
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആര്‍സിബിയുടെ പ്രകടനം നിരാശപ്പെടുത്തുകയാണ്. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് തീര്‍ത്തും നിരാശപ്പെടുത്തി. ഫഫ് ഡുപ്ലെസിസ് നയിക്കുന്ന ആര്‍സിബിക്ക് ഇപ്പോള്‍ തൊട്ടതെല്ലാം പിഴക്കുന്നു. പഞ്ചാബ് കിങ്‌സിനോട് തോറ്റ് തുടങ്ങിയ ആര്‍സിബി കെകെആറിനെ തോല്‍പ്പിച്ച് തിരിച്ചുവന്നു.
രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോട് ജയിച്ച ആര്‍സിബി സിഎസ്‌കെയോട് തോറ്റു. ഡല്‍ഹിയെയും ലഖ്‌നൗവിനെയും തോല്‍പ്പിക്കാനായെങ്കിലും ഹൈദരാബാദിനോട് 68 റണ്‍സിന് ഓള്‍ഔട്ടായി നാണംകെട്ടു. രാജസ്ഥാനോട് 144 റണ്‍സ് പിന്തുടര്‍ന്നും ആര്‍സിബി തോറ്റു. 9 മത്സരത്തില്‍ നിന്ന് അഞ്ച് തോല്‍വിയും നാല് തോല്‍വിയും വഴങ്ങിയ ആര്‍സിബി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. രാജസ്ഥാനോട് തോറ്റത് ആര്‍സിബിയെ മാനസികമായി തളര്‍ത്തുന്നതാണ്.

ഇപ്പോഴിതാ 68 റണ്‍സിന് ഓള്‍ഔട്ടായതിലും കൂടുതല്‍ ആര്‍സിബിയെ ആശങ്കപ്പെടുത്തുന്നത് രാജസ്ഥാനോടേറ്റ തോല്‍വിയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. '68 റണ്‍സിന് ഓള്‍ഔട്ടായതിലും കൂടുതല്‍ ആര്‍സിബിക്ക് ആശങ്കയുണ്ടാക്കുന്നത് രാജസ്ഥാനോടേറ്റ തോല്‍വിയാണെന്നാണ് തോന്നുന്നത്. വിരാട് കോലി ടീമിന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന് മികവ് കാട്ടാനാവുന്നില്ല.
എല്ലാ സീസണിലും ഒരു മോശം മത്സരം ആര്‍സിബിക്ക് ഉണ്ടാകാറുണ്ട്. അത് ഹൈദരാബാദിനെതിരേ കഴിഞ്ഞു. എന്നാല്‍ 145 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കാതെ വരികയെന്നത് വലിയ പ്രശ്‌നമാണ്. കോലിയുടെ മോശം ഫോമില്‍ ഫഫ് ഡുപ്ലെസിസും ഗ്ലെന്‍ മാക്‌സ് വെല്ലും ടീമിനെ മുന്നോട്ട് നയിക്കേണ്ടതായുണ്ട്. വിക്കറ്റ് കാത്തുകൊണ്ട് ആക്രമണോത്സകത കാട്ടേണ്ടതായുണ്ട്. ബൗളര്‍മാര്‍ക്ക് തിരികെ സമ്മര്‍ദ്ദം നല്‍കേണ്ടതായുണ്ട്'-ബിഷപ്പ് പറഞ്ഞു.

ഇതുവരെ കിരീടം നേടാത്ത ടീമാണ് ആര്‍സിബി. ഇത്തവണ വലിയ കിരീട പ്രതീക്ഷ ടീമിനുണ്ട്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ മോശം പ്രകടനം നടത്തുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നും ബിഷോപ് പറഞ്ഞു. 'തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ആര്‍സിബി നിരാശപ്പെടുത്തുന്നത് കാണാനാവുന്നില്ല. അവര്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ട്. വിരാട് കോലിയെ പഴയ ഫോമില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. അല്ലാത്ത പക്ഷവും ടീം ജയിക്കേണ്ടതായുണ്ട്'-ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനെതിരായ മത്സരത്തിലും കോലി പൂജ്യത്തിന് പുറത്താകേണ്ടതായിരുന്നെങ്കിലും ഭാഗ്യത്തിനാണ് ഈ നാണക്കേടില്‍ നിന്ന് രക്ഷപെട്ടത്. 41, 12, 5, 48, 1, 12, 0, 0, 9 എന്നിങ്ങനെയാണ് ഈ സീസണിലെ കോലിയുടെ സ്‌കോര്‍. ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ഫോമില്‍ ഇന്ത്യക്കും ആശങ്കകളേറെ. എത്രയും വേഗം കോലി പഴയ ഫോം വീണ്ടെടുത്ത് തിരിച്ചെത്തുമെന്ന് തന്നെ പറയാം.