
1994 നവംബര്‍ 11ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സഞ്ജു ജനിച്ചത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് താല്‍പര്യം കാട്ടിയ സഞ്ജു 18ാം വയസില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. 19ാം വയസില്‍ ഐപിഎല്ലിലും അരങ്ങേറ്റം കുറിച്ച സഞ്ജുവിന് പിന്നോടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. സ്‌കൂള്‍ ജീവിതം ഡല്‍ഹിയിലെ റോസാരി സീനിയര്‍ സെക്കണ്ടറിയില്‍ പൂര്‍ത്തിയാക്കിയ സഞ്ജു ബിരുദം പൂര്‍ത്തിയാക്കിയത് തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിലാണ്.
2011ലാണ് സഞ്ജു ആദ്യമായിട്ട് ഐപിഎല്ലിലേക്കെത്തുന്നത്. കെകെആര്‍ എട്ട് ലക്ഷം രൂപക്കാണ് സഞ്ജുവിനെ സ്വന്തമാക്കിയത്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 2012ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയപ്പോള്‍ 10 ലക്ഷമായിരുന്നു പ്രതിഫലം. പിന്നീട് നാല് കോടി പ്രതിഫലം ലഭിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയപ്പോള്‍ 4.2 കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ 2018ല്‍ എട്ട് കോടിക്കായിരുന്നു രാജസ്ഥാന്‍ സഞ്ജുവിനെ തിരികെ എത്തിച്ചത്. പിന്നീട് 14 കോടിയായി സഞ്ജുവിന്റെ പ്രതിഫലം ഉയര്‍ന്നു.

ഏകദേശം 64 കോടിയാണ് സഞ്ജുവിന്റെ നിലവിലെ ആസ്തി. അത്യാഡഭംരങ്ങളോട് താല്‍പര്യമില്ലാത്ത സഞ്ജു പൊതുവേദികളിലടക്കം സാധാരണ ശൈലി തന്നെയാണ് പിന്തുടരുന്നത്. സഞ്ജുവിന്റെ വെടിക്കെട്ട് ശൈലിയെ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്. അതുകൊണ്ട് തന്നെ സഞ്ജു ഇപ്പോള്‍ നിരവധി പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ട്. വാഹനങ്ങളോട് കമ്പമുള്ള സഞ്ജുവിന്റെ കൈയില്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് മോഡല്‍ വാഹനമുണ്ട്. ബിഎംഡബ്ല്യുവിന്റെ കാറും സഞ്ജുവിനുണ്ട്.

കോളജില്‍ വെച്ച് പ്രണയത്തിലായ ചാരുലതയുമായി 2018ല്‍ സഞ്ജുവിന്റെ വിവാഹവും കഴിഞ്ഞു. ഇന്ത്യന്‍ ടീമിനൊപ്പം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയില്ലെങ്കിലും ഹേറ്റേഴ്‌സില്ലാത്ത താരമാണ് സഞ്ജു. ഇനിയും ഒരുപാട് നേട്ടങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്ന് ഉറപ്പ്. ഒരു ഏകദിനത്തില്‍ നിന്ന് 46 റണ്‍സും 13 ടി20യില്‍ നിന്ന് 174 റണ്‍സും 127 ഐപിഎല്ലില്‍ നിന്ന് 3223 റണ്‍സുമാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയും അദ്ദേഹം നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാട്ടാനാവാത്ത സഞ്ജു വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നു.

ഇത്തവണ രാജസ്ഥാന്‍ നായകനായി സഞ്ജു തിളങ്ങുന്നു. ആറ് മത്സരത്തില്‍ നിന്ന് നാല് ജയം ടീമിന് നേടിക്കൊടുക്കാന്‍ സഞ്ജുവിനായി. ഇത്തവണ മികച്ച ടീം കരുത്തുള്ള രാജസ്ഥാന്‍ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ്. ഒരു മലയാളിക്ക് നായകനായി ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ നമുക്ക് കാണാം.


Click it and Unblock the Notifications
