റെ പല തീരുമാനങ്ങള്‍ക്കെതിരേയും ശക്തമായ വിമര്‍ശനം ഉണ്ടായിരുന്നു. ബാറ്റുകൊണ്ടും ഇത്തവണ നിരാശപ്പെടുത്തുന്ന റിഷഭ് ഒരു അര്‍ധ സെഞ്ച്വറി പോലും നേടിയില്ല. രാജസ്ഥാനെതിരായ ആദ്യ പാദ മത്സരത്തിനിടെ നോബോള്‍ വിവാദത്തില്‍ താരങ്ങളോട് കളത്തില്‍ നിന്ന് തിരിച്ചുപോരാന്‍ റിഷഭ് ആവിശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ശ്രേയസ് അയ്യരെ ഒഴിവാക്കിയാണ് ഡല്‍ഹി റിഷഭിനെ നായകനാക്കിയത്. രണ്ട് പേരില്‍ ആരാണ് മികച്ച നായകനെന്നത് അന്ന് മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമാണ്.

എന്നാല്‍ നായകനെന്ന നിലയില്‍ ശ്രേയസ് അയ്യരേക്കാള്‍ മികച്ചവന്‍ റിഷഭ് പന്താണെന്ന് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്ങിന് തോന്നിയതിനാലാണ് റിഷഭിനെ മുഴുവന്‍ സമയ നായകനാക്കിയതെന്നും ആ തീരുമാനം ശരിയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ അജയ് ജഡേജ. 'റിഷഭ് പന്തിന്റെ തീരുമാനങ്ങള്‍ വളരെ മികച്ചതാണ്. അവന്‍ ആക്രമണോത്സകതയുള്ള താരമാണ്. യുവതാരങ്ങള്‍ ഇങ്ങനെ ചുറുചുറുക്കോടെ തന്നെ നില്‍ക്കണം.
ചില താരങ്ങളെ ക്യാപ്റ്റന്‍മാരാക്കുമ്പോള്‍ ആരെങ്കിലും അവനെ ബാഹ്യമായി നയിക്കുന്നുണ്ടോയെന്ന് ചിലപ്പോള്‍ തോന്നുന്നുണ്ടാവും. എന്നാല്‍ റിഷഭ് പന്ത് അത്തരത്തിലൊരു നായകനല്ല. ശ്രേയസ് അയ്യരേക്കാള്‍ കൂടുതല്‍ റിഷഭ് പന്തിനെ പോണ്ടിങ് പിന്തുണച്ചു. ശ്രേയസിനെക്കാളും മികച്ച നായകന്‍ റിഷഭാണെന്ന് തോന്നിയതിനാലാവും പോണ്ടിങ് ഈ തീരുമാനത്തിലേക്കെത്തിയത്. റിഷഭ് പന്തിന് എങ്ങനെയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് കൃത്യമായി അറിയാം. റണ്‍സ് പിന്തുടരുമ്പോള്‍ അവന് കൃത്യമായ ധാരണയുണ്ട്. നായകന്റെ തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് മുഖ്യ പരിശീലകന്റെ ജോലി' -അജയ് പറഞ്ഞു.

രാജസ്ഥാനെതിരേ 11 പന്ത് ബാക്കിനിര്‍ത്തി എട്ട് വിക്കറ്റിനാണ് ഡല്‍ഹി ജയിച്ചത്. രാജസ്ഥാന്‍ 161 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വെച്ചപ്പോള്‍ മിച്ചല്‍ മാര്‍ഷിന്റെ പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്. 62 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സാണ് മാര്‍ഷ് നേടിയത്. ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ 52* റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ച് ഫോറും ഒരു സിക്‌സുമാണ് വാര്‍ണര്‍ നേടിയത്.
2021ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയെ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാര്‍ഷിന് ആദ്യ മത്സരങ്ങളില്‍ ഡല്‍ഹിക്കൊപ്പം തിളങ്ങാനായിരുന്നില്ല. എന്നാല്‍ നിര്‍ണ്ണായക മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി മിച്ചല്‍ ഡല്‍ഹിക്ക് ജയമൊരുക്കുകയായിരുന്നു. മെഗാ ലേലത്തില്‍ മാര്‍ഷിനായി അധികമാരും രംഗത്തെത്തിയിരുന്നില്ല. ഇതും അജയ് ജഡേജ ചൂണ്ടിക്കാട്ടി.

'മെഗാ ലേലത്തില്‍ മിച്ചല്‍ മാര്‍ഷിനായി മൂന്ന് ടീമുകള്‍ മാത്രമാണ് രംഗത്തെത്തിയത്. 6.50 കോടിക്കാണ് അവനെ ഡല്‍ഹി സ്വന്തമാക്കിയത്. 10 ടീമുകളുള്ളതില്‍ മൂന്ന് ടീമുകള്‍ക്ക് മാത്രമാണ് അവന്റെ കഴിവില്‍ വിശ്വാസമുള്ളത്. രാജസ്ഥാനെതിരായ മത്സര ശേഷം അവനെ ടീമിലെടുക്കാമായിരുന്നെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടിയിരിക്കാം. പല ടീമുകളും പല താരങ്ങള്‍ക്കുമായി 10 കോടിയിലധികം രൂപ മുടക്കി. മാര്‍ഷും അതിന് അര്‍ഹനാണെന്ന് തെളിയിക്കുകയാണ്. അവന് ഇടക്കിടക്ക് പരിക്കേല്‍ക്കുന്നതിനാലാണ് പലരും അവനെ ടീമിലേക്കെത്തിക്കാന്‍ മടിക്കുന്നത്'-അജയ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications