
എബിഡി മധ്യനിരയില്‍ കാട്ടിയ അത്ഭുതപ്രകടനം ടോപ് ഓഡറില്‍ കാട്ടാന്‍ ഡുപ്ലെസിസിന് മികവുണ്ട്. ഡിവില്ലിയേഴ്‌സിനെപ്പോലെ വമ്പനടിക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും നിലയുറപ്പിച്ചാല്‍ അപകടകാരിയായി മാറാനുള്ള മികവ് ഡുപ്ലെസിസിനുണ്ട്. അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഡുപ്ലെസിസ്. സിഎസ്‌കെയ്ക്കായി ഓപ്പണിങ്ങില്‍ മിന്നും പ്രകടനം നടത്താന്‍ ഡുപ്ലെസിസിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വിരാട് കോലി-ഫഫ് ഡുപ്ലെസിസ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍സിബിയില്‍ പ്രതീക്ഷിക്കാം.

വിരാട് കോലി-ഫഫ് ഡുപ്ലെസിസ്-ഗ്ലെന്‍ മാക്‌സ് വെല്‍ കൂട്ടുകെട്ടാവും വരുന്ന സീസണിലെ ആര്‍സിബിയുടെ നട്ടെല്ല്. ഈ കൂട്ടുകെട്ട് ആര്‍സിബിക്ക് കന്നി കിരീടം നേടിക്കൊടുക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ എബിഡിയുടെ അഭാവം നികത്താന്‍ ഡുപ്ലെസിനെ കൊണ്ടുവന്നാല്‍ സാധിക്കുമോയെന്നത് പ്രസക്തമായ ചോദ്യമാണ്. മധ്യനിരയിലും ടോപ് ഓഡറിലും ഇറങ്ങി ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് എബിഡി. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും എബിഡിക്ക് മികവുണ്ട്.

എന്നാല്‍ ഡുപ്ലെസിസിനെ ക്ലാസിക് ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കുന്നതാവും നന്നാവുക. ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഡുപ്ലെസിസ് ക്രീസില്‍ ഏറെ നേരം പിടിച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മിടുക്കനാണ്. ആര്‍സിബിയുടെ ടീം ഘടനയില്‍ ഇത്തരത്തിലൊരു താരം അത്യാവശ്യമാണ്. എന്നാല്‍ എബിഡിയുടെ പകരക്കാരനെന്ന നിലയിലേക്ക് ഡുപ്ലെസിസിനെ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. ഡുപ്ലെസിസിന്റെ വരവിനെ ആര്‍സിബിയുടെ ആരാധകര്‍ മികച്ച തീരുമാനമെന്ന നിലയിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.
100 ഐപിഎല്ലില്‍ നിന്ന് 34.94 ശരാശരിയില്‍ 2935 റണ്‍സ് ഡുപ്ലെസിസ് നേടിയിട്ടുണ്ട്. ഇതില്‍ 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 131.09 ആണ് സ്‌ട്രൈക്കറേറ്റ്. തീരെ മോശമെന്ന് ഈ സ്‌ട്രൈക്കറേറ്റിനെ വിളിക്കാനാവില്ല. എന്നാല്‍ എബിഡിയുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്‌നം. 184 ഐപിഎല്ലില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 5162 റണ്‍സ് നേടി എബിഡിയുടെ സ്‌ട്രൈക്കറേറ്റ് 151.69 ആണ്.

രണ്ടാം റൗണ്ട് പുരോഗമിക്കവെ നിര്‍ണ്ണായകമായ ചില താരങ്ങളെ ആര്‍സിബി സ്വന്തമാക്കി കഴിഞ്ഞു. 10.75 കോടിക്ക് ഹര്‍ഷല്‍ പട്ടേലിനെ തിരിച്ചെത്തിച്ചതാണ് ഇതില്‍ പ്രധാനം. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പ് ഉടമയായ ഹര്‍ഷലിനെ ആര്‍സിബി മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കിയെങ്കിലും ടീമിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ഇതിനിടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനും മികച്ച പ്രകടനം നടത്താനും ഹര്‍ഷല്‍ പട്ടേലിന് സാധിച്ചിരുന്നു.
ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മികച്ച താരങ്ങളെ ആര്‍സിബിക്ക് ആവിശ്യമാണ്. പേസ് നിരയില്‍ മുഹമ്മദ് സിറാജിനെ നിലനിര്‍ത്തിയ ആര്‍സിബിക്ക് കൂടുതല്‍ മികച്ച പേസര്‍മാരെ ആവിശ്യമാണ്. കഗിസോ റബാഡ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഇതിനോടകം വിറ്റുപോയിട്ടുണ്ട്. ആവേഷ് ഖാന്‍ ലേലത്തിലേക്കെത്താനിരിക്കുന്നുണ്ട്. ആവേഷിനായി ആര്‍സിബി സജീവമായി രംഗത്തെത്തിയേക്കും.


Click it and Unblock the Notifications
