IPL 2022: 'സഞ്ജുവിന് സാധിക്കാത്തതാണ് പാട്ടീധാര്‍ നടത്തിക്കാട്ടിയത്', പ്രശംസിച്ച് ഹെയ്ഡന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് പുറത്തേക്കുള്ള വഴി കാട്ടി ആര്‍സിബി രണ്ടാം ക്വാളിഫയര്‍ യോഗ്യത നേടിയിരിക്കുകയാണ്. റണ്ണൊഴുക്ക് കണ്ട മത്സരത്തില്‍ 14 റണ്‍സിന് ജയിച്ചാണ് ആര്‍സിബി ക്വാളിഫയര്‍ സീറ്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തപ്പോള്‍ ലഖ്‌നൗ ആറ് വിക്കറ്റിന് 193 റണ്‍സാണ് നേടിയത്. ആര്‍സിബിയുടെ പ്രമുഖരായ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാ ആര്‍സിബിക്കായി നിറം മങ്ങിയപ്പോള്‍ രജത് പാട്ടീധാറിന്റെ (112) സെഞ്ച്വറി പ്രകടനമാണ് ടീമിന് കരുത്തായത്.
49 പന്തില്‍ സെഞ്ച്വറി തികച്ച് പ്ലേ ഓഫിലെ വേഗ സെഞ്ച്വറിക്കാരനാവാനും പാട്ടിധാറിനായി. അണ്‍ക്യാപ്പഡ് താരത്തിന്റെ മിന്നും പ്രകടനം എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. പ്രമുഖരെല്ലാം യുവതാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് സാധിക്കാതെ പോയതാണ് ആര്‍സിബിക്കായി പാട്ടീധാര്‍ നടത്തിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് വെടിക്കെട്ട് ഓപ്പണറും കമന്റേറ്ററുമായ മാത്യു ഹെയ്ഡന്‍.

'സഞ്ജു സാംസണിന് ചെയ്യാന്‍ സാധിക്കാതെ പോയതാണ് രജത് പാട്ടീധാര്‍ ചെയ്തിരിക്കുന്നത്. ഇത് അവന്റെ രാത്രിയാണ്. ഓഫ് സൈഡിലും ലെഗ് സൈഡിലും മനോഹരമായ ഷോട്ടുകള്‍ അവന്‍ കളിച്ചു. സൂപ്പര്‍ ഇന്നിങ്‌സ്'- മത്സര ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഹെയ്ഡന്‍ പറഞ്ഞു. ആര്‍സിബിയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തിയതോടെ ടീം സമ്മര്‍ദ്ദത്തിലേക്ക് പോകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചാണ് പാട്ടീധാര്‍ കളം നിറഞ്ഞ് കളിച്ചത്.
എന്നാല്‍ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിരുന്നു. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ 26 പന്തില്‍ 47 റണ്‍സ് നേടി കൈയടി നേടിയെങ്കിലും മാച്ച് വിന്നിങ് ഇന്നിങ്‌സ് എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം. എന്നാല്‍ ആര്‍സിബിക്കായി പാട്ടീധാര്‍ കളിച്ചപോലൊരു വലിയ ഇന്നിങ്‌സ് കളിക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി.

ഇത്തവണ രാജസ്ഥാന്‍ നായകനായി ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം ബാറ്റുകൊണ്ട് കാഴ്ചവെച്ചത്. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തില്‍ വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ബാറ്റുകൊണ്ട് വിശ്വസ്തനെന്ന് വിളിക്കാവുന്ന നിലയിലേക്ക് അദ്ദേഹത്തിന് എത്താനായിട്ടില്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുണ്ടെങ്കിലും സ്ഥിരതയാണ് പ്രശ്‌നം. അതുകൊണ്ടാണ് സഞ്ജുവിന് ദേശീയ ടീം സീറ്റും നിഷേധിക്കപ്പെടുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിച്ചിട്ടില്ല.

ലഖ്‌നൗവിനെതിരായ സെഞ്ച്വറി പ്രകടനത്തോടെ പാട്ടീധാര്‍ താരമായിരിക്കുകയാണ്. ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായ താരത്തെ പകരക്കാരന്റെ റോളിലാണ് ആര്‍സിബി ടീമിലെത്തിച്ചത്. എന്നാല്‍ ഇത്രയും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കുമെന്ന് ആര്‍സിബി പോലും പ്രതീക്ഷിച്ചില്ല. ഐപിഎല്ലിന്റെ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ക്യാപ്പഡ് താരമാണ് പാട്ടീധാര്‍. കൂടാതെ 49 പന്തില്‍ സെഞ്ച്വറി നേടിയതോടെ ഐപിഎല്‍ പ്ലേ ഓഫിലെ വേഗ സെഞ്ച്വറിക്കാരനാവാനും പാട്ടിധാറിന് സാധിച്ചു.
രണ്ടാം ക്വാളിഫയറിലേക്കെത്തുമ്പോഴും ആര്‍സിബിക്ക് വലിയ പ്രതീക്ഷയാണ് പാട്ടീധാര്‍ നല്‍കുന്നത്. വെടിക്കെട്ട് പ്രകടനം നടത്തിയ യുവതാരത്തെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗും മൈക്കല്‍ വോണും ഇര്‍ഫാന്‍ പഠാനുമെല്ലാം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത്തവണ കന്നി കിരീടം മോഹിക്കുന്ന ആര്‍സിബിക്ക് രാജസ്ഥാന്‍ കടമ്പയും കടന്ന് ഫൈനല്‍ ടിക്കറ്റെടുക്കാനാവുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications