
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് വെടിക്കെട്ട് ബാറ്റ്സ്മാന് ഗ്ലെന് മാക്സ് വെല്ലിന്റെ പേടി സ്വപ്നമാരാണെന്ന് ചോദിച്ചാല് രവീന്ദ്ര ജഡേജയെന്ന് നമുക്ക് പറയാം. സിഎസ്കെ-ആര്സിബി പോരാട്ടത്തില് ഗ്ലെന് മാക്സ് വെല്ലിനെ ക്ലീന് ബൗള്ഡാക്കി ജഡേജ ഈ റെക്കോഡ് ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. നിലവില് മാക്സ് വെല്ലിനെ ഐപിഎല്ലില് കൂടുതല് തവണ പുറത്താക്കുന്ന ബൗളറെന്ന റെക്കോഡ് ജഡേജയുടെ പേരിലാണ്. ആറ് തവണയാണ് ജഡേജ മാക്സ് വെല്ലിനെ ഇതുവരെ പുറത്താക്കിയത്.
അഞ്ച് തവണ വീതം മാക്സ് വെല്ലിനെ പുറത്താക്കിയ ജസ്പ്രീത് ബുംറയേയും അമിത് മിശ്രയേയും മറികടന്നാണ് ജഡേജ നിലവില് തലപ്പത്തേക്കെത്തിയത്. ആര്സിബി മുംബൈ മത്സരം ഇനിയും നടക്കാനിരിക്കെ മാക്സ് വെല്ലിനെ മടക്കി ജഡേജക്കൊപ്പമെത്താന് ബുംറക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. യുസ് വേന്ദ്ര ചഹാല്, പീയൂഷ് ചൗള, സുനില് നരെയ്ന്, ഉമേഷ് യാദവ് എന്നിവര് മൂന്ന് തവണ വീതവും മാക്സ് വെല്ലിനെ പുറത്താക്കിയിട്ടുണ്ട്.

കൂടാതെ ആര്സിബിക്കെതിരേ കൂടുതല് ഐപിഎല് വിക്കറ്റെന്ന റെക്കോഡില് ജസ്പ്രീത് ബുംറയെ മറികടക്കാനും ജഡേജക്ക് സാധിച്ചു. അവസാന മത്സരത്തില് ആര്സിബിയുടെ മൂന്ന് വിക്കറ്റുകളാണ് ജഡ്ഡു പിഴുതത്. ഇതോടെ ആര്സിബിക്കെതിരേ ജഡേജയുടെ വിക്കറ്റുകളുടെ എണ്ണം 26 ആയി. 24 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ആശിഷ് നെഹ്റ (23), സന്ദീപ് ശര്മ (23), ഹര്ഭജന് സിങ് (23) എന്നിവരാണ് ഈ പട്ടികയില് മുന്നിലുള്ള മറ്റുള്ളവര്.

ഇത്തവണ സിഎസ്കെയുടെ നായകനായെത്തിയ ജഡേജ ആദ്യ മൂന്ന് മത്സരങ്ങളിലും ടീമിനെ നിരാശപ്പെടുത്തി. മൂന്ന് മത്സരത്തിലും ടീം തോറ്റു. ജഡേജക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനായില്ല. അവസാന മത്സരത്തില് ആര്സിബിക്കെതിരേ ഗോള്ഡന് ഡെക്കായെങ്കിലും പന്തുകൊണ്ട് ഈ ക്ഷീണം മാറ്റാന് ജഡേജക്ക് സാധിച്ചു. ഇനിയുള്ള മത്സരങ്ങളില് ജയം തുടരാന് സിഎസ്കെയ്ക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മൂന്ന് മത്സരവും തോറ്റപ്പോള് വിമര്ശിച്ചവരെക്കൊണ്ട് കൈയടിപ്പിക്കാന് ജഡേജക്ക് വരുന്ന മത്സരങ്ങളിലൂടെ സാധിക്കുമോയെന്നത് കണ്ടറിയണം.

കൂടാതെ മറ്റ് ചില റെക്കോഡുകളും സിഎസ്കെ സ്വന്തം പേരിലാക്കി. കൂടുതല് തവണ 200ന് മുകളില് ടോട്ടല് എന്ന റെക്കോഡില് ആര്സിബിക്കൊപ്പമാണ് സിഎസ്കെ. രണ്ട് ടീമും 21 തവണയാണ് ഈ നേട്ടത്തിലെത്തിയത്. കൂടാതെ ഒരു ടീമിനെതിരേ കൂടുതല് ജയമെന്ന റെക്കോഡില് മൂന്നാം സ്ഥാനത്തേക്കെത്താനും സിഎസ്കെയ്ക്കായി. ആര്സിബിക്കെതിരേ സിഎസ്കെയുടെ 19ാം ജയമാണിത്. 22 തവണ കെകെആറിനെ തോല്പ്പിച്ച മുംബൈ ഇന്ത്യന്സാണ് ഈ റെക്കോഡില് തലപ്പത്ത്.