IPL 2022: 'ഫഫ് സിഎസ്‌കെയോട് നന്ദി കാട്ടി', തോല്‍വിയില്‍ ആരാധകര്‍ കലിപ്പില്‍, പ്രതികരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആര്‍സിബി പരാജയപ്പെട്ടിരിക്കുകയാണ്. 23 റണ്‍സിനാണ് നാല് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയെത്തിയ സിഎസ്‌കെ ആര്‍സിബിയെ മുട്ടുകുത്തിച്ചത്. സിഎസ്‌കെ മുന്നോട്ട് വെച്ച് 217 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മോശം ഫോമിലായിരുന്ന സിഎസ്‌കെയ്ക്ക് തിരിച്ചുവരവിന് ഊര്‍ജം നല്‍കുന്ന വലിയ ജയം തന്നെയായിരുന്നു ഇത്.
ആര്‍സിബിയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയതാണ് ടീമിന് തിരിച്ചടിയായത്. മധ്യ നിര തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ടോപ് ഓഡറിന്റെ പിന്തുണ ലഭിക്കാതെ പോയത് ടീമിന്റെ തോല്‍വിക്ക് കാരണമായി. ഇപ്പോഴിതാ സിഎസ്‌കെയ്‌ക്കെതിരായ തോല്‍വിയില്‍ ആര്‍സിബി ആരാധകര്‍ കട്ട കലിപ്പിലായിരിക്കുകയാണ്. മധ്യനിരയും വാലറ്റവും ജയിപ്പിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്‌തെങ്കിലും ടോപ് ഓഡറിന്റെ പിന്തുണ ലഭിക്കാതെ പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. പ്രധാനമായും നായകന്‍ ഫഫ് ഡുപ്ലെസിസിന്റെയും വിരാട് കോലിയുടെയും പ്രകടനം.

സീനിയര്‍ താരങ്ങളായ രണ്ട് പേരും ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്. സിഎസ്‌കെ വിട്ടെത്തിയ ഫഫ് ഡുപ്ലെസിസ് തന്റെ പഴയ ടീമിനോട് നന്ദി കാട്ടിയതാണോയെന്നൊക്കെയാണ് പല ആരാധകരും ചോദിക്കുന്നത്. ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസിസിന് 9 പന്തില്‍ 8 റണ്‍സാണ് നേടാനായത്. ഒരു ഫോറോ സിക്‌സോ അദ്ദേഹത്തിന്റെ നേടാനായില്ല. മഹേഷ് തീക്ഷണയാണ് ഡുപ്ലെസിസിനെ പുറത്താക്കിയത്.
മൂന്നാമനായി എത്തിയ വിരാട് കോലിയുടെ പ്രകടനം ഇതിലും ദയനീയമായിരുന്നു. 3 പന്തില്‍ 1 റണ്‍സാണ് കോലിക്ക് നേടാനായത്. മുകേഷ് ചൗധരിയാണ് കോലിയെ മടക്കിയത്. കോലിയെ കുടുക്കാന്‍ സിഎസ്‌കെയുടെ തല എംഎസ് ധോണിയൊരുക്കിയ തന്ത്രത്തില്‍ സൂപ്പര്‍ താരം കൃത്യമായി വീണു. ഇത്രയും വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഈ രണ്ട് പേരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കും. എന്നാല്‍ രണ്ട് പേര്‍ക്കും തിളങ്ങാനാവാത്തത് ടീമിനെ തോല്‍വിയിലേക്ക് തള്ളിവിട്ടു.

ഫഫിനും അനൂജിനും പവര്‍പ്ലേ തകര്‍ത്തടിക്കാന്‍ സാധിക്കാത്തതാണ് ഇത്തവണ ആര്‍സിബി നേരിടുന്ന പ്രധാന പ്രശ്‌നമെന്നാണ് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് പേരും നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്തുകളെടുക്കുമ്പോള്‍ പവര്‍പ്ലേയില്‍ പ്രതീക്ഷക്കൊത്ത് റണ്‍സുയരുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഫഫ് ഇപ്പോള്‍ പാടുന്നത് 'ഞങ്ങള്‍ ചെന്നൈ ബോയ്‌സ്' എന്ന പാട്ടായിരിക്കും എന്നാണ് ഒരു ആരാധകന്റെ പരിഹാസം. മത്സരശേഷം ഫഫിന് സിഎസ്‌കെ ഡ്രസിങ് റൂമില്‍ സ്വീകരണം ഉണ്ടാവുമെന്നാണ് മറ്റൊരാളുടെ പരിഹാസം.
എല്ലായ്‌പ്പോഴും ദിനേഷ് കാര്‍ത്തിക് ടീമിനെ വിജയത്തിലേക്കെത്തിക്കാനാവില്ല. അതിന് പിന്തുണ അത്യാവശ്യമാണ്. ഇന്നത്തെ തോല്‍വിക്ക് കാരണം ഫഫും കോലിയുമാണെന്നാണ് മറ്റൊരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ ഡുപ്ലെസിസ് വലിയ പരാജയമാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അവസാന സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം നടത്തിയ ബാറ്റിങ് വെടിക്കെട്ട് ഇത്തവണ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ഇത് ആര്‍സിബി ആരാധകരെ നിരാശപ്പെടുത്തുന്നു.

സിഎസ്‌കെയോടുള്ള കടപ്പാട് ഡുപ്ലെസിസ് കാട്ടുകയാണെന്നാണ് കൂടുതല്‍ ആരാധകരും വിമര്‍ശിച്ചിരിക്കുന്നത്. സീസണിലെ ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയിട്ടും ജയിക്കാന്‍ യാതൊരു താല്‍പ്പര്യവുമില്ലാത്ത പോലെയാണ് ഡുപ്ലെസിസും കോലിയും ബാറ്റ് ചെയ്തതെന്നാണ് ആരാധക വിമര്‍ശനം. കോലിയും ഫാഫും ധോണിയോട് കടപ്പാട് തീര്‍ത്തുവെന്നും ചിലര്‍ പറയുന്നു. കൂടുതലാളുകളും ഫഫ് സിഎസ്‌കെയോട് നന്ദി കാട്ടിയെന്ന തരത്തിലാണ് വിമര്‍ശിച്ചത്.
എന്തായാലും ഇവരിലൊരാള്‍ കൂടി തിളങ്ങിയിരുന്നെങ്കില്‍ വിജയത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമായിരുന്നു. മാക്‌സ് വെല്ലിനും വലിയ സ്‌കോര്‍ നേടാനായില്ല. ടോപ് ഓഡറിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്തേണ്ടത് വരുന്ന മത്സരങ്ങളില്‍ ആര്‍സിബിക്ക് വളരെ പ്രധാനപ്പെട്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications